Asianet News MalayalamAsianet News Malayalam

എന്താണ് സിബിന് സംഭവിക്കുന്നത്? അകത്തേക്കോ പുറത്തേക്കോ?

ഡോക്ടറോട് സംസാരിച്ചതില്‍ നിന്നും സിബിന് വിശ്രമം ആവശ്യമാണെന്ന് മനസിലാക്കുന്നുവെന്ന് ബിഗ് ബോസ്

bigg boss malayalam season 6 review will sibin quit the show or not
Author
First Published Apr 23, 2024, 4:01 PM IST

ഒരു സര്‍വൈവല്‍ ഷോ ആണ് യഥാര്‍ഥത്തില്‍ ബിഗ് ബോസ്. പുറംലോകവുമായി ബന്ധമൊന്നുമില്ലാതെ അടച്ചിടപ്പെട്ട ഒരു വലിയ വീട്ടില്‍ കൂടുതലും അപരിചിതരായ സഹമത്സരാര്‍ഥികള്‍ക്കൊപ്പം 14 ആഴ്ചകള്‍ വരെ തുടര്‍ച്ചയായി കഴിയേണ്ടിവരിക എന്നത് ചില്ലറ ടാസ്ക് അല്ല. എണ്ണമറ്റ ക്യാമറകള്‍ നിങ്ങളെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന, തോളിലിട്ട മൈക്കിലൂടെ ശ്വാസഗതി പോലും ഒപ്പിയെടുക്കപ്പട്ടുകൊണ്ടിരിക്കുന്ന, രഹസ്യങ്ങളില്ലാത്ത ഒരിടത്ത് നിങ്ങളുടെ പ്രകടനം അനുസരിച്ച് ഓരോ വാരവും പ്രേക്ഷകര്‍ വോട്ട് ചെയ്ത്, വോട്ട് കുറച്ച് ലഭിക്കുന്നവര്‍ പുറത്താക്കപ്പെടുകയും ചെയ്യുന്നു. ശാരീരികമായി പരീക്ഷിക്കപ്പെടുന്ന ടാസ്കുകളും ഗെയിമുകളുമൊക്കെ കടന്നുവരുമെങ്കിലും ബിഗ് ബോസ് എന്ന ഷോയില്‍ ഒരു പടി കൂടുതല്‍ പരീക്ഷിക്കപ്പെടുന്നത് മാനസികമായ ശേഷിയാണ്. മുകളില്‍ പറഞ്ഞ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന സമ്മര്‍ദ്ദങ്ങളാല്‍ പല മത്സരാര്‍ഥികളും മാനസികമായി തകര്‍ന്നുപോകാറുണ്ട്. പലരും ചെറിയൊരുവേള വിശ്രമത്തിന് ശേഷം തിരിച്ചുവരാറുണ്ട്. എന്നാല്‍ മാനസിക സമ്മര്‍ദ്ദം ഏറി ഒരു മത്സരാര്‍ഥി ഷോ ക്വിറ്റ് ചെയ്യാനുള്ള സാഹചര്യം ബിഗ് ബോസില്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം.

