ആപ്പിള്‍ ആദ്യമായി പുറത്തിറക്കുന്ന ഫോള്‍ഡബിള്‍ ഐഫോണില്‍ 24-മെഗാപിക്‌സലിന്‍റെ ഉയര്‍ന്ന റെസലൂഷനിലുള്ള അണ്ടര്‍-ഡിസ്‌പ്ലെ ക്യാമറ ആപ്പിള്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍
കാലിഫോര്‍ണിയ: ആപ്പിളിന്‍റെ ചരിത്രത്തിലെ കന്നി ഫോള്‍ഡബിള്‍ ഐഫോണിന്‍റെ ഫോള്‍ഡിംഗ് സ്‌ക്രീനില്‍ അണ്ടര്‍-ഡിസ്‌പ്ലെ ക്യാമറയുണ്ടായിരിക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ആപ്പിളിന്‍റെ എതിരാളികളായ സാംസങ് മുമ്പുതന്നെ അണ്ടര്‍-ഡിസ്‌പ്ലെ ക്യാമറകള്‍ അവതരിപ്പിച്ചെങ്കിലും 24-മെഗാപിക്‌സലിന്‍റെ ഉയര്‍ന്ന റെസലൂഷനിലുള്ള അണ്ടര്‍-ഡിസ്‌പ്ലെ സെന്‍സര്‍ ആപ്പിള്‍ അവതരിപ്പിക്കാനൊരുങ്ങുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സ്‌ക്രീനിന്‍റെ മുകള്‍ഭാഗത്തായി ക്യാമറ നോച്ച് കാണുന്ന പതിവ് രീതിക്ക് ബദലായാണ് അണ്ടര്‍-ഡിസ്‌പ്ലെ ക്യാമറ ഐഫോണ്‍ ഫോള്‍ഡിലേക്ക് വരിക. ഫേസ് ഐഡി ഉള്‍പ്പെടുത്താന്‍ സാധ്യതയില്ലാത്തതിനാല്‍ സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്‍റ് സെന്‍സറും ആപ്പിളിന്‍റെ ഐഫോണ്‍ ഫോള്‍ഡിലേക്ക് വന്നേക്കും.
ഐഫോണ്‍ ഫോള്‍ഡ്: 24-മെഗാപിക്‌സല്‍ അണ്ടര്‍-ഡിസ്‌പ്ലെ ക്യാമറ
ഐഫോണ്‍ ഫോള്‍ഡ് എന്ന് അനൗദ്യോഗികമായി അറിയപ്പെടുന്ന ആപ്പിളിന്‍റെ ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്ഫോണ്‍ 2026-ല്‍ പുറത്തിറങ്ങുമെന്നാണ് സൂചന. ഐഫോണ്‍ 18 പ്രോ, ഐഫോണ്‍ എയര്‍ 2 എന്നിവയ്‌ക്കൊപ്പമായിരിക്കും ഐഫോണ്‍ ഫോള്‍ഡ് വിപണിയിലെത്തുക. ഇത് ചരിത്രത്തിലെ ആദ്യ ഫോള്‍ഡബിള്‍ ഐഫോണായിരിക്കും. ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്‌ഫോണുകളുടെ വിപണിയില്‍ സാംസങിനുള്ള മേല്‍ക്കൈ മറികടക്കുക എന്ന വലിയ ലക്ഷ്യം ആപ്പിളിന്‍റെ മനസിലുണ്ട്. അതിനാല്‍ തന്നെ കന്നി ഐഫോണ്‍ ഫോള്‍ഡില്‍ തന്നെ മികച്ച ഫീച്ചറുകളും സവിശേഷതകളും ഉള്‍പ്പെടുത്താനാണ് ആപ്പിളിന്‍റെ ശ്രമം. ഐഫോണ്‍ ഫോള്‍ഡിന്‍റെ ഫോള്‍ഡിംഗ് സ്‌ക്രീനില്‍ വരുമെന്ന് പ്രതീക്ഷിക്കുന്ന അണ്ടര്‍-ഡിസ്‌പ്ലെ ക്യാമറ 24Mpx 6P ആയിരിക്കുമെന്നും പറയപ്പെടുന്നു. സാംസങ് ഗാലക്‌സി സ്സെഡ് ഫോള്‍ഡ് 3 മുതല്‍ അണ്ടര്‍-ഡിസ്‌പ്ലെ ക്യാമറകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അത് 4 മെഗാപിക്‌സലിന്‍റെ ചെറിയ സെന്‍സറാണ്. 2026 മധ്യത്തോടെ വിപണിയില്‍ എത്താനിരിക്കുന്ന ഗാലക്‌സി സ്സെഡ് ഫോള്‍ഡ് 8-ല്‍ പോലും 24 എംപിയുടെ അണ്ടര്‍-ഡിസ്‌പ്ലെ ക്യാമറയുണ്ടാവാന്‍ സാധ്യതയില്ല.
ഐഫോണ്‍ ഫോള്‍ഡ് എപ്പോള്‍ പുറത്തിറങ്ങും?
ഐഫോണ്‍ ഫോള്‍ഡില്‍ 48-മെഗാപിക്‌സലിന്‍റെ ഇരട്ട റിയര്‍ ക്യാമറകളുണ്ടാകും എന്ന ലീക്കുകളും പുറത്തുവന്നിട്ടുണ്ട്. അതേസമയം, ഇതെല്ലാം ആപ്പിള്‍ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രമുഖ രാജ്യാന്തര മാധ്യമങ്ങളുടെ വാര്‍ത്തയിലെ വിശദാംശങ്ങളാണ്. ഐഫോണ്‍ ഫോള്‍ഡ് എപ്പോള്‍ പുറത്തിറങ്ങുമെന്നോ, എന്തൊക്കെയായിരിക്കും ഫോള്‍ഡബിള്‍ ഐഫോണിന്‍റെ സ്പെസിഫിക്കേഷനുകളെന്നോ ആപ്പിള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും ഐഫോണ്‍ ഫോള്‍ഡ് പുറത്തിറക്കാനുള്ള ആലോചനകള്‍ ആപ്പിള്‍ തകൃതിയായി നടത്തുന്നുവെന്നാണ് സപ്ലൈ ചെയിന്‍ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ഐഫോണ്‍ 18 മോഡലുകളില്‍ 24-മെഗാപിക്‌സലിന്‍റെ സെല്‍ഫി ക്യാമറകളുണ്ടാകുമെന്ന സൂചനകളും പുറത്തായി. ഇതിലും ആപ്പിളിന്‍റെ ഭാഗത്ത് നിന്ന് സ്ഥിരീകരണം ഉടന്‍ പ്രതീക്ഷിക്കേണ്ടതില്ല.



