വിവോ വി60യുടെ റിയര്‍ ക്യാമറ വിഭാഗത്തിൽ 10എക്സ് സൂം പിന്തുണയുള്ള സീസ് 50 മെഗാപിക്സൽ ടെലിഫോട്ടോ ഷൂട്ടർ പ്രതീക്ഷിക്കുന്നു
ദില്ലി: വിവോ വി60 5ജി സ്‌മാര്‍ട്ട്‌ഫോണ്‍ ഈ മാസം അവസാനം ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഈ ഹാൻഡ്‌സെറ്റിന്‍റെ ഡിസൈൻ, കളർ ഓപ്ഷനുകൾ തുടങ്ങിയവയും ഇതോടൊപ്പം കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. ചിപ്‌സെറ്റ്, ക്യാമറ, ബാറ്ററി വിശദാംശങ്ങൾ തുടങ്ങിവ ഉൾപ്പെടെ വരാനിരിക്കുന്ന സ്‍മാർട്ട്‌ഫോണിന്‍റെ ചില പ്രധാന സവിശേഷതകളും വിവോ സ്ഥിരീകരിച്ചു. നിരവധി എഐ ടൂളുകളും ഗൂഗിൾ ജെമിനി എഐ സവിശേഷതകളും ഇതിൽ ഉണ്ടായിരിക്കും. ഈ വർഷം ഫെബ്രുവരിയിൽ ഇന്ത്യയിൽ അവതരിപ്പിച്ച വിവോ വി50ന്‍റെ പിന്‍ഗാമിയായി വിവോ വി60 5ജി എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഓഗസ്റ്റ് 12ന് ഉച്ചയ്ക്ക് ഇന്ത്യൻ സമയം 12 മണിക്ക് വിവോ വി60 5ജി പുറത്തിറങ്ങുമെന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഓസ്‍പിഷ്യസ് ഗോൾഡ്, മിസ്റ്റ് ഗ്രേ, മൂൺലിറ്റ് ബ്ലൂ എന്നീ നിറങ്ങളിൽ ഈ സ്‍മാർട്ട്‌ഫോൺ ലഭ്യമാകും. ക്വാഡ്-കർവ്ഡ് ഡിസ്‌പ്ലേയാണ് ഇതിനുള്ളതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വരാനിരിക്കുന്ന വിവോ വി60 5ജിയിൽ സ്‍നാപ്ഡ്രാഗൺ 7 ജെൻ 4 സോക് ആയിരിക്കും പ്രവർത്തിക്കുക എന്ന് വിവോ വെളിപ്പെടുത്തി. ഈ ഹാൻഡ്‌സെറ്റിൽ 6,500 എംഎഎച്ച് ബാറ്ററിയായിരിക്കും ഉണ്ടാവുക. ക്യാമറ വിഭാഗത്തിൽ, 10എക്സ് സൂം പിന്തുണയുള്ള സീസ് പിന്തുണയുള്ള 50 മെഗാപിക്സൽ ടെലിഫോട്ടോ ഷൂട്ടർ ഇതിൽ ഉൾപ്പെടും. മൾട്ടിഫോക്കൽ പോർട്രെയിറ്റ് മോഡുകളും ഇതിലുണ്ടാകും. ഫോണിന് ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ലഭിക്കുമെന്ന് ഡിസൈൻ സൂചിപ്പിക്കുന്നു.
വിവോ വി60 5ജിയിൽ ആൻഡ്രോയ്‌ഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 15 ഉപയോഗിക്കുമെന്നാണ് സ്ഥിരീകരണം. ജെമിനി ലൈവ് ഉൾപ്പെടെയുള്ള ഗൂഗിൾ ജെമിനി ഫീച്ചറുകളെ ഫോൺ പിന്തുണയ്ക്കും. മറ്റ് എഐ ടൂളുകളിൽ എഐ ക്യാപ്ഷനുകളും എഐ സ്‍മാർട്ട് കോൾ അസിസ്റ്റന്‍റും ഉൾപ്പെടും. വരാനിരിക്കുന്ന വി60 ഹാൻഡ്‌സെറ്റ് പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി ഐപി68, ഐപി69 റേറ്റിംഗുകൾ പാലിക്കുമെന്നും വിവോ അവകാശപ്പെടുന്നു.
വിവോ വി60ന് 6.67 ഇഞ്ച് 1.5കെ അമോലെഡ് ഡിസ്‌പ്ലേ, 120 ഹെർട്‌സ് റിഫ്രഷ് റേറ്റും 1,300 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസും ഉണ്ടാകുമെന്ന് നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പറഞ്ഞിരുന്നു. ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റിൽ 50 മെഗാപിക്സൽ പ്രൈമറി സെൻസറും 8 മെഗാപിക്സൽ അൾട്രാവൈഡ് ഷൂട്ടറും ഉൾപ്പെട്ടേക്കാം. സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായി മുൻവശത്ത് 50 മെഗാപിക്സൽ സെൻസറും ലഭിച്ചേക്കാം എന്നും റിപ്പോർട്ടുകൾ പറയുന്നു. വിവോ വി60 5ജി 90വാട്സ് വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. സുരക്ഷയ്ക്കായി, ഇതിൽ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ഈ ഹാൻഡ്‌സെറ്റിൽ ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.



