വൈ31, വൈ31 പ്രോ എന്നീ ഫോണ്‍ മോഡ‍ലുകളുടെ വില വര്‍ധിപ്പിക്കുകയാണ് എന്ന് ആന്ധ്രപ്രദേശിലെയും തെലങ്കാനയിലേയും റീടെയ്‌ലര്‍മാര്‍ക്ക് അയച്ച കത്തില്‍ വിവോ അധികൃതര്‍ പറയുന്നു

ദില്ലി: രാജ്യത്ത് കറന്‍സി വിനിമയ ചാഞ്ചാട്ടത്തിന്‍റെയും മതിയായ ചിപ്പ്സെറ്റുകള്‍ ലഭിക്കാത്തതിന്‍റെയും ഇരട്ട സമ്മര്‍ദത്തില്‍ സ്‌മാര്‍ട്ട്‌ഫോണുകള്‍ക്ക് വില ഉയരുന്നു. പുതുവര്‍ഷത്തില്‍ ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ വിവോയും ലണ്ടന്‍ ആസ്ഥാനമായുള്ള നത്തിംഗും സ്‌മാര്‍ട്ട്‌ഫോണുകളുടെ വില 4 മുതല്‍ 13 ശതമാനം വരെ വര്‍ധിപ്പിച്ചതായി ഇക്കണോമിക്‌ ടൈംസിന്‍റെ ഉടമസ്ഥതയിലുള്ള ടെലികോം ഡോട് കോം റിപ്പോര്‍ട്ട് ചെയ്‌തു. വിവോയുടെയും നത്തിംഗിന്‍റെ പാത പിന്തുടര്‍ന്ന് മറ്റ് സ്‌മാര്‍ട്ട്‌ഫോണ്‍ കമ്പനികളും മൊബൈലുകള്‍ക്ക് വില വര്‍ധിപ്പിച്ചേക്കും.

സ്‌മാര്‍ട്ട്‌ഫോണുകള്‍ക്ക് വില കൂട്ടി കമ്പനികള്‍

ലോകത്തെ പ്രധാന ചിപ് നിര്‍മ്മാതാക്കള്‍ ഹൈ-എന്‍ഡ് DDR4, DDR5 മെമ്മറി മൊഡ്യൂളുകളും NAND മെമ്മറിയും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) കേന്ദ്രീകൃതമായ ഡാറ്റാ സെന്‍ററുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുന്നതാണ് സ്‌മാര്‍ട്ട്‌ഫോണ്‍ വ്യവസായത്തില്‍ ഒരു പ്രതിസന്ധി സൃഷ്‌ടിച്ചത്. ഇതോടെ സ്‌മാര്‍ട്ട്‌ഫോണുകളുടെ റാം, മെമ്മറി സ്റ്റോറേജ് എന്നിവയ്‌ക്ക് ആവശ്യമായ ഉല്‍പ്പന്ന ഭാഗങ്ങളുടെ ദൗര്‍ലഭ്യം മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കള്‍ നേരിടുന്നു. മൊബൈല്‍ ഫോണുകള്‍ക്കുള്ള മെമ്മറി ചിപ്പുകളുടെ വിലയിൽ 160 ശതമാനത്തിലധികം വർധനവുണ്ടായി. ചിപ്പ് പ്രതിസന്ധി 2026 ജൂലൈ-സെപ്റ്റംബര്‍ പാദം വരെയെങ്കിലും തുടരുമെന്നാണ് അനുമാനം. ഇതിനൊപ്പം വിനിമയ നിരക്കിലെ ചാഞ്ചാട്ടവും ഫോണുകളുടെ വില വര്‍ധിപ്പിക്കാന്‍ സ്‌മാര്‍ട്ട്‌ഫോണ്‍ കമ്പനികളെ പ്രേരിപ്പിക്കുന്നു.

