സൗത്ത് ഗോവയിലെ നേത്രാവലി എന്ന ഗ്രാമത്തിലാണ് 'ബുഡ്ബുദ്യഞ്ചി താലി' എന്ന അത്ഭുത തടാകമുള്ളത്. ഏകദേശം 400 വർഷം പഴക്കമുണ്ടെന്ന് കരുതുന്ന ഈ തടാകത്തിന് മുന്നിൽനിന്ന് കൈയടിച്ചാൽ വെള്ളത്തിൽനിന്ന് കുമിളകൾ ഉയർന്നു വരും. ശാസ്ത്രവും വിശ്വാസവും ഇടകലർന്ന ഈ അപൂർവയിടം സഞ്ചാരികളെ ആകർഷിക്കുകയാണ്. 

ഗോവ എന്ന് കേൾക്കുമ്പോൾ ബീച്ചുകളും പാർട്ടികളുമാണ് ഓർമ്മ വരുന്നതെങ്കിൽ, അതൊന്നുമല്ലാത്ത ഒരു ഗോവയുണ്ട്. അങ്ങനെയൊരു സ്ഥലമാണ് സൗത്ത് ഗോവയിലെ സാംഗ്വേ താലൂക്കിലുള്ള നേത്രാവലി എന്ന ഗ്രാമം. ഇവിടെയാണ് ‘ബുഡ്ബുദ്യഞ്ചി താലി’ എന്നൊരു അത്ഭുത പ്രതിഭാസമുള്ളത്. 'കുമിളകളുടെ തടാകം' എന്നാണ് ഈ പേരിനർത്ഥം. 400 വർഷത്തിലേറെ പഴക്കമുണ്ടെന്ന് കരുതുന്ന ഈ ശുദ്ധജല തടാകത്തിൻ്റെ പ്രത്യേകത ശബ്ദത്തോടുള്ള അതിൻ്റെ പ്രതികരണമാണ്. നിങ്ങൾ കൈയടിക്കുകയോ ഉറക്കെ സംസാരിക്കുകയോ ചെയ്താൽ മതി, ശാന്തമായ ജലോപരിതലത്തിൽനിന്ന് കുമിളകൾ പൊങ്ങിവരാൻ തുടങ്ങും. ഇതൊരു മാന്ത്രിക അനുഭവം പോലെയാണ് സഞ്ചാരികൾക്ക് തോന്നുക.

ശബ്ദത്തോട് പ്രതികരിക്കുന്ന തടാകം

ആദ്യകാഴ്ചയിൽ നമ്മുടെ നാട്ടിലെ പടവുകളുള്ള കുളങ്ങൾ പോലെയാണ് ഈ തടാകം. ചെങ്കല്ലിൽ തീർത്ത ഭിത്തികളും ഭംഗിയായി കൊത്തിയെടുത്ത ഗ്രാനൈറ്റ് പടവുകളും നടുവിലൊരു തട്ടുമൊക്കെയുണ്ട്. ചുറ്റും പച്ചപ്പും സുഗന്ധവ്യഞ്ജന തോട്ടങ്ങളും നിറഞ്ഞ ശാന്തമായ ഒരിടം. എന്നാൽ ശബ്ദമെത്തുന്നതോടെയാണ് ഇവിടുത്തