ഗെയിം ചേഞ്ചര്‍ എന്ന ചിത്രത്തില്‍ പ്രവര്‍ത്തിച്ചത് ഒരിക്കലും സുഖകരമായ അനുഭവം അല്ലെന്ന് എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്.

കൊച്ചി: മലയാളത്തിലെ ഏറ്റവും തിരക്കേറിയ സിനിമ എഡിറ്റര്‍മാരില്‍ ഒരാളാണ് ഷമീര്‍ മുഹമ്മദ്. ഈ വര്‍ഷം മാത്രം രേഖ ചിത്രം, നരിവേട്ട തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയത് ഷമീറാണ്. കഴിഞ്ഞ വര്‍ഷം വന്‍ ഹിറ്റുകളായ ടര്‍ബോ, എബ്രഹാം ഓസ്ലര്‍, എആര്‍എം,മാര്‍ക്കോ എന്നിവയുടെ കട്ടും ഷമീറിന്‍റെതാണ്. 

ഇപ്പോള്‍ ഗെയിം ചേഞ്ചര്‍ എന്ന ഈ വര്‍ഷത്തെ ഏറ്റവും വലിയ ഫ്ലോപ്പുകളില്‍ ഒന്നില്‍ പ്രവര്‍ത്തിക്കേണ്ടി വന്ന അനുഭവം പങ്കുവയ്ക്കുകയാണ് ഇദ്ദേഹം. ഷങ്കര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ പ്രവര്‍ത്തിച്ചത് ഒരിക്കലും സുഖകരമായ അനുഭവം അല്ലെന്ന് ഷമീര്‍ കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നുണ്ട്. 

ഒരു വര്‍ഷത്തില്‍ തീരേണ്ട ചിത്രം മൂന്ന് കൊല്ലം നീണ്ടുവെന്നും, എന്നാല്‍ മലയാളത്തില്‍ ചിത്രങ്ങള്‍ ചേയ്യേണ്ടിയിരുന്നതിനാല്‍ ആ ചിത്രം ഉപേക്ഷിക്കുകയായിരുന്നുവെന്നും ഷമീര്‍ പറയുന്നു. എന്നാല്‍ തനിക്കും ആ ചിത്രത്തില്‍ പേര് നല്‍കിയിട്ടുണ്ട്. ആ ചിത്രത്തിന്‍റെ മൊത്തം ഫൂട്ടേജ് ഏഴര മണിക്കൂറോളം വരും അത് താന്‍ മൂന്നര മണിക്കൂറായി ചുരുക്കി. ഇതാണ് പിന്നീട് വന്ന എഡിറ്റര്‍ രണ്ടേ മുക്കാല്‍ മണിക്കൂറായി ചുരുക്കിയത് എന്നും ഷമീര്‍ പറഞ്ഞു. 

ആറു മാസം കൂടി വേണം എന്ന് പറഞ്ഞപ്പോഴാണ് മലയാളത്തില്‍ മാര്‍ക്കോ, എആര്‍എം പോലുള്ള ചിത്രങ്ങള്‍ ചെയ്യാനുള്ളതിനാല്‍ ഗെയിം ചേഞ്ചര്‍ ഉപേക്ഷിച്ചത് എന്ന് ഷമീര്‍ പറയുന്നത്. ഗെയിം ചേഞ്ചറിന് വേണ്ടി മാർക്കോയും രേഖാചിത്രവും എആർഎമ്മും ഉപേക്ഷിച്ചിരുന്നെങ്കില്‍ മണ്ടത്തരമായേനെ എന്നും ഷമീര്‍ പറയുന്നു. 

ഷങ്കറുമായി അത്ര നല്ല അനുഭവം അല്ലെന്നും ഷമീര്‍ പറയുന്നു. ഒരു ദിവസം എഡിറ്റിന് വേണം എന്ന് പറഞ്ഞാല്‍ കൃത്യം തീയതി പറയില്ല. പത്ത് ദിവസത്തോളം ചെന്നൈയില്‍ പോയി പോസ്റ്റായിട്ടുണ്ട്. ഇത്തരത്തില്‍ 300 ഓളം ദിവസങ്ങള്‍ പോയിട്ടുണ്ടെന്നും ഷമീര്‍ പറയുന്നു. വളരെ പ്രതീക്ഷയോടെയാണ് ഷങ്കറിനൊപ്പം പ്രവര്‍ത്തിക്കാന്‍ പോയതെന്നും ഷമീര്‍ പറയുന്നു. 

അതേ സമയം 400 കോടിയോളം ബജറ്റില്‍ എടുത്ത രാം ചരണ്‍ നായകനായ പൊളിറ്റിക്കല്‍ ത്രില്ലറായ ഗെയിം ചേഞ്ചര്‍ തീയറ്ററില്‍ വന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്.