ഐഫോണ്‍ അടക്കമുള്ള ആപ്പിള്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യംവച്ചുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കാണ് സാധ്യത. ഇപ്പോള്‍ കണ്ടെത്തിയ സുരക്ഷാ പഴുതുകള്‍ പരിഹരിക്കാന്‍ നടപടി. 

ദില്ലി: വിവിധ ആപ്പിള്‍ ഉത്പന്നങ്ങളും ഡിവൈസുകളും ഉപയോഗിക്കുന്നവര്‍ക്ക് ഉയര്‍ന്ന സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സെര്‍ട്-ഇന്‍). ഐഫോണുകളും ഐപാഡുകളും അടക്കമുള്ളവ ഉടന്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് സെര്‍ട്-ഇന്‍ നിര്‍ദ്ദേശിച്ചു. ആപ്പിള്‍ ഡിവൈസുകളില്‍ ഹാക്കര്‍മാര്‍ക്ക് അനായാസം നുഴഞ്ഞുകയറാനാവുന്ന പിഴവുകള്‍ കണ്ടെത്തി എന്നാണ് മുന്നറിയിപ്പ് സന്ദേശത്തില്‍ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം പറയുന്നത്. ഈ പിഴവുകള്‍ അനിയന്ത്രിതമായ കോഡുകള്‍ നടപ്പിലാക്കാനും, സെൻസിറ്റീവ് വിവരങ്ങൾ ആക്‌സസ് ചെയ്യാനും, സുരക്ഷാ നിയന്ത്രണങ്ങൾ മറികടക്കാനും, ഡിനൈല്‍-ഓഫ്-സര്‍വീസ് (DoS) അറ്റാക്കുകള്‍ക്ക് കാരണമാകാനും, സേവനങ്ങള്‍ തടസപ്പെടുത്താനും വഴിയൊരുക്കുമെന്നും മുന്നറിയിപ്പില്‍ സെര്‍ട്-ഇന്‍ വിശദീകരിക്കുന്നു.

ഐഫോണ്‍ യൂസര്‍മാര്‍ ജാഗ്രതൈ

ആപ്പിള്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യംവച്ചുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കാണ് സാധ്യതയെന്ന് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം മുന്നറിയിപ്പില്‍ പറയുന്നു. 26.1ന് മുമ്പുള്ള ഐഫോണ്‍, ഐപാഡ് വേര്‍ഷനുകള്‍, 11.1ന് മുമ്പുള്ള വാച്ച്ഒഎസ് വേര്‍ഷനുകള്‍, 18.1ന് മുമ്പുള്ള ടിവിഒഎസ് വേര്‍ഷനുകള്‍, 2.1ന് മുമ്പുള്ള വിഷന്‍ഒഎസ് വേര്‍ഷനുകള്‍, 17.6.1ന് മുമ്പുള്ള സഫാരി വേര്‍ഷനുകള്‍, 15.4ന് മുമ്പുള്ള എക്‌സ്‌കോഡ് വേര്‍ഷനുകള്‍, 15.1ന് മുമ്പുള്ള macOS Sequoia വേര്‍ഷനുകള്‍, 13.7.1ന് മുമ്പുള്ള Ventura വേര്‍ഷനുകള്‍, 12.7.2ന് മുമ്പുള്ള Monterey വേര്‍ഷനുകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ ഡിവൈസുകള്‍ ഉടനടി അപ്‌ഡേറ്റ് ചെയ്യാനാണ് നിര്‍ദേശം.

ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ ആപ്പിള്‍ ഡിവൈസുകളിലുടനീളം കേർണൽ, വെബ്‌കിറ്റ്, കോർആനിമേഷൻ, സിരി തുടങ്ങിയ സിസ്റ്റം ഘടകങ്ങളെ ബാധിക്കുന്നവയാണ്. ഉയര്‍ന്ന അപകട സാധ്യതയാണ് കണ്ടെത്തിയിരിക്കുന്നത് എന്നതിനാല്‍, എല്ലാ ഐഫോണ്‍ ഉപയോക്താക്കളും ആപ്പിള്‍ പുറത്തിറക്കിയ ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ പതിപ്പുകളിലേക്ക് (iOS 26.1 ഉം മറ്റുള്ളവയും) അവരുടെ ഉപകരണങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ CERT-In ശുപാർശ ചെയ്യുന്നു. ഇപ്പോള്‍ റിപ്പോർട്ട് ചെയ്യപ്പെട്ട കേടുപാടുകൾ പരിഹരിക്കുന്ന പാച്ചുകൾ ഈ അപ്‌ഡേറ്റുകളിൽ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആപ്പിളിന്‍റെ മറ്റെല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും ആപ്പുകളിലും സമാനമായി പുതിയ പതിപ്പുകളില്‍ സുരക്ഷാ പാച്ചുകള്‍ അടങ്ങിയിട്ടുണ്ട്.

ആപ്പിള്‍ ഉപഭോക്താക്കള്‍ ഇക്കാര്യങ്ങളും ശ്രദ്ധിക്കുക 

ഐഫോണ്‍ ഉപഭോക്താക്കള്‍ ഓട്ടോമാറ്റിക് അപ്‌‌ഡേറ്റുകള്‍ ഇനാബിള്‍ ചെയ്യാന്‍ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സെര്‍ട്-ഇന്‍) നിര്‍ദേശിക്കുന്നു. വിശ്വസനീയമായ സോഴ്‌സുകളില്‍ നിന്ന് മാത്രമേ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പാടുള്ളൂവെന്നും സെര്‍ട്-ഇന്‍ നിര്‍ദേശിച്ചു. അനാവശ്യമായി ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ഐഫോണ്‍ ഉപഭോക്താക്കളെ ഉപദേശിക്കുന്നു.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്