പരമ്പര വിജയികള്‍ക്കുള്ള ട്രോഫി സമ്മാനിക്കായി ബിസിസിഐ അപെക്സ് കൗണ്‍സില്‍ അംഗവും മുന്‍ ആന്ധ്ര താരവുമായ വി ചാമുണ്ഡേശ്വര്‍ നാഥിനെയാണ് സമ്മാനദാന ചടങ്ങില്‍ അവതാരകാനായ മുന്‍ താരം മുരളി കാര്‍ത്തിക് വേദിയിലേക്ക് ക്ഷണിച്ചത്.
വിശാഖപട്ടണം: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്‍റെ ആധികാരിക ജയവുമായി ഇന്ത്യ ഏകദിന പരമ്പര 2-1ന് സ്വന്തമാക്കിയതിനുശേഷം നടന്ന സമ്മാനദാനച്ചടങ്ങില്‍ കെ എല്‍ രാഹുലിന് ട്രോഫി സമ്മാനിച്ചിട്ടും ട്രോഫിയില്‍ നിന്ന് പിടിവിടാതിരുന്ന ബിസിസിഐ പ്രതിനിധിയെ നിര്‍ത്തിപ്പൊരിച്ച് ആരാധകര്‍. ഇന്നലെ മത്സരശേഷം നടന്ന സമ്മാനദാന ചടങ്ങിലായിരുന്നു ആരാധകര്‍ക്ക് ട്രോളിന് വഴിയൊരുക്കിയ സംഭവം.
പരമ്പര വിജയികള്‍ക്കുള്ള ട്രോഫി സമ്മാനിക്കായി ബിസിസിഐ അപെക്സ് കൗണ്‍സില്‍ അംഗവും മുന്‍ ആന്ധ്ര താരവുമായ വി ചാമുണ്ഡേശ്വര്‍ നാഥിനെയാണ് സമ്മാനദാന ചടങ്ങില്‍ അവതാരകാനായ മുന്‍ താരം മുരളി കാര്‍ത്തിക് വേദിയിലേക്ക് ക്ഷണിച്ചത്. വേദിയിലെത്തി രാഹുലിന് ട്രോഫി സമ്മാനിച്ച ചാമുണ്ഡേശ്വര്‍ നാഥ് സാധാരണഗതിയില്‍ എല്ലാവരും ചെയ്യുന്നതുപോലെ ഏതാനും സെക്കന്‍ഡുകള്‍ ഫോട്ടോക്കായി പോസ് ചെയ്തു. അതുവരെ വളരെ സ്വാഭാവികമായിരുന്നു. എന്നാല്‍ ഫോട്ടോക്ക് പോസ് ചെയ്തശേഷം ട്രോഫിയുമായി ടീം അംഗങ്ങള്‍ക്ക് അടുത്തേക്ക് രാഹുല്‍ പോകാനൊരുങ്ങുമ്പോഴും ചാമുണ്ഡേശ്വര്‍ നാഥ് ട്രോഫിയിലെ പിടി വിടാഞ്ഞതാണ് ആരാധകരുടെ പരിഹാസത്തിന് കാരണമായത്.
രാഹുലിനൊപ്പം ട്രോഫിയില്‍ പിടിച്ച് നടക്കാനൊരുങ്ങിയ ചാമുണ്ഡേശ്വര്‍ നാഥ് രണ്ടടി മുന്നോട്ടുവെച്ചശേഷമാണ് ട്രോഫിയിലെ പിടിവിട്ടത്. രാഹുല്‍ പക്ഷെ ആ നിമിഷം തന്‍മയത്വത്തോടെ കൈകാര്യം ചെയ്തെങ്കിലും ആരാധകര്‍ അത് നോക്കിവെച്ചിരുന്നു. ട്രോഫി സ്വീകരിച്ചശേഷം അത് ടീമിലെ യുവതാരമായ യശസ്വി ജയ്സ്വാളിന് കൈമാറിയശേഷമാണ് രാഹുലും ടീം അംഗങ്ങളും ഫോട്ടോക്കായി പോസ് ചെയ്തത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 270 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 271 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 39.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തിലാണ് മറികടന്നത്. ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ അപരാജിത സെഞ്ചുറി നേടിയപ്പോള്‍ രോഹിത്തും കോലിയും അര്‍ധസെഞ്ചുറികള്‍ നേടി.