വൈ31, വൈ31 പ്രോ എന്നീ ഫോണ്‍ മോഡ‍ലുകളുടെ വില വര്‍ധിപ്പിക്കുകയാണ് എന്ന് ആന്ധ്രപ്രദേശിലെയും തെലങ്കാനയിലേയും റീടെയ്‌ലര്‍മാര്‍ക്ക് അയച്ച കത്തില്‍ വിവോ അധികൃതര്‍ പറയുന്നു. വിവോ വൈ31 മോഡലിന്‍റെ പരമാവധി വില്‍പന വില (എംഒപി) 4ജിബി + 128ജിബി ബേസ് മോഡലിന് 16,999 രൂപയായി വര്‍ധിപ്പിച്ചു. വിവോ വൈ31 പ്രോ മോഡലിന്‍റെ മാക്‌സിമം ഓപ്പറേറ്റിംഗ് പ്രൈസിലും മാറ്റമുണ്ട്. സമാനമായി 2026 ജനുവരി 1 മുതല്‍ നത്തിംഗ് അവരുടെ ഫോണ്‍ (3a)-യുടെ വിലയും വര്‍ധിപ്പിച്ചു. പുതുക്കിയ വിലയുടെ അടിസ്ഥാനത്തിലാണ് ഫോണുകള്‍ വില്‍ക്കേണ്ടത് എന്ന് റീടെയ്‌ലര്‍മാര്‍ക്ക് നത്തിംഗ് കമ്പനി നിര്‍ദ്ദേശം നല്‍കി. ജനുവരി എട്ടിന് ഇന്ത്യയില്‍ പുറത്തിറങ്ങാനിരിക്കുന്ന ഓപ്പോ റെനോ 15 സീരീസ് സ്‌മാര്‍ട്ട്‌ഫോണുകള്‍ക്ക് റെനോ 14 ശ്രേണിയേക്കാള്‍ വിലക്കൂടുതലുണ്ടാകും എന്നും ടെലികോം ഡോട് കോമിന്‍റെ വാര്‍ത്തയില്‍ പറയുന്നു. ഫോണുകള്‍ക്ക് 2,000 രൂപയോളം വില ഓപ്പോ വര്‍ധിപ്പിക്കുമെന്നാണ് സൂചന.

മുൻനിര സ്‌മാർട്ട്‌ഫോൺ ബ്രാൻഡുകൾ 50,000 രൂപയിൽ താഴെയുള്ള ഫോണ്‍ മോഡലുകൾക്ക് ഇതിനകം 10 ശതമാനം വില വർധനവ് നടപ്പിലാക്കിയിട്ടുണ്ട് എന്ന് ഓൾ ഇന്ത്യ മൊബൈൽ റീട്ടെയിലേഴ്‌സ് അസോസിയേഷൻ (AIMRA) പറയുന്നു. ഈ മാസം മറ്റൊരു ഘട്ട വില വർധനവ് സ്‌മാര്‍ട്ട്‌ഫോണുകള്‍ക്ക് പ്രതീക്ഷിക്കുന്നു. പിന്നാലെ 2026 ഏപ്രിലിൽ ഉയര്‍ന്ന 30 ശതമാനം വില വര്‍ധനവിനും സാധ്യതയുണ്ട്.

സ്‌മാര്‍ട്ട്‌ഫോണ്‍ വിലയിലുണ്ടായ മാറ്റം

വിവോ വൈ31 (4ജിബി + 128ജിബി)

പഴയ വില- 14,999 രൂപ

പുതിയ വില- 16,999 രൂപ

വര്‍ധനവ്- 13.3%

വിവോ വൈ31 (6ജിബി + 128ജിബി)

പഴയ വില- 16,499 രൂപ

പുതിയ വില- 18,499 രൂപ

വര്‍ധനവ്- 12.1%

വിവോ വൈ31 പ്രോ (8ജിബി + 128ജിബി)

പഴയ വില-18,999 രൂപ

പുതിയ വില- 19,999 രൂപ

വര്‍ധനവ്- 5.3%

വിവോ വൈ 31പ്രോ (8ജിബി + 256ജിബി)

പഴയ വില- 20,999 രൂപ

പുതിയ വില- 21,999 രൂപ

വര്‍ധനവ്- 4.8%

നത്തിംഗ് ഫോണ്‍ (3എ) ലൈറ്റ് (8ജിബി + 128ജിബി)

പഴയ വില- 20,999 രൂപ

പുതിയ വില- 21,999 രൂപ

വര്‍ധനവ്- 4.76%

നത്തിംഗ് ഫോണ്‍ (3എ) ലൈറ്റ് (8ജിബി + 256ജിബി)

പഴയ വില- 22,999 രൂപ

പുതിയ വില- 23,999 രൂപ

വര്‍ധനവ്- 4.35%

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്