അഗ്നിപഥ്; തിരുവനന്തപുരത്തും കോഴിക്കോട്ടും കൂറ്റൻ റാലി; ചിത്രങ്ങള്‍ കാണാം
ഇന്ത്യന്‍ സേനകളിലേക്കുള്ള ഹ്രസ്വകാല റിക്രൂട്ട്മെന്‍റ് പദ്ധതിയായ അഗ്നിപഥ് പദ്ധതിക്കെതിരെ (Agnipath Scheme) കേരളത്തിലും ശക്തമായ പ്രതിഷേധം. തിരുവനന്തപുരം തമ്പാനൂരിൽ നിന്ന് ഗവർണറുടെ ഔദ്യോഗിക വസതിയായ വെള്ളയമ്പലത്തെ രാജ്ഭവനിലേക്കാണ് ഇന്ന് രാവിലെ കൂറ്റൻ റാലി നടന്നത്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ, ആയിരത്തോളം ഉദ്യോഗാർത്ഥികളാണ് റാലിയില്‍ പങ്കെടുത്തത്. 'അഗ്നിപഥ്' പദ്ധതി എത്രയും പെട്ടെന്ന് പിൻവലിക്കണമെന്നും, ആർമി കംബൈൻഡ് എൻട്രൻസ് എക്സാമിനേഷൻ (CEE) എത്രയും പെട്ടെന്ന് നടത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉദ്യോഗാർത്ഥികളുടെ റാലി. ഇതേ ആവശ്യമുന്നയിച്ച് കോഴിക്കോട്ടും പ്രതിഷേധ പ്രകടനം നടന്നു. ചിത്രങ്ങള്‍ റോണി ജോസഫ് (തിരുവന്തപുരം), പ്രതീഷ് കപ്പോത്ത് (കോഴിക്കോട്).
ഇന്ന് രാവിലെ 9.30-യോടെയാണ് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനും കെഎസ്ആര്‍ടിസി പരിസരത്തുമായി അഞ്ഞൂറിലധികം ഉദ്യോഗാർത്ഥികൾ തടിച്ചുകൂടിയത്. ക്രമേണ പ്രതിഷേധ മാർച്ചിലേക്ക് നിരവധിപ്പേരെത്തി.
കഴിഞ്ഞ രണ്ട് വർഷമായി കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയില്‍ ആർമി റിക്രൂട്ട്മെന്‍റുകൾ മരവിപ്പിച്ചിരിക്കുകയായിരുന്നു. സൈനിക റിക്രൂട്ട്മെന്‍റ് റാലികൾ പലതും നടന്നിരുന്നെങ്കിലും, നിയമനങ്ങള്‍ നടന്നിരുന്നില്ല.
ഈ റാലികളിലും മറ്റും പങ്കെടുത്ത് ഫിസിക്കലും മെഡിക്കല്‍ പരീക്ഷകള്‍ പാസ്സായ ഉദ്യോഗാർത്ഥികളാണ് നിലവിൽ പ്രതിഷേധത്തിനെത്തിയവരില്‍ പലരും. ഒന്നര വർഷത്തോളമായി ഇവർ ജോലി കാത്തിരിക്കാൻ തുടങ്ങിയിട്ട്.
കൊവിഡ് സാഹചര്യത്തിന് അവയവ് വന്ന 2021 ഫെബ്രുവരി - മാർച്ച് മാസങ്ങളിലായിട്ടായിരുന്നു കേരളത്തിൽ പലയിടത്തും സൈനിക റിക്രൂട്ട്മെന്‍റ് റാലികൾ നടന്നത്. മെഡിക്കൽ - ഫിസിക്കൽ പരിശോധനകൾക്ക് ശേഷം എഴുത്തുപരീക്ഷയ്ക്ക് യോഗ്യരെന്ന് കണ്ടെത്തിയ അയ്യായിരത്തോളം പേരാണ് നിലവില്‍ കേരളത്തില്‍ മാത്രമുള്ളത്.
