ഇന്ത്യൻ ടീമിനൊപ്പമുള്ള എല്ലാ യാത്രകളിലും കോലി ഭാര്യ അനുഷ്ക ശർമ്മയെ ഒപ്പം കൂട്ടാറുണ്ട്. അടുത്ത മാസം ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരമ്പര രണ്ടുമാസം നീണ്ടുനിൽക്കുന്നതാണ്. ഈ പശ്ചാത്തലത്തിലാണ് കോലിയുടെ വിരമിക്കൽ പ്രഖ്യാപനമെന്നാണ് റിപ്പോർട്ട്.

മുംബൈ: വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ കാരണം ബിസിസിഐയുമായുള്ള അഭിപ്രായ ഭിന്നതയെന്ന് റിപ്പോർട്ട്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തോൽവിക്ക് പിന്നാലെ ബിസിസിഐ താരങ്ങൾക്ക് പെരുമാറ്റച്ചട്ടം ഏർപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് 45 ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന പരമ്പരകളിൽ മാത്രമേ താരങ്ങൾക്ക് പങ്കാളിയെയും മക്കളേയും ഒപ്പംനിർത്താൻ കഴിയൂ. അതും രണ്ടാഴ്ച മാത്രം.

ഇതോടൊപ്പം മറ്റ് യാത്രാ നിയന്ത്രണങ്ങളുമുണ്ട്. ബിസിസിഐയുടെ ഈ നിയന്ത്രണത്തിൽ കോലി അതൃപ്തനാണ്. ഇന്ത്യൻ ടീമിനൊപ്പമുള്ള എല്ലാ യാത്രകളിലും കോലി ഭാര്യ അനുഷ്ക ശർമ്മയെ ഒപ്പം കൂട്ടാറുണ്ട്. അടുത്ത മാസം ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരമ്പര രണ്ടുമാസം നീണ്ടുനിൽക്കുന്നതാണ്. ഈ പശ്ചാത്തലത്തിലാണ് കോലിയുടെ വിരമിക്കൽ പ്രഖ്യാപനമെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ വര്‍ഷം ഇന്ത്യൻ ടീമിന്‍റെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഒരു താരം കുട്ടികളെ നോക്കാനായി ഭാര്യയുടെ മുത്തശ്ശിയും സുരക്ഷാ ഉദ്യോഗസ്ഥനെയും ബിസിസിഐ ചെലവില്‍ കൊണ്ടുവന്നുവെന്നും ഇത് വിരാട് കോലിയാണെന്നും ആരോപണമുണ്ടായിരുന്നു. ഇതിന് പുറമെ ചില താരങ്ങള്‍ ടീമിനൊപ്പമല്ല കുടുംബത്തോടൊപ്പം വേറെ ഹോട്ടലിലാണ് താമസിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതോടയാണ് ഓസ്ട്രേലിയന്‍ പരമ്പരക്ക് ശേഷം ബിസിസിഐ കളിക്കാര്‍ക്ക് പത്തിന പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

ഇക്കാര്യത്തില്‍ സീനിയര്‍ താരങ്ങള്‍ക്ക് പ്രത്യേക ഇളവ് അനുവദിക്കാനാവില്ലെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഏതെങ്കിലും കളിക്കാരന് പ്രത്യേക ഇളവ് നല്‍കുകയാണെങ്കില്‍ കുടുംബത്തിന്‍റെ മുഴുവന്‍ ചെലവും ആ കളിക്കാര്‍ തന്നെ വഹിക്കേണ്ടിവരുമെന്നും ബിസിസിഐ വ്യക്തമാക്കിയിരുന്നു. പരമ്പരകളിലും ടൂര്‍ണമെന്‍റുകളിലും പങ്കെടുക്കുമ്പോള്‍ ടീം ഹോട്ടലില്‍ നിന്ന് ഗ്രൗണ്ടിലേക്കും പരിശീലന ഗ്രൗണ്ടിലേക്കുമെല്ലാം കളിക്കാര്‍ ടീം ബസില്‍ തന്നെ യാത്ര ചെയ്യണമെന്നും സ്വകാര്യ വാഹഹനങ്ങളിലോ കുടുംബത്തോടൊപ്പമോ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും ബിസിസിഐ പെരുമാറ്റച്ചട്ടത്തില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ വിരാട് കോലി ക്യാപ്റ്റൻ സ്ഥാനം ആവശ്യപ്പെട്ടുവെന്നും ബിസിസിഐ ഇത് നിരസിച്ചതോടെയാണ് മുൻ നായകന്‍റെ മുപ്പത്തിയാറാം വയസ്സിലെ വിരമിക്കൽ പ്രഖ്യാപനമെന്നും റിപ്പോർട്ടുകളുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക