നത്തിംഗ് ഫോണ്‍ 3എ ലൈറ്റ് സ്‌മാര്‍ട്ട്‌ഫോണ്‍ നവംബര്‍ 27ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. നത്തിംഗിന്‍റെ പുത്തന്‍ ഫോണിന്‍റെ ഫീച്ചറുകളും സ്പെസിഫിക്കേഷനുകളും ഇന്ത്യയില്‍ പ്രതീക്ഷിക്കുന്ന വിലയും വിശദമായി അറിയാം. 

ദില്ലി: നത്തിംഗ് ഫോണ്‍ 3എ ലൈറ്റ് (Nothing Phone 3a Lite) നവംബര്‍ 27ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും എന്ന് സ്ഥിരീകരണം. ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രാന്‍ഡായ നത്തിംഗിന്‍റെ അഫോര്‍ഡബിള്‍ സെഗ്മന്‍റിലുള്ള സ്‌മാര്‍ട്ട്‌ഫോണാണ് നത്തിംഗ് ഫോണ്‍ 3എ ലൈറ്റ്. ഈ മോഡലിലൂടെ സാധാരണക്കാരായ ഇന്ത്യക്കാരിലേക്ക് കൂടുതലായി എത്താന്‍ നത്തിംഗ് പദ്ധതിയിടുന്നു. നത്തിംഗ് ഫോണ്‍ 3എ ലൈറ്റ് പ്രകാശനം കൂടുതൽ ഉപയോക്താക്കൾക്ക് നത്തിംഗിന്‍റെ അതുല്യമായ ശൈലിയും നൂതനത്വവും താങ്ങാവുന്ന വിലയിൽ ലഭ്യമാക്കുമെന്നാണ് കമ്പനി അധികൃതരുടെ വാക്കുകള്‍.

നത്തിംഗ് ഫോണ്‍ 3എ ലൈറ്റ് സവിശേഷതകള്‍ എന്തെല്ലാം? 

ഒക്‌ടോബര്‍ 29നായിരുന്നു നത്തിംഗ് ഫോണ്‍ 3എ ലൈറ്റ് ആഗോള വിപണിയിലെത്തിയത്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 3,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസും സഹിതമുള്ള6.77 ഇഞ്ച് ഫ്ലെക്‌സിബിള്‍ അമോലെഡ് ഡിസ്‌പ്ലെയാണ് നത്തിംഗ് ഫോണ്‍ 3എ ലൈറ്റ് ആഗോള വേരിയന്‍റില്‍ ഉപയോഗിച്ചിരുന്നത്. ഫോണിന്‍റെ മുന്‍ഭാഗവും പിന്‍ഭാഗവും പാണ്ട ഗ്ലാസ് കൊണ്ട് സുരക്ഷിതമാക്കിയിരുന്നു. ഐപി54 സുരക്ഷയാണ് ഫോണിന് ലഭിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 33 വാട്‌സ് ചാര്‍ജിംഗും 5 വാട്‌സ് റിവേഴ്‌സ് ചാര്‍ജിംഗും സഹിതമുള്ള 5,000 എംഎഎച്ച് ബാറ്ററി സഹിതമാണ് നത്തിംഗ് ഫോണ്‍ 3എ ലൈറ്റ് സ്‌മാര്‍ട്ട്‌ഫോണ്‍ ആഗോള തലത്തില്‍ എത്തിയത്. മീഡിയടെക് ഡൈമന്‍സിറ്റി 7300 പ്രോ ചിപ്‌സെറ്റുമായി സംയോജിപ്പിച്ച 8 ജിബി റാം, 256 ജിബി വരെ സ്റ്റോറേജ് വേരിയന്‍റുകളാണ് നത്തിംഗ് ഫോണ്‍ 3എ ലൈറ്റ് ആഗോള വേരിയന്‍റിനുണ്ടായിരുന്നത്. മൈക്രോഎസ്‌ഡി കാര്‍ഡ് വഴി 2 ടിബി വരെ സ്റ്റോറേജ് ഉയര്‍ത്താം. നത്തിംഗ് ഒഎസ് 3.5 അടിസ്ഥാനത്തിലുള്ള ആന്‍ഡ്രോയ്‌ഡ് 15 പ്ലാറ്റ്‌ഫോമിലാണ് നത്തിംഗ് ഫോണ്‍ 3എ ലൈറ്റിന്‍റെ പ്രവര്‍ത്തനം.

നത്തിംഗ് ഫോണ്‍ 3എ ലൈറ്റ്: ഇന്ത്യയില്‍ എത്ര രൂപയാകും? 

50എംപി പ്രധാന സാംസങ് സെന്‍സര്‍, 8എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ്, 2എംപി മാക്രോ ക്യാമറ എന്നിവയാണ് നത്തിംഗ് ഫോണ്‍ 3എ ലൈറ്റിലുള്ളത്. സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായി മുന്‍ഭാഗത്ത് 16-മെഗാപിക്‌സല്‍ ക്യാമറയും ചേര്‍ത്തിരിക്കുന്നു. ആഗോളതലത്തില്‍ കറുപ്പ്, വെളുപ്പ് എന്നീ നിറങ്ങളിലാണ് നത്തിംഗ് ഫോണ്‍ 3എ ലൈറ്റ് വിപണിയിലെത്തിയത്. നത്തിംഗ് ഫോണ്‍ 3എ ലൈറ്റ് 8 ജിബി/128 ജിബി വേരിയന്‍റ് 249 യൂറോയിലാണ് (25,604 ഇന്ത്യന്‍ രൂപ) ലോഞ്ച് ചെയ്‌തതെങ്കിലും ഇന്ത്യയില്‍ 20,000 രൂപയില്‍ താഴെയേ വിലയുണ്ടാകൂ എന്നാണ് സൂചനകള്‍. ഇന്ത്യയില്‍ കൂടുതല്‍ പേരിലേക്ക് നത്തിംഗ് ഫോണ്‍ 3എ ലൈറ്റ് എത്തിക്കാനുള്ള തന്ത്രത്തിന്‍റെ ഭാഗമാണ് ഈ വില സമീപനം.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്