ഓപ്പോ റെനോ 15 പ്രോ സ്‌മാര്‍ട്ട്‌ഫോണിന്‍റെ സവിശേഷതകള്‍ ലോഞ്ചിന് മുമ്പ് ഓണ്‍ലൈനില്‍ ചോര്‍ന്നു. ഓപ്പോ റെനോ 15 പ്രോ 50-മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ സഹിതമാണ് വിപണിയില്‍ എത്തുന്നത്.

ബെയ്‌ജിങ്: റെനോ 14 ലൈനപ്പിന്‍റെ പിൻഗാമിയായി ഓപ്പോ റെനോ 15 സീരീസ് നവംബർ 17ന് ചൈനയില്‍ ലോഞ്ച് ചെയ്യും. ലോഞ്ചിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ഓപ്പോ റെനോ 15 പ്രോയുടെ സവിശേഷതകൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു. റെനോ 14 പ്രോയ്ക്ക് സമാനമായ മീഡിയടെക് ഡൈമെൻസിറ്റി 8450 ചിപ്‌സെറ്റുള്ള ഫോൺ ഗീക്ക്ബെഞ്ച് വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്‌തതിന് തൊട്ടുപിന്നാലെയാണിത്. മുമ്പ് റെനോ 15 മിനി എന്ന് വിളിക്കപ്പെട്ടിരുന്ന കോം‌പാക്റ്റ് മോഡൽ ഇപ്പോൾ റെനോ 15സി എന്ന് ബ്രാന്‍ഡ് ചെയ്യപ്പെട്ട് വിപണിയിലെത്താന്‍ സാധ്യതയുണ്ടെന്ന് ടിപ്പ്സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ വെളിപ്പെടുത്തി.

ഓപ്പോ റെനോ 15 പ്രോ: പ്രധാന സവിശേഷതകള്‍ ചോര്‍ന്നു

വെയ്‌ബോയിലെ ഒരു പോസ്റ്റിലൂടെയാണ് വരാനിരിക്കുന്ന ഓപ്പോ റെനോ 15 പ്രോയുടെ പ്രധാന സവിശേഷതകൾ ടിപ്‌സ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ഇത് ഹാൻഡ്‌സെറ്റ് വാഗ്‌ദാനം ചെയ്യുന്ന സവിശേഷതകളെ സൂചിപ്പിക്കുന്നു. ഇതിനുപുറമെ, 6.32 ഇഞ്ച് ഡിസ്‌പ്ലേയുള്ള കോംപാക്റ്റ് മോഡലിന് ഓപ്പോ റെനോ 15സി എന്ന പേര് ലഭിക്കുമെന്ന് ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ വെളിപ്പെടുത്തി. ഈ ഹാൻഡ്‌സെറ്റിനെ റെനോ 15 മിനി എന്ന് വിളിക്കാൻ സാധ്യതയുണ്ട് എന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോർട്ടുകൾ.

ഓപ്പോ റെനോ 15 പ്രോയിൽ 6.78 ഇഞ്ച് ഫ്ലാറ്റ് ഡിസ്‌പ്ലേയും 1.5K (1,272x2,772 പിക്‌സൽ) റെസല്യൂഷനും 1.15mm കട്ടിയുള്ള ബെസലുകളും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ ഒരു മെറ്റൽ ഫ്രെയിമും ഉണ്ടായിരിക്കാം. ഓപ്പോ റെനോ 15 പ്രോയില്‍ 200-മെഗാപിക്‌സൽ പ്രൈമറി ക്യാമറ, 50എംപി അൾട്രാവൈഡ് ക്യാമറ, 50-മെഗാപിക്‌സൽ പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവ ഉണ്ടായിരിക്കുമെന്ന് സൂചനയുണ്ട്. ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റുള്ള ഫോണിന്‍റെ ഡിസൈൻ കമ്പനി ഇതിനകം തന്നെ ടീസർ ചെയ്‌തിട്ടുണ്ട്. ഓപ്പോ റെനോ 15 പ്രോ മുൻവശത്ത് 50എംപി സെൽഫി ക്യാമറയും സജ്ജീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഓപ്പോ റെനോ 15 പ്രോ: മറ്റ് സ്‌പെസിഫിക്കേഷനുകള്‍

ഓപ്പോ റെനോ 15 പ്രോയ്ക്ക് 161.26x76.46x7.65mm വലിപ്പം ലഭിക്കാനും ഏകദേശം 205 ഗ്രാം ഭാരമുണ്ടാകാനും സാധ്യതയുണ്ട്. 80 വാട്‌സ് വയർഡ്, 50 വാട്‌സ് വയർലെസ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6,500 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ നൽകുക. യുഎസ്ബി 2.0-യും ഓപ്പോ റെനോ 15 പ്രോയ്‌ക്ക് ഹാൻഡ്‌സെറ്റിന് പിന്തുണ നൽകുമെന്നാണ് സൂചന. 16 ജിബി വരെ റാമും 1 ടിബി വരെ ഓൺബോർഡ് സ്റ്റോറേജുമുള്ള മീഡിയടെക് ഡൈമെൻസിറ്റി 8450 ചിപ്‌സെറ്റാണ് ഓപ്പോ റെനോ 15 പ്രോയ്ക്ക് കരുത്ത് പകരുന്നതെന്നും ടിപ്പ്സ്റ്റർ അവകാശപ്പെടുന്നു.

ഗീക്ക്ബെഞ്ച് ബെഞ്ച്മാർക്കിംഗ് പ്ലാറ്റ്‌ഫോമിൽ ഓപ്പോ റെനോ 15 പ്രോ അടുത്തിടെ കണ്ടെത്തിയിരുന്നു. അതേ ചിപ്‌സെറ്റിൽ 3.25GHz പീക്ക് ക്ലോക്ക് സ്‌പീഡ് വാഗ്‌ദാനം ചെയ്യുന്ന ഒരു പ്രൈം കോർ, 3.00GHz പീക്ക് ക്ലോക്ക് സ്പീഡുള്ള മൂന്ന് പെർഫോമൻസ് കോറുകൾ, 2.10GHz പീക്ക് ക്ലോക്ക് സ്‌പീഡ് നൽകുന്ന നാല് എഫിഷ്യൻസി കോറുകൾ എന്നിവ ഉൾപ്പെടുന്നു. സിംഗിൾ കോർ പ്രകടനത്തിൽ 1,684 പോയിന്‍റുകളും മൾട്ടി-കോർ പ്രകടനത്തിൽ 6,738 പോയിന്‍റുകളും ഈ സ്‍മാർട്ട്ഫോൺ നേടി.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്