മറ്റ് കടമ്പകള്‍ക്ക് ശേഷം ഇനി എഴുത്തു പരീക്ഷ മാത്രം ബാക്കിയെന്ന സ്ഥിതിയിലാണ് പെട്ടെന്ന് ഈ റിക്രൂട്ട്മെന്‍റുകളെല്ലാം റദ്ദാക്ക കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അഗ്നിപഥ് എന്ന പുതിയ പദ്ധതി പ്രഖ്യാപിക്കുന്നത്. ഇതോടെ സൈനിക സേവനം ആഗ്രഹിച്ചിരുന്ന പലര്‍ക്കും അത് കിട്ടാക്കനിയായി. പുതിയ പദ്ധതിയില്‍ പ്രായപരിധി 21 ആക്കിയതും തിരിച്ചടിയായി. ആറ് തവണയാണ് ആർമി റിക്രൂട്ട്മെന്‍റ് പരീക്ഷ കേന്ദ്രസർക്കാർ മാറ്റിവച്ചത്.
പ്രായപരിധി കുറച്ചതോടെ ഇപ്പോള്‍ പരീക്ഷയെഴുതാൻ കാത്തിരിക്കുന്നവരിൽ ഏതാണ്ട് 90% പേരെങ്കിലും പരീക്ഷയെഴുതാൻ അയോഗ്യരാകും. പ്രതിഷേധങ്ങള്‍ ശക്തമായതോടെ 21 എന്ന പ്രായപരിധി 23 വയസാക്കി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തി. ഒരു വര്‍ഷത്തേക്കാണ് ഈ പ്രായപരിധിയുണ്ടാവുക. അപ്പോഴും നിരവധി ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് പുറത്താകും. വിവിധ എംപിമാരെ നേരിൽക്കണ്ട് പ്രശ്നങ്ങൾ ഉന്നയിക്കാനും പ്രതിഷേധിക്കുന്ന യുവാക്കൾ തീരുമാനിച്ചിട്ടുണ്ട്.
പൊലീസ് ഇവരെ പിന്തിരിപ്പിക്കാൻ പല തവണ ശ്രമിച്ചിരുന്നു. എന്നാല്‍ പിന്മാറാന്‍ ഉദ്യോഗാര്‍ത്ഥികള്‍ തയ്യാറായില്ല. ആർമി റിക്രൂട്ട്മെന്‍റ് കാത്തിരിക്കുന്ന ഇവർ രാജ്ഭവൻ മാർച്ച് നടത്തിയതിന്‍റെ പേരിൽ കേസ് നേരിട്ടാൽ അത് ഇവരുടെ ജോലി സാധ്യതയെപ്പോലും ബാധിച്ചേക്കാമെന്ന് പൊലീസ് ഇവരോട് പറഞ്ഞിരുന്നു.
എന്നാൽ മുന്നറിയിപ്പുകളെല്ലാം അവഗണിച്ച്, പ്രതിഷേധമായി മുന്നോട്ട് പോകുകയായിരുന്നു. അഗ്നിപഥിനെതിരെ പ്രതിഷേധം ആഞ്ഞടിക്കുമ്പോഴും റിക്രൂട്ട്മെന്‍റ് നടപടികള്‍ക്കുള്ള തയ്യാറെടുപ്പുകളുമായി കേന്ദ്രസര്‍ക്കാര്‍ മുന്‍പോട്ട് പോകുകയാണ്.
രണ്ട് ദിവസത്തിനുള്ളില്‍ വിജ്ഞാപനം പുറത്തിറങ്ങുമെന്ന് സേനാമേധാവികള്‍ അറിയിച്ചു. പിന്നാലെ റിക്രൂട്ട്മെന്‍റ് റാലികളുടെ തീയതി പ്രഖ്യാപിക്കും. ഈ ഡിസംബറില്‍ തന്നെ പരിശീലനം തുടങ്ങുമെന്നും സേനാമേധാവികള്‍ അറിയിച്ചു. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ 2023 പകുതിയോടെ സേനയുടെ ഭാഗമാകുമെന്നും കരസേന മേധാവി മനോജ് പാണ്ഡെ വ്യക്തമാക്കി.
