ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമില്‍ നിന്ന് യശസ്വി ജയ്സ്വാളിനെയും ശ്രേയസ് അയ്യരെയും ഒഴിവാക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യൻ മുന്‍ താരം ആര്‍ അശ്വിന്‍. 

ചെന്നൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് ഓപ്പണര്‍ യശസ്വി ജയ്സ്വളിനെയും ശ്രേയസ് അയ്യരെയും പരിഗണിക്കാതിരുന്ന സെലക്ടര്‍മാരുടെ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യൻ മുന്‍ താരം ആര്‍ അശ്വിന്‍. ജയ്സ്വാളിനെയും ശ്രേയസിനെയും പോലെ എന്ത് റിസ്ക് എടുത്തും ടീമിനുവേണ്ടി കളിക്കുന്ന താരങ്ങള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും ഇങ്ങനെ കളിക്കുന്നതുകൊണ്ട് കാര്യമില്ലാത്തതിനാല്‍ അടുത്ത തവണ മുതല്‍ അവര്‍ സ്വാര്‍ത്ഥരായി കളിക്കാന്‍ അവര്‍ തീരുമാനിച്ചേക്കാമെന്നും അശ്വിന്‍ യുട്യൂബ് ചാനലില്‍ പറഞ്ഞു.

കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ബാക്ക് അപ്പ് ഓപ്പണറായിരുന്നു ജയ്സ്വാള്‍. എന്നാല്‍ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ സെലക്ടര്‍മാർ ഇന്നലെ തെരഞ്ഞെടുത്തപ്പോൾ ജയ്സ്വാളിന് പകരം ശുഭ്മാന്‍ ഗില്ലാണ് അഭിഷേക് ശര്‍മക്കും സഞ്ജു സാംസണുമൊപ്പം മൂന്നാം ഓപ്പണറായി ടീമിലെത്തിയത്. ഓപ്പണറാക്കി ടീമിലെടുത്തുവെന്ന് മാത്രമല്ല വൈസ് ക്യാപ്റ്റനായി ഉയർത്തി ഗില്‍ പ്ലേയിംഗ് ഇലവനില്‍ ഉണ്ടാകുമെന്ന് സെലക്ടര്‍മാര്‍ ഉറപ്പാക്കുകയും ചെയ്തു.

ഗില്ലിനെ ഓപ്പണറും വൈസ് ക്യാപ്റ്റനും ആക്കിയതോടെ ജയ്സ്വാളിന് ഇനി ടീമില്‍ തിരിച്ചെത്താന്‍ ഒരേയൊരു ഒഴിവ് മാത്രമാണുള്ളതെന്ന് അശ്വിന്‍ പറഞ്ഞു. അത് അഭിഷേക് ശര്‍മയുടെ ഓപ്പണര്‍ സ്ഥാനമാണ്. അല്ലെങ്കില്‍ ഇനി ഇന്ത്യൻ ടീമിലെത്തണമെങ്കില്‍ ഐപിഎല്ലില്‍ അടക്കം ജയ്സ്വാള്‍ മധ്യനിരയിലേക്ക് മാറേണ്ടിവരും. ഇത്രയും പ്രതിഭയുള്ള ഒറു താരത്തോട് ചെയ്യുന്ന നീതികേടാവും അത്. ഓപ്പണറായി 36 റണ്‍സ് ശരാശരിയും 165 സ്ട്രൈക്ക് റേറ്റുമുള്ള കളിക്കാരനാണ് ജയ്സ്വാള്‍. അവനെപ്പോലുള്ള കളിക്കാരെ കണ്ടുകിട്ടുക അപൂര്‍വമാണ്. അവനൊരിക്കലും അവന്‍റെ വ്യക്തിഗത സ്കോറും ശരാശരിയും ഉയര്‍ത്താനായി കളിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല, എന്നാല്‍ മറ്റ് ചില ബാറ്റര്‍മാരൊക്കെ അങ്ങനെ ചെയ്യുന്നത് കണ്ടിട്ടുണ്ട്.

ശ്രേയസും ജയ്സ്വാളിനെപ്പോലെ ടീമിനുവേണ്ടി മാത്രം കളിക്കുന്ന താരമാണ്. സ്വന്തം സ്ട്രൈക്ക് റേറ്റോ ശരാശരിയോ ഉയര്‍ത്താനായി മാത്രം കളിക്കുന്നവരെപ്പോലയല്ല ഇവര്‍ രണ്ടുപേരും. ഇത്തരം കളിക്കാരെ വളരെ അപൂര്‍വമായെ ടീമിന് ലഭിക്കു. ജയ്സ്വാളിന്‍റെയും ശ്രേയസിന്‍റെയും സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ഇനി മുതല്‍ കൂടുതല്‍ സ്വാര്‍ത്ഥനായി കളിക്കും. കാരണം, ടീമിലെ എന്‍റെ സ്ഥാനം സുരക്ഷിതമാക്കാന്‍ അതാണ് നല്ലതെന്ന് ചിന്തിച്ചാല്‍ എങ്ങനെയാണ് തെറ്റ് പറയാനാവുക. ടി20 ക്രിക്കറ്റില്‍ അങ്ങനെ കളിക്കേണ്ടിവരുന്നത് തികച്ചും നിര്‍ഭാഗ്യകരമാണെന്നും അശ്വിന്‍ പറഞ്ഞു.

ലഭിച്ച അവസരങ്ങളിലൊന്നും ടീമിനെ നിരാശപ്പെടുത്താത്ത കളിക്കാരനാണ് ജയ്സ്വാള്‍. ടെസ്റ്റില്‍ ഓപ്പണറാക്കിയപ്പോള്‍ അവന്‍ സമീപകാലത്ത് ഇന്ത്യക്ക് ലഭിച്ച ഏറ്റവും മികച്ച ഓപ്പണറായി വളര്‍ന്നു. അതുപോലെ ഏത് ഫോര്‍മാറ്റില്‍ കളിപ്പിച്ചാലും അവന്‍ ഇതുവരെ നിരാശപ്പെടുത്തിയിട്ടില്ല. കിട്ടുന്ന അവസരങ്ങളിലെല്ലാം മികവ് കാട്ടിയിട്ടും അവന് ടീമില്‍ ഇടമില്ല. ഇതില്‍ക്കൂടുതല്‍ അവനെന്താണ് ചെയ്യാനാകുക. ഭാവിയിലെങ്കിലും അവന് ഇന്ത്യൻ ടീമില്‍ അവസരം കിട്ടുമെന്ന് പ്രതീക്ഷിക്കാമെന്നും അശ്വിന്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക