സാംസങ് ഗാലക്‌സി സ്സെഡ് ട്രൈ-ഫോൾഡ് സ്‌മാര്‍ട്ട്‌ഫോണ്‍ പുറത്തിറങ്ങാനിരിക്കുന്നു. സാംസങ്ങിന്‍റെ ആദ്യ ട്രിപ്പിള്‍ ഫോള്‍ഡബിള്‍ ഫോണിന് എത്ര രൂപയാകും? ഫീച്ചറുകള്‍ എന്തൊക്കെയാവും?

സോള്‍: പ്രമുഖ കൊറിയൻ സ്‍മാർട്ട്‌ഫോൺ കമ്പനിയായ സാംസങ് ഉടൻ തന്നെ ഒരു ട്രൈ-ഫോൾഡ് ഫോൺ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (APEC) ഉച്ചകോടിയിൽ കമ്പനി അടുത്തിടെ ഈ സ്‌മാർട്ട്‌ഫോൺ പ്രദർശിപ്പിച്ചിരുന്നു. ഇതിനെ സാംസങ് ഗാലക്‌സി സ്സെഡ് ട്രൈ-ഫോൾഡ് എന്നാണ് വിളിക്കുന്നത്. സാംസങ്ങിൽ നിന്നുള്ള ഈ ആദ്യത്തെ ട്രൈ-ഫോൾഡ് സ്‌മാർട്ട്‌ഫോൺ വില്‍പനയുടെ തുടക്കത്തില്‍ കുറഞ്ഞ അളവിൽ നിർമ്മിക്കാനാണ് സാധ്യത എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

സാംസങ് ഗാലക്‌സി സ്സെഡ് ട്രൈ-ഫോൾഡ്

കന്നി ട്രൈ-ഫോള്‍ഡ് സ്‌മാർട്ട്‌ഫോണിനായി സാംസങ് ഏകദേശം 30,000 ഭാഗങ്ങളാണ് ഇതുവരെ നിർമ്മിച്ചിരിക്കുന്നതെന്ന് ദി എലെക് റിപ്പോർട്ട് ചെയ്യുന്നു. ഇത് ഒരു ഫ്ലാഗ്ഷിപ്പ് സ്‌മാർട്ട്‌ഫോണിന്‍റെ സാധാരണ നിർമ്മാണ അളവിനേക്കാൾ വളരെ കുറവാണിത്. സാംസങ് ഗാലക്‌സി സ്സെഡ് ട്രൈ-ഫോൾഡ് തുടക്കത്തിൽ ചെറിയ അളവിൽ നിർമ്മിക്കാനേ സാധ്യതയുള്ളൂവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഉപഭോക്തൃ പ്രതികരണം കണ്ടതിനുശേഷം കമ്പനി ഉൽ‌പാദനം വർധിപ്പിക്കാൻ തീരുമാനിച്ചേക്കാം.

അപെക് ഉച്ചകോടിയിൽ അനാച്ഛാദനം ചെയ്‌ത ഗാലക്‌സി സ്സെഡ് ട്രൈ-ഫോൾഡ്, സാംസങ്ങിന്‍റെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും മികച്ച ഫോൾഡബിൾ മോഡലാകുമെന്നാണ് പ്രതീക്ഷ. ഈ സ്‍മാർട്ട്‌ഫോണിൽ 10 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേ ഉണ്ടായിരിക്കാം. അത് മൂന്ന് ഭാഗങ്ങളായി മടക്കാം. 6.5 ഇഞ്ച് മടക്കിയ ഡിസ്‌പ്ലേയിൽ നിന്ന് 10 ഇഞ്ച് ടാബ്‌ലെറ്റ് പോലുള്ള സ്‌ക്രീനിലേക്ക് മാറുന്ന ഡ്യുവൽ-ഹിംഗ്ഡ് സംവിധാനം ഇതിൽ ലഭിക്കുന്നു. ഫോൾഡബിൾ സാങ്കേതികവിദ്യയിൽ ഇതൊരു സുപ്രധാന നാഴികക്കല്ലാണ്. മടക്കിക്കഴിയുമ്പോൾ, ഇത് ഒരു സാധാരണ ബാർ-സ്റ്റൈൽ സ്‌മാർട്ട്‌ഫോണിന്‍റെ ആകൃതിയോട് സാമ്യമുള്ളതും കമ്പനിയുടെ ഗാലക്‌സി സ്സെഡ് ഫോൾഡ് 7ന് സമാനവുമാണ്. പുതിയ സ്‍നാപ്പ്ഡ്രാഗൺ 8 എലൈറ്റ് ജെന്‍ 5-ന് പകരം ക്വാൽക്കോമിന്‍റെ സ്‍നാപ്‌ഡ്രാഗൺ എലൈറ്റ് 4 ഗ്യാലക്‌സി പ്രോസസർ ആയിരിക്കും ഈ സ്‍മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. സാംസങ്ങിന്‍റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോണുകളിൽ കാണുന്ന അതേ ചിപ്പാണിത്.

ഗാലക്‌സി സ്സെഡ് ട്രൈ-ഫോൾഡ്: വില എത്രയാകും? 

എന്തായാലും ട്രൈ-ഫോൾഡ് സ്‍മാർട്ട്‌ഫോണിന്‍റെ വൻതോതിലുള്ള വിൽപ്പനയേക്കാൾ വിപണി പ്രതികരണം അളക്കുന്നതിലാണ് സാംസങ്ങിന്‍റെ പ്രധാന ശ്രദ്ധയെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഉപകരണത്തിന്‍റെ സങ്കീർണ്ണമായ എഞ്ചിനീയറിംഗും 2,500 യുഎസ് ഡോളര്‍ (ഏകദേശം 2,21,700 രൂപ) എന്ന മതിപ്പുവിലയുമാണ് സാംസങ് ഗാലക്‌സി ട്രൈ-ഫോൾഡ് ഫോണിന്‍റെ പരിമിതമായ റിലീസ് പ്ലാനിന് പിന്നിലെ പ്രധാന കാരണങ്ങളെന്നും റിപ്പോർട്ടുകൾ പറയുന്നു.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്