വലിയൊരു വിഭാഗം യുവാക്കള്‍ക്ക് പദ്ധതി പ്രയോജനപ്പെടുമെന്ന വാദമുയര്‍ത്തി അഗ്നിപഥിനെതിരായ രോഷം ശമിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം. പദ്ധതി കൊണ്ടു വന്നതില്‍ പ്രധാനമന്ത്രിയെ അഭിനന്ദിച്ച അമിത് ഷാ രാജ്യസേവനത്തിനൊപ്പം യുവാക്കള്‍ക്ക് ശോഭനമായ ഭാവിയുണ്ടാകുമെന്ന് ട്വിറ്ററില്‍ കുറിച്ചു.
പ്രായപരിധി 23 ആക്കി ഉയര്‍ത്തിയത് മികച്ച തീരുമാനമാണെന്നും അവസരം പ്രയോജനപ്പെടുത്തണമെന്നും പ്രതിരോധമന്ത്രി മന്ത്രി രാജ്നാഥ് സിംഗും പറഞ്ഞു. കേന്ദ്രം പദ്ധതിയെ ന്യായീകരിക്കുമ്പോള്‍ പ്രതിപക്ഷ കക്ഷികള്‍ പ്രധാനമന്ത്രിക്കെതിരെ തിരിഞ്ഞു.
രാജ്യത്തിന് വേണ്ടതെന്തെന്ന് പ്രധാനമന്ത്രിക്ക് മനസിലാക്കാന്‍ കഴിയുന്നില്ലെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. പ്രതിരോധ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയോഗം ഉടന്‍ വിളിച്ചു ചേര്‍ക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
സംസ്ഥാനങ്ങളിലെ സംഘര്‍ഷ സാഹചര്യം നിരീക്ഷിക്കുന്ന കേന്ദ്രം, ഉദ്യോഗാര്‍ത്ഥികളല്ല പ്രതിപക്ഷ കക്ഷികളാണ് കലാപത്തിന് പിന്നിലെന്ന് ആരോപിച്ചു. എന്നാല്‍ പല സംസ്ഥാനങ്ങളിലും പ്രതിഷേധത്തിന് തുടക്കം കുറിച്ചത് സൈനിക ജോലി പ്രതീക്ഷിച്ചിരിക്കുന്ന ഉദ്യോഗാര്‍ത്ഥികളാണ്.
സെക്കന്തരാബാദ് പ്രതിഷേധം ആസൂത്രിതമായിരുന്നെന്ന് ഇതിനിടെ റിപ്പോര്‍ട്ട് പുറത്ത് വന്നു. മെഡിക്കലും മറ്റ് പരീക്ഷകളും കഴിഞ്ഞ് എഴുത്ത് പരീക്ഷകാത്തിരിക്കുന്ന തൊഴില്‍രഹിതരായ ഉദ്യോഗാര്‍ത്ഥികളടങ്ങിയ വാട്സാപ്പ് ഗ്രൂപ്പില്‍ അഗ്നിപഥ് പദ്ധതി യുവാക്കളുടെ ജോലി നഷ്ടമാക്കുമെന്ന തരത്തില്‍ പ്രചാരണമുണ്ടായിരന്നതായാണ് റിപ്പോര്‍ട്ട്.
20 കോടിയുടെ നഷ്ടമാണ് സെക്കന്തരാബാദിലുണ്ടായതെന്ന് റെയില്‍വേ പൊലീസിന്‍റെ റിപ്പോര്‍ട്ട് പറയുന്നു. കൊവിഡിനെ തുടര്‍ന്ന് സേനാ റിക്രൂട്ട്മെന്‍റുകള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി നിലച്ചിരിക്കുകയായിരുന്നു.
അതിനിടെയാണ് പ്രായപരിധി കുറച്ചും ഹസ്വകാലത്തേക്കുമായി പുതിയ റിക്രൂട്ട്മെന്‍റ് പദ്ധതി സൈന്യം പ്രഖ്യാപിച്ചത്. ഇതോടെ തങ്ങളുടെ അവസരം നഷ്ടമാകുമെന്ന തൊഴില്‍രഹിതരായ ഉദ്യോഗാര്‍ത്ഥികളുടെ ആശങ്കയില്‍ നിന്നാണ് പ്രക്ഷോഭങ്ങളുടെ തുടക്കം.