Asianet News MalayalamAsianet News Malayalam

ശിവരഞ്ജിത്തിനും നസീമിനും ഉപാധികളോടെ ജാമ്യം, യൂണിവേഴ്‍സിറ്റി കോളേജിൽ കടക്കരുത്

തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. യൂണിവേഴ്‍സിറ്റി കോളേജ് വളപ്പിലേക്ക് കയറരുതെന്നും ഇരുവർക്കുമുള്ള ജാമ്യത്തിന്‍റെ ഉപാധിയിലുണ്ട്. 

shivarenjith and naseem accused in university college stabbing case gets bail
Author
Thiruvananthapuram, First Published Sep 23, 2019, 6:34 PM IST

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികളും മുൻ എസ്എഫ്ഐ നേതാക്കളുമായ ശിവരഞ്ജിത്തിനും നസീമിനും ജാമ്യം. ഉപാധികളോടെയാണ് ഇരുവർക്കും തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. യൂണിവേഴ്‍സിറ്റി കോളേജിന്‍റെ വളപ്പിലേക്ക് പോലും കയറരുതെന്ന് ഇരുവർക്കുമുള്ള ജാമ്യത്തിനുള്ള വ്യവസ്ഥകളിൽ കോടതി പറയുന്നു.

ജൂലൈ ആദ്യവാരമാണ് യൂണിവേഴ്‍സിറ്റി കോളേജിൽ ബിരുദ വിദ്യാർത്ഥിയായ അഖിലിനെ ഒരു സംഘം എസ്എഫ്ഐ നേതാക്കൾ കുത്തിപ്പരിക്കേൽപിക്കുന്നത്. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണ് അഖിലിനെ കുത്തിയത്. യൂണിറ്റ് സെക്രട്ടറി നസീമിൽ നിന്ന് കത്തിവാങ്ങി ശിവരഞ്ജിത്ത് അഖിലിനെ കുത്തുകയായിരുന്നുവെന്നാണ് സാക്ഷികളായ വിദ്യാർത്ഥികൾ മൊഴി നൽകിയത്. കാന്‍റീനിൽ മുന്നിലിരുന്ന് പാട്ട് പാടിയതിനാണ് അഖിലിനെ ശിവരഞ്ജിത്ത് കുത്തിയത്.

ശിവരഞ്ജിത്തിനും നസീമിനും പുറമെ എസ്എഫ്ഐ നേതാക്കളായ അമർ, അദ്വൈദ്, ആദിൽ, ആരോമൽ, ഇബ്രാഹിം എന്നിവർക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. നെഞ്ചിലും മുതുകിലും കുത്തേറ്റ അഖിലിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചിന്‍റെ മധ്യഭാഗത്തായി ഏറ്റ കുത്തിനെ തുടര്‍ന്ന് ആന്തരിക രക്തസ്രാവമുണ്ടായതായി കണ്ടെത്തിയതിനാല്‍ അഖിലിനെ പിന്നീട് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കേണ്ടി വന്നു. ദിവസങ്ങളോളം അഖിലിന് ആശുപത്രിയിൽ കഴിയേണ്ടിയും വന്നു.

പിന്നീടാണ് നാടകീയമായ സംഭവവികാസങ്ങളുണ്ടായത്. പ്രതി ശിവരഞ്ജിത്തിന് സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയിൽ ഒന്നാം റാങ്കാണെന്ന വിവരം പുറത്തുവന്നു. സിവില്‍ പൊലീസ് ഓഫീസര്‍ കെഎപി നാലാം ബറ്റാലിയന്‍ (കാസര്‍ഗോഡ്) റാങ്ക് ലിസ്റ്റിലാണ് ശിവരഞ്ജിത്തിന് ഒന്നാം റാങ്ക് കിട്ടിയത്. 78.33 മാർക്കാണ് ശിവരഞ്ജിത്തിന് കിട്ടിയത്. സ്പോർട്സ് ക്വോട്ടയിലെ മാർക്ക് കൂടി കണക്കിലെടുത്തപ്പോൾ മാർക്ക് തൊണ്ണൂറിന് മുകളിലായി. ഒന്നാം റാങ്കും കിട്ടി. സ്പോര്‍ട്‍സ് വെയിറ്റേജായി 13.58 മാര്‍ക്കാണ് കിട്ടിയത്. ഇത് കൂടി ചേര്‍ത്തപ്പോള്‍ 91.9 മാര്‍ക്ക് കിട്ടി. 

രണ്ടാം പ്രതിയായ നസീം പൊലീസ് റാങ്ക് ലിസ്റ്റില്‍ 28-ാം റാങ്കുകാരനായിരുന്നു. 65.33 മാര്‍ക്കാണ് നസീമിന് ലഭിച്ചത്. ജൂലൈ ഒന്നിനാണ് റാങ്ക് ലിസ്റ്റ് പുറത്തുവന്നത്. 