ഇക്കാര്യം പറയുമ്പോള്‍ ബിഗ് ബോസ് മലയാളത്തിന്‍റെ സ്ഥിരം പ്രേക്ഷകരുടെ മനസിലേക്ക് പെട്ടെന്ന് കടന്നുവരുന്ന മുഖം മണിക്കുട്ടന്‍റേത് ആയിരിക്കും. സീസണ്‍ 3 യില്‍ ജനപ്രീതിയില്‍ ഒന്നാം സ്ഥാനത്ത് മുന്നോട്ട് പോകവെ മണിക്കുട്ടന്‍ കടുത്ത മാനസിക സമ്മര്‍ദ്ദങ്ങളിലേക്ക് വീണുപോയിരുന്നു. എന്നാല്‍ വിശ്രമത്തിനും കൌണ്‍സിലിംഗിനുമൊക്കെ ശേഷം ഏതാനും ദിവസത്തിനപ്പുറം മണിക്കുട്ടന്‍ പൂര്‍വ്വാധികം ശക്തിയോടെ ഷോയിലേക്ക് തിരിച്ചെത്തി. ഒടുവില്‍ കപ്പ് ഉയര്‍ത്തിയാണ് മണിക്കുട്ടന്‍ മടങ്ങിയത്. ഇപ്പോള്‍ ഇക്കാര്യങ്ങള്‍ ഓര്‍ക്കാന്‍ കാരണം സീസണ്‍ 6 ലെ ഒരു മത്സരാര്‍ഥിയാണ്. സീസണ്‍ 6 ല്‍ ഒരു മാസത്തിനിപ്പുറം ആറ് വൈല്‍ഡ് കാര്‍ഡുകള്‍ ഒരുമിച്ചാണ് എത്തിയത്. അതില്‍ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയ മത്സരാര്‍ഥിയായിരുന്നു സിബിന്‍. അതുവരെ ശോകമെന്ന് പ്രേക്ഷകരില്‍ ഒരു വിഭാഗം പരാതി പറഞ്ഞിരുന്ന സീസണ്‍ 6 നെ ഏതാനും ദിവസങ്ങള്‍ കൊണ്ട് സംഭവബഹുലമാക്കി വൈല്‍ഡ് കാര്‍ഡുകളുടെ എന്‍ട്രി. അക്കൂട്ടത്തില്‍ ഏറ്റവും തിളങ്ങിനിന്നത് സിബിന്‍ ആയിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ച കണ്ടതില്‍ നിന്ന് സിബിന്‍റെ തികച്ചും വേറിട്ട ഒരു മുഖമാണ് സഹമത്സരാര്‍ഥികളും പ്രേക്ഷകരും കഴിഞ്ഞ ദിവസം മുതല്‍, കൃത്യമായി പറഞ്ഞാല്‍ ശനിയാഴ്ച എപ്പിസോഡ് മുതല്‍ കാണുന്നത്. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് വലിയ ഫാന്‍ ഫോളോവിംഗ് സൃഷ്ടിച്ച ഈ മത്സരാര്‍ഥിക്ക് എന്താണ് സംഭവിക്കുന്നതെന്നതാണ് സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പുകളില്‍ ഈ ദിവസങ്ങളില്‍ പ്രധാന ചര്‍ച്ച.

bigg boss malayalam season 6 review will sibin quit the show or not

 

പവര്‍ ടീമിനെ 'പവറാക്കിയ' സിബിന്‍

ലോഞ്ചിംഗ് എപ്പിസോഡ് മുതലുള്ള മത്സരാര്‍ഥികളില്‍ നിന്ന് വൈല്‍ഡ് കാര്‍ഡുകള്‍ക്കുള്ള പ്രധാന ആനുകൂല്യം അവര്‍ എന്നാണോ വരുന്നത്, അതുവരെയുള്ള കളിയും കളിക്കാരെയുമൊക്കെ കണ്ട് വിലയിരുത്താന്‍ അവസരം ലഭിക്കുന്നു എന്നതാണ്. ഇത്തവണ ഒരു മാസത്തെ ഗെയിം കണ്ട് വിലയിരുത്താനുള്ള അവസരമാണ് ഒരുമിച്ചെത്തിയ ആറ് വൈല്‍ഡ് കാര്‍ഡുകള്‍ക്കും ലഭിച്ചത്. വന്ന് ഏതാനും ദിവസം കൊണ്ട് പ്രേക്ഷകശ്രദ്ധ ഏറ്റവും പിടിച്ചെടുത്തത് സിബിന്‍ ആയിരുന്നു. വന്ന് ആദ്യ ദിവസങ്ങള്‍ കൊണ്ടുതന്നെ മികച്ച ഗെയിമര്‍ എന്ന പേര് സഹമത്സരാര്‍ഥികളില്‍ നിന്ന് നേടാനും സിബിന് സാധിച്ചു. വന്ന് ഒരാഴ്ചയ്ക്കിപ്പുറം പവര്‍ ടീമില്‍ വന്ന ഒരു ഒഴിവിലേക്ക് പവര്‍ ടീമിനാല്‍ തെരഞ്ഞെടുക്കപ്പെടാന്‍ സാധിച്ചതായിരുന്നു ഗെയിമര്‍ എന്ന നിലയില്‍ സീസണ്‍ 6 ലെ സിബിന്‍റെ ആദ്യത്തെ ബ്രേക്ക്.

