അപകടകാരിയായ ഫിൽ സാൾട്ടിന്റെ (16) വിക്കറ്റാണ് ബെംഗളൂരുവിന് നഷ്ടമായത്.
അഹമ്മദാബാദ്: ഐപിഎൽ കലാശപ്പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് മികച്ച തുടക്കം. പവര്‍ പ്ലേ പൂര്‍ത്തിയാകുമ്പോൾ ബെംഗളൂരു ഒരു വിക്കറ്റ് നഷ്ടത്തിൽ 55 റൺസ് എന്ന നിലയിലാണ്. 13 റൺസുമായി വിരാട് കോലിയും 24 റൺസുമായി മായങ്ക് അഗര്‍വാളുമാണ് ക്രീസിൽ. ഫിൽ സാൾട്ടിന്റെ വിക്കറ്റാണ് ബെംഗളൂരുവിന് നഷ്ടമായത്.
ആദ്യ ഓവറിൽ തന്നെ അര്‍ഷ്ദീപ് സിംഗിനെ ഫിൽ സാൾട്ട് കടന്നാക്രമിച്ചു. മൂന്നാം പന്തിൽ തന്നെ ലോംഗ് ലെഗിന് മുകളിലൂടെ സിക്സര്‍. അഞ്ചാം പന്തിൽ സാൾട്ട് ഫൈൻ ലെഗിലൂടെ ബൗണ്ടറി കൂടി നേടി. ഇതോടെ ആദ്യ ഓവറിൽ തന്നെ 13 റൺസ് പിറന്നു. രണ്ടാം ഓവറിന്റെ രണ്ടാം പന്തിൽ തന്നെ കൈൽ ജാമിസണിനെതിരെയും സാൾട്ട് ബൗണ്ടറി നേടി. എന്നാൽ നാലാം പന്തിൽ പഞ്ചാബ് കാത്തിരുന്ന നിമിഷമെത്തി. കൂറ്റനടിക്ക് ശ്രമിച്ച സാൾട്ടിന് പിഴച്ചു. നായകൻ ശ്രേയസ് അയ്യരുടെ മികച്ച ക്യാച്ചിൽ സാൾട്ട് പുറത്ത്. 9 പന്തുകൾ നേരിട്ട സാൾട്ട് 16 റൺസുമായാണ് മടങ്ങിയത്. വെറും 6 റൺസ് മാത്രമാണ് ജാമിസൺ വഴങ്ങിയത്. മൂന്നാം ഓവറിൽ ആദ്യ 5 പന്തുകൾ മനോഹരമായ രീതിയിൽ പന്തെറിഞ്ഞെങ്കിലും ആറാം പന്തിൽ മായങ്ക് അഗര്‍വാൾ സിക്സര്‍ പറത്തിയതോടെ 3 ഓവറുകൾ പൂര്‍ത്തിയായപ്പോൾ ടീം സ്കോര്‍ ഒരു വിക്കറ്റ് നഷ്ടത്തിൽ 30 റൺസ്.
നാലാം ഓവറിൽ ജാമിസണെതിരെ ആദ്യ പന്തിൽ കോലിയും മൂന്നാം പന്തിൽ മായങ്കും ബൗണ്ടറി നേടി. ഈ ഓവറിൽ 9 റൺസ് നേടാൻ ബെംഗളൂരുവിന്റെ ബാറ്റര്‍മാര്‍ക്ക് കഴിഞ്ഞു. അഞ്ചാം ഓവറിൽ ശ്രേയസിന്റെ ബൗളംഗ് പരീക്ഷണം. അര്‍ഷ്ദീപ് സിംഗിനെ പിൻവലിച്ച് അസ്മത്തുള്ള ഒമര്‍സായിയെ ശ്രേയസ് പന്തേൽപ്പിച്ചു. മികച്ച ലൈനും ലെംഗ്തും കാത്തുസൂക്ഷിച്ച അസ്മത്തുള്ള ഒമര്‍സായി ഒരു ബൗണ്ടറി പോലും വഴങ്ങിയില്ല. 7 റൺസ് മാത്രമാണ് ബെംഗളൂരുവിന് നേടാനായത്. ആറാം ഓവറിൽ വൈശാഖ് വിജയ്കുമാറാണ് പന്തെറിയാനെത്തിയത്. നാലാം പന്തിൽ മായങ്കിന്റെ വക ബൗണ്ടറിയെത്തിയതോടെ ടീം സ്കോര്‍ 55ലെത്തി.