Read More: പ്രതികളായ എസ്എഫ്ഐക്കാർ പിഎസ്‍സി റാങ്ക് ലിസ്റ്റിൽ വന്നതെങ്ങനെ? അന്വേഷിക്കാൻ പൊലീസ്

വിശദമായി അന്വേഷിച്ച സ്പെഷ്യൽ ബ്രാഞ്ച് പിന്നീട് ചെയ്തത് കന്‍റോണ്‍മെന്‍റ് എസ്ഐയുടെ നേതൃത്വത്തിൽ ശിവരഞ്ജിത്തിന്‍റെ ആറ്റുകാലിലെ വീട്ടില്‍ റെയ്‍ഡ് നടത്തുകയായിരുന്നു. സർവകലാശാലയുടെ ഉത്തരക്കടലാസും സീലുമടക്കം ഞെട്ടിക്കുന്ന വസ്തുക്കളാണ് ശിവരഞ്ജിത്തിന്‍റെ വീട്ടിൽ നിന്ന് കണ്ടെടുത്തത്. നാല് കെട്ട് ഉത്തരപേപ്പറുകളാണ് ശിവരഞ്ജിത്തിന്‍റെ വീട്ടില്‍ നിന്നും കണ്ടെത്തിയത്. ഒരു കെട്ടില്‍ പന്ത്രണ്ട് ആന്‍സര്‍ ഷീറ്റുകളുണ്ടായിരുന്നു. ഇതോടൊപ്പം ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറുടെ വ്യാജസീലും കണ്ടെത്തി. സ്പോർട്സ് ക്വോട്ടയിലെ മാർക്ക് വച്ചാണ് ശിവരഞ്ജിത്ത് പരീക്ഷയിൽ ഒന്നാംറാങ്കുകാരനായത്.

തുടർന്ന് ജൂലൈ 15-ാം തീയതിയോടെ തിരുവനന്തപുരം കേശവദാസപുരത്ത് വച്ച് ഇരുവരും പൊലീസിന്‍റെ പിടിയിലായി. കല്ലറയിലേക്ക് പോകാൻ ഓട്ടോയിൽ കേശവദാസപുരത്ത് എത്തിയപ്പോഴാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. ഇതിന് തലേന്ന് അർദ്ധരാത്രി പൊലീസ് യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലും സ്റ്റുഡന്റ്സ് സെന്ററിലും നടത്തിയ പരിശോധനയിൽ മാരകായുധങ്ങൾ കണ്ടെടുക്കുകയും ചെയ്തു. ഇരുമ്പുദണ്ഡുകൾ ഉൾപ്പെടെയാണ് കണ്ടെത്തിയത്. 

Read More: വീട്ടിൽ നിന്ന് ഉത്തരക്കടലാസ് പിടിച്ചതിന് ശിവരഞ്ജിത്തിന്‍റെ വിചിത്ര വാദം; വിശ്വസിക്കാതെ പൊലീസ്

ഇതിനിടെ ഇരുവർക്കും പരീക്ഷയ്ക്കിടെ മെസേജുകൾ വന്നിരുന്നെന്നും, ഉത്തരങ്ങൾ മെസ്സേജ് ആയി അയച്ചത് സഫീർ എന്ന ഒരു സുഹൃത്തും ഒരു കോൺസ്റ്റബിളും ചേർന്നാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. എസ്എപി ക്യാമ്പിലെ പൊലീസുകാരനായ പ്രണവാണ് ഇരുവർക്കും ഉത്തരങ്ങൾ അയച്ചു കൊടുത്തത്. പിഎസ്‍സി വിജിലന്‍സ് വിംഗാണ് ഇത് കണ്ടെത്തിയത്. തട്ടിപ്പിനായി പുതിയ നമ്പര്‍ എടുക്കാന്‍ ഔദ്യോഗിക നമ്പര്‍ കടയില്‍ നല്‍കിയതാണ് വഴിത്തിരിവായത്. 

Watch: എസ്എഫ്‌ഐ നേതാവിന് സന്ദേശമെത്തിയത് പൊലീസുകാരന്റെ ഫോണില്‍ നിന്ന്

പ്രതികൾക്ക് ഉത്തരങ്ങളയച്ച മൊബൈൽഫോണും സ്മാർട്ട് വാച്ചും മൂന്നാറിലെ നല്ല തണ്ണിയിൽ വച്ച് ഉപേക്ഷിച്ചെന്ന് പ്രണവും സഫീറും മൊഴി നൽകിയെങ്കിലും ക്രൈംബ്രാഞ്ച് അതെല്ലാം വീണ്ടെടുത്തു. 

Read More: പിഎസ്‍സി പരീക്ഷാ തട്ടിപ്പ്: ഫോൺ നശിപ്പിച്ചിട്ടും കോൾ രേഖകൾ വീണ്ടെടുത്ത് ക്രൈംബ്രാഞ്ച്

ഇതിനെല്ലാം ഇടയിലാണ് പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത്.

Follow Us:
Download App:
  • android
  • ios