ബിഗ് ബോസ് മലയാളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ട അധികാരകേന്ദ്രമാണ് പവര്‍ ടീം. കണ്ട് മനസിലാക്കാന്‍ മുന്‍ മാതൃകകള്‍ ഇല്ലാത്തതുകൊണ്ടുതന്നെ ട്രയല്‍ ആന്‍ഡ് എററിലൂടെ പവര്‍ ടീം എന്തെന്ന് ചെയ്ത് പഠിക്കുകയാണ് അധികാരം ലഭിക്കുന്നവര്‍. ബിഗ് ബോസ് പവര്‍ ടീമിനുള്ള അധികാരം എത്രത്തോളമുണ്ടെന്ന് നിര്‍വചിച്ചിട്ടില്ലെന്ന് വിലയിരുത്തിയത് സിബിനാണ്. തുടര്‍ന്ന് ഡെന്‍ ടീമിനെ റൂമിനുള്ളില്‍ ലോക്ക് ചെയ്ത് ഈ സീസണിന്‍റെ എന്‍റര്‍ടെയ്ന്‍‍മെന്‍റ് വാല്യുവിനെത്തന്നെ മുന്നോട്ട് കൊണ്ടുപോയതിന് പിന്നിലുള്ള ബുദ്ധികേന്ദ്രവും സിബിന്‍ ആയിരുന്നു. മോഹന്‍ലാലിന് മുന്നില്‍ വിഷു ഫലം പറയുന്ന ജ്യോത്സ്യനായും ശ്രീരേഖയ്ക്കൊപ്പം അവയവദാനത്തെക്കുറിച്ചുള്ള സ്കിറ്റിലെ പെര്‍ഫോമന്‍സും തുടങ്ങി ലഭിക്കുന്ന അവസരങ്ങളിലെല്ലാം സ്കോര്‍ ചെയ്തിട്ടുണ്ട് സിബിന്‍. ഗെയിമര്‍ എന്ന നിലയില്‍ ആവേശഭരിതനാവുന്ന സിബിനെയാണ് സഹമത്സരാര്‍ഥികളും പ്രേക്ഷകരും കണ്ടുകൊണ്ടിരുന്നത്. ആ ആവേശത്തില്‍ സംഭവിച്ച ഒരു പിഴ അദ്ദേഹത്തിന്‍റെ മുന്നോട്ടുപോക്കില്‍ വിനയാവുകയും ചെയ്തു.

bigg boss malayalam season 6 review will sibin quit the show or not

 

വീക്കെന്‍ഡ് എപ്പിസോഡിലെ തിരിച്ചടി

പുറംലോകവുമായി ബന്ധമൊന്നുമില്ലാതെ മത്സരാര്‍ഥികള്‍ നില്‍ക്കേണ്ടിവരുന്ന, അതേസമയം പൊതുജനത്തിന്‍റെ വോട്ടിംഗിലൂടെ മാത്രം മുന്നോട്ടുള്ള വഴി തെളിക്കപ്പെടുന്ന ഒരു റിയാലിറ്റി ഗെയിം ഷോയില്‍ പുറത്തെ തങ്ങളുടെ പ്രതിച്ഛായയെക്കുറിച്ച് മത്സരാര്‍ഥികള്‍ക്ക് ലഭിക്കുന്ന അപൂര്‍വ്വം സൂചനകള്‍ വാരാന്ത്യ എപ്പിസോഡുകളിലൂടെയാണ്. അവതാരകനായ മോഹന്‍ലാല്‍ നടത്തുന്ന ആശയവിനിമയം മത്സരാര്‍ഥികളെ സംബന്ധിച്ച് ഏറെ പ്രധാനമാണ്, അതുപോലെ മോഹന്‍ലാലിന് മുന്‍പിലുള്ള സദസ്സിലുള്ള പ്രേക്ഷകരുടെ പ്രതികരണങ്ങളും. പുറത്തെ വിലയിരുത്തല്‍ എന്താണെന്ന് അറിയാന്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലാത്തതിനാല്‍ മോഹന്‍ലാല്‍ പറയുന്ന കാര്യങ്ങള്‍ അതിന്‍റെ പതിന്മടങ്ങ് വലിപ്പത്തിലാണ് പലപ്പോഴും മത്സരാര്‍ഥികള്‍ മനസിലാക്കുക. തങ്ങളുടെ ചില ചെയ്തികളോടുള്ള സമൂഹത്തിന്‍റെ പ്രതികരണവും അതിന് ലഭിക്കുന്ന ശിക്ഷയുമൊക്കെ മത്സരാര്‍ഥികളെ സംബന്ധിച്ച് വലിയ ആശയക്കുഴപ്പമാണ് ഉണ്ടാക്കുക. ഇതൊക്കെ ചേര്‍ന്നാണ് ബിഗ് ബോസ് എന്ന ഷോ ആവേശകരമാകുന്നതും.

