ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു.

ലണ്ടൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ നിര്‍ണായക ടോസ് ജയിച്ച ദക്ഷിണാഫ്രിക്ക ഫീല്‍ഡിംഗ് തെര‍ഞ്ഞെടുത്തു. ലോര്‍‍‍ഡ്സില്‍ മൂടിക്കെട്ടിയ അന്തരീക്ഷമായതിനാലാണ് ടോസ് നേടിയിട്ടും ഫീല്‍ഡിംഗ് തെരഞ്ഞെടുത്തതെന്ന് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബാ ബാവുമ പറഞ്ഞു. ആദ്യം ബാറ്റ് ചെയ്യുന്നതില്‍ സന്തോഷമേയുള്ളൂവെന്ന് ടോസ് നഷ്ടമായശേഷം ഓസീസ് നായകന്‍ പാറ്റ് കമിന്‍സ് പറഞ്ഞു.

മത്സരത്തിനുള്ള പ്ലേയിംഗ് ഇലവനെ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഇന്നലെ തന്നെ പ്രഖ്യാപിച്ചിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്കയുടെ ആദ്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലാണിത്. 27 വര്‍ഷത്തിനുശേഷം ആദ്യ ഐസിസി കിരീടമാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യമിടുന്നത്.

മത്സരം സമനിലയാകുകയോ പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിക്കുകയോ ചെയ്താല്‍ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും. മഴ സാധ്യത കണക്കിലെടുത്ത് മത്സരത്തിന് ഒരു ദിവസം റിസര്‍വ് ദിനമുണ്ട്. മഴയോ പ്രതികൂല കാലാവസ്ഥയോ താരണം അഞ്ച് ദിവസത്തിനുള്ളില്‍ നിശ്ചിത ഓവറുകള്‍ പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ ആറാം ദിവസം മത്സരം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും.

ഓസ്ട്രേലിയ പ്ലേയിങ് ഇലവൻ: ഉസ്മാൻ ഖവാജ, മാർനസ് ലാബുഷെൻ, കാമറൂൺ ഗ്രീൻ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, ബ്യൂ വെബ്‌സ്റ്റർ, അലക്സ് ക്യാരി, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, ജോഷ് ഹേസൽവുഡ്.

ദക്ഷിണാഫ്രിക്കൻ പ്ലെയിങ് ഇലവൻ: ടെംബ ബാവുമ (ക്യാപ്റ്റൻ), ഏയ്ഡൻ മാർക്രം, റിയാൻ റിക്കിൾട്ടൺ, വിയാൻ മുൾഡർ, ട്രിസ്റ്റൻ സ്റ്റബ്‌സ്, ഡേവിഡ് ബെഡിംഗ്ഹാം, കൈൽ വെറിൻ, മാർക്കോ യാൻസെൻ, കേശവ് മഹാരാജ്, കഗിസോ റബാഡ, ലുങ്കി എൻഗിഡി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക