പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ കഴിച്ചാൽ മാത്രമേ നല്ല ആരോഗ്യം ലഭിക്കുകയുള്ളൂ. നമ്മുടെ ഓരോ അവയവത്തിനും പോഷകങ്ങൾ ആവശ്യമാണ്. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ. കാഴ്ച്ച ശക്തി കൂട്ടാം.
നല്ല കാഴ്ച്ച ലഭിക്കണമെങ്കിൽ പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ കഴിക്കേണ്ടതുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും കണ്ണുകളുടെ കാഴ്ച്ച കൂട്ടുകയും ചെയ്യുന്നു. കാഴ്ച്ച വർധിക്കാൻ നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
മൽസ്യം
മൽസ്യം കഴിക്കുന്നത് കണ്ണിന്റെ കാഴ്ച്ച കൂടാൻ സഹായിക്കുന്നു. പ്രത്യേകിച്ചും സാൽമൺ കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. ചൂര, മത്തി, എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇവ കണ്ണുകൾ ഡ്രൈ ആകുന്നതിനെ തടയുകയും, റെറ്റിനയെ സംരക്ഷിക്കുകയും ചെയ്യുന്നു.
നട്സ്
നട്‌സിൽ ഒമേഗ-3 കൊഴുപ്പുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ ഉയർന്ന അളവിൽ വിറ്റാമിൻ ഇയും ഉണ്ട്. ഇത് പലതരം നേത്ര രോഗങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കുന്നു. നിലക്കടല, കശുവണ്ടി, പയർ എന്നിവയും കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
പച്ചക്കറികൾ
കണ്ണുകളുടെ കാഴ്ച്ച ശക്തി കൂട്ടുന്നതിന് പച്ചക്കറികളും വലിയ പങ്കുവഹിക്കുന്നുണ്ട്. ചീര, കോളിഫ്ലവർ, ബ്രോക്കോളി, ലെറ്റൂസ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇവ ധാരാളം കഴിക്കാൻ ശ്രദ്ധിക്കണം.
മധുരക്കിഴങ്ങ്
മധുരക്കിഴങ്ങിൽ ബീറ്റ കരോട്ടിൻ അടങ്ങിയിരിക്കുന്നതിനാൽ കാഴ്ചശക്തി മെച്ചപ്പെടുത്താൻ ഇത് വളരെ നല്ലതാണ്. പിന്നീട് വിറ്റാമിൻ എ ആയി മാറുന്ന ബീറ്റാ കരോട്ടിൻ നേത്രരോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. ബട്ടർനട്ട് സ്ക്വാഷ്, ചീര, ആപ്രിക്കോട്ട് എന്നിവയിലും ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്.
ക്യാരറ്റ്
ക്യാരറ്റിൽ വിറ്റാമിൻ എ, ബീറ്റ കരോട്ടിൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ബീറ്റ കരോട്ടിൻ ആണ് ക്യാരറ്റിന് ഓറഞ്ച് നിറം നൽകുന്നത്. റോഡോപ്സിൻ എന്ന പ്രോട്ടീന്റെ ഒരു ഘടകമാണ് വിറ്റാമിൻ എ, ഇത് റെറ്റിനയെ പിന്തുണയ്ക്കുകയും പ്രകാശം ആഗിരണം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. നമ്മുടെ കണ്ണുകളെ ഈർപ്പമുള്ളതാക്കാനും വരണ്ട കണ്ണുകൾ തടയാനും വിറ്റാമിൻ എ അത്യാവശ്യമാണ്.