ഒരു തര്‍ക്കത്തിനിടെ ജാസ്മിനെ സഭ്യേതരമായ ആംഗ്യം കാട്ടിയതിന് വാരാന്ത്യ എപ്പിസോഡില്‍ സിബിനെ പവര്‍ ടീമില്‍ നിന്ന് മോഹന്‍ലാല്‍ പുറത്താക്കിയിരുന്നു. ഒപ്പം ഡയറക്റ്റ് നോമിനേഷനിലേക്കും ഇട്ടു. സിബിനെ സംബന്ധിച്ച് പൊക്കത്തില്‍ നിന്നുള്ള വാഴ്ചയായിരുന്നു ഇത്. താന്‍ ചെയ്തതിന്‍റെ ഗൗരവം അയാള്‍ മനസിലാക്കിയിരുന്നുവെങ്കിലും വാരാന്ത്യ എപ്പിസോഡില്‍ ശിക്ഷ ലഭിച്ചത് സിബിനെ തളര്‍ത്തിക്കളഞ്ഞു. തികച്ചും വ്യത്യസ്തനായ ഒരു സിബിനെയാണ് തിങ്കളാഴ്ച മുതല്‍ പ്രേക്ഷകര്‍ കാണുന്നത്. കടന്നുവന്ന ജീവിതവഴികളില്‍ ട്രോമാറ്റിക് ആയ ചില അനുഭവങ്ങള്‍ തനിക്ക് ഉണ്ടായിട്ടുണ്ടെന്നും ആ അനുഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുമോ എന്ന ഭയമാണ് തനിക്കെന്നുമാണ് സിബിന്‍ ഇന്നലെ ആവര്‍ത്തിച്ച് പറഞ്ഞത്. മത്സരങ്ങളില്‍ പങ്കെടുക്കാതെയും ആഹാരം പോലും കഴിക്കാതെയും സിബിന്‍ മണിക്കൂറുകള്‍ ഇരുന്നതിന് പിന്നാലെ ബിഗ് ബോസ് മനശാസ്ത്രന്‍റെ സേവനം ഏര്‍പ്പാടാക്കിയിരുന്നു. പിന്നാലെ താന്‍ ഒരാഴ്ച ശ്രമിച്ചുനോക്കാന്‍ പോവുകയാണെന്നും സിബിന്‍ പറഞ്ഞിരുന്നു. എങ്കിലും ഗെയിമിലേക്ക് സിബിന് പഴയ രീതിയില്‍ തിരിച്ചുവരാന്‍ സാധിച്ചില്ല. ക്വിറ്റ് ചെയ്യുന്ന കാര്യം വീണ്ടും ആലോചിച്ച സിബിന്‍ കണ്‍ഫെഷന്‍ റൂമില്‍ ബിഗ് ബോസിനോട് വീണ്ടും സംസാരിച്ചു. താന്‍ ആത്മാര്‍ഥമായി ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ പ്രശ്നമാണെന്നുമായിരുന്നു സിബിന്‍റെ മറുപടി. ഡോക്ടറോട് സംസാരിച്ചതില്‍ നിന്നും സിബിന് വിശ്രമം ആവശ്യമാണെന്ന് മനസിലാക്കുന്നുവെന്നും അതിനാല്‍ പുറത്തേക്ക് കൊണ്ടുപോകുന്നുവെന്നുമാണ് ബിഗ് ബോസ് സിബിനോട് പറഞ്ഞത്. പിന്നാലെ സിബിനെ മാറ്റുകയും ചെയ്തു. അതായത് സിബിന് വിശ്രമം അനുവദിച്ചിരിക്കുകയാണ് ബിഗ് ബോസ്. 

bigg boss malayalam season 6 review will sibin quit the show or not

 

