ഇരുവരുടെയും ഭർത്താവ് സൗദി അറേബ്യയിലാണ് താമസിക്കുന്നത്.
ദില്ലി: തെക്കുകിഴക്കൻ ദില്ലിയിലെ ജാമിയ നഗറിലെ വീട്ടിൽ 40 വയസുകാരിയ സ്ത്രീ കുത്തേറ്റു മരിച്ച നിലയിൽ. സംഭവവുമായി ബന്ധപ്പെട്ട് സ്ത്രീയുടെ ഭർത്താവിന്റെ രണ്ടാം ഭാര്യ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കുത്തേറ്റ് മരിച്ച സ്ത്രീയുടെ ശരീരത്തിൽ ഒന്നിലധികം കുത്തേറ്റ പാടുകളുണ്ടായിരുന്നുവെന്നും ഇവർ ഇരുവരും ഒരേ ഫ്ലാറ്റിലാണ് താമസിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. തിങ്കളാഴ്ച്ച പുലർച്ചയോടെയാണ് സംഭവം.
ഇരുവരുടെയും ഭർത്താവ് സൗദി അറേബ്യയിലാണ് താമസിക്കുന്നത്. 14 ഉം, 13 ഉം, 6 ഉം വയസുള്ള ആൺമക്കളോടൊപ്പമാണ് രണ്ടാം ഭാര്യ ഈ ഫ്ലാറ്റിൽ താമസിച്ചിരുന്നത്. ഭർത്താവിന്റെ ആദ്യ ഭാര്യയുമായുണ്ടായ തർക്കങ്ങളും അരക്ഷിതാവസ്ഥയുമാണ് കൊലപാതകത്തിലേക്ക് ഇവരെ എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. വലിയ ഒരു തർക്കത്തിനു ശേഷമാണ് കൊലപാതകതത്തിൽ കലശിച്ചതെന്ന് മൂത്ത രണ്ട് ആൺകുട്ടികളും പൊലീസിനോട് മൊഴി നൽകി. കൊലപാതകത്തിൽ ഇവരുടെ പങ്കും പൊലീസ് അന്വേഷിച്ചു വരികയാണ്.
തിങ്കളാഴ്ച്ച പുലർച്ചെ 4.25 ഓടെ ജാമിയ നഗറിലെ ഒരു വീട്ടിൽ മോഷണവും അക്രമവും നടന്നതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. പൊലീസ് നാലാം നിലയിലെ ഫ്ലാറ്റിൽ എത്തിയപ്പോഴേക്കും കഴുത്തിലും വയറ്റിലും ഒന്നിലധികം കുത്തേറ്റ നിലയിൽ രക്തത്തിൽ വാർന്നു കിടക്കുന്ന നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അതേ സമയം പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിശോധിച്ചപ്പോൾ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടുമില്ല. ഗാർഹിക പ്രശ്‌നങ്ങളെച്ചൊല്ലി രണ്ട് സ്ത്രീകളും പതിവായി വഴക്കുണ്ടാക്കിയിരുന്നുവെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.