ക്വിറ്റ് ചെയ്യണമെങ്കില്‍

മത്സരാര്‍ഥികള്‍ക്ക് ഇഷ്ടാനുസരണം നിര്‍ത്തി പോകാവുന്ന ഒരു ഷോ അല്ല ബിഗ് ബോസ്. ആരോഗ്യപരമായ കാരണങ്ങളാല്‍ പല മത്സരാര്‍ഥികളെയും ബിഗ് ബോസ് തന്നെ മുന്‍കൈ എടുത്ത് ഇതിനുമുന്‍പ് പലപ്പോഴും തിരിച്ചയച്ചിട്ടുണ്ടെങ്കിലും മാനസിക കാരണങ്ങളാല്‍ അത് പതിവില്ല. അത് മത്സരാര്‍ഥിയുടെ തീരുമാനപ്രകാരം മാത്രമാണ് നടത്താറ്. ഹൗസില്‍ ഒട്ടും നില്‍ക്കാന്‍ പറ്റാത്ത തരത്തില്‍ മാനസിക സമ്മര്‍ദം നേരിടുന്നപക്ഷം, അത് ബിഗ് ബോസിന് ബോധ്യമാവുന്നപക്ഷം ഏതാനും ദിവസം ആരോഗ്യവിദഗ്ധരുടെ സേവനത്തോടെ വിശ്രമം അനുവദിക്കാറുണ്ട്. മുന്‍ സീസണുകളില്‍ തനിക്ക് ഷോ ക്വിറ്റ് ചെയ്യണമെന്ന അഭിപ്രായം ബിഗ് ബോസിനോട് കണ്‍ഫെഷന്‍ റൂമില്‍ ആവര്‍ത്തിച്ച് പറഞ്ഞ ഒരേയൊരു മത്സരാര്‍ഥി മണിക്കുട്ടന്‍ ആയിരുന്നു. എന്നാല്‍ ഏതാനും ദിവസത്തിനിപ്പുറം ഷോയിലേക്ക് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചത്താന്‍ മണിക്കുട്ടന് സാധിച്ചു. മികച്ച ഗെയിമര്‍ ആണ് സിബിന്‍ എന്ന കാര്യത്തില്‍ സഹമത്സരാര്‍ഥികള്‍ക്ക് തര്‍ക്കമൊന്നുമില്ല. അത്തരത്തിലൊരാള്‍ വേഗത്തില്‍ ഷോ വിട്ട് പോകുമെന്ന് അവര്‍ കരുതുന്നുമില്ല. ഏതായാലും അപ്രതീക്ഷിതമായത് എപ്പോഴും സംഭവിക്കാന്‍ സാധ്യതയുള്ള ബിഗ് ബോസില്‍ ഇനിയെന്ത് സംഭവിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. സിബിന്‍റെ തിരിച്ചുവരവ് തന്നെയാണ് ആ മത്സരാര്‍ഥിയുടെ ആരാധകര്‍ കാത്തിരിക്കുന്നത്. ഷോയിലേക്ക് തിരിച്ചുവരണമോ അതോ മടങ്ങണമോ എന്നത് പൂര്‍ണ്ണമായും സിബിന്‍റെ തീരുമാനം ആയിരിക്കും.

ബിഗ് ബോസ് സീസണ്‍ 6 റിവ്യൂസ് വായിക്കാം

ആഴ്ചകള്‍ക്ക് മുന്‍പ് കണ്ട നോറയല്ല ഇത്! ഫൈനല്‍ ഫൈവോളം എത്തുമോ ഈ കുതിപ്പ്?

9 പേരുള്ള എലിമിനേഷന്‍ ലിസ്റ്റ്; ഈ വാരം ആരൊക്കെ പുറത്താവും?

ജിന്‍റോയുടെ 'പവര്‍' കുറയ്ക്കുമോ അര്‍ജുന്‍? എന്നെത്തും സീസണിലെ ആദ്യ വൈല്‍ഡ് കാര്‍ഡ്?

റോക്കിയുടെ അപ്രതീക്ഷിത എക്സിറ്റ്; ഇനി നേട്ടമുണ്ടാക്കുന്ന മത്സരാര്‍ഥികള്‍ ആരൊക്കെ?

കളിക്കാന്‍ മറന്ന കോമണര്‍, ബി​ഗ് ബോസിലെ അഭിനയം വഴങ്ങാത്ത നടന്‍

'എന്തിനോ വേണ്ടി തിളച്ചു', ട്രാക്ക് മാറ്റി ബിഗ് ബോസിലെ നിഷ്‍കളങ്കന്‍; എന്‍റർടെയ്‍ൻമെന്‍റ് പാക്കേജ് ആയി ജിന്‍റോ

പ്രതീക്ഷ നല്‍കി, കത്തിക്കയറി, ഇമോഷണലായി; ബി​ഗ് ബോസിൽ ഋഷിക്ക് സംഭവിക്കുന്നത് എന്ത്?

കളി മാറ്റാന്‍ വന്നയാള്‍ പുറത്ത്! ബിഗ് ബോസില്‍ ഇനി ശ്രദ്ധിക്കേണ്ടത് ഇവരെ

എവിടെ തിരിഞ്ഞാലും രതീഷ് കുമാര്‍! സീസണ്‍ 6 ലെ കുമ്പിടിയാവുമോ ഈ ടെലിവിഷന്‍ അവതാരകന്‍?

Latest Videos
Follow Us:
Download App:
  • android
  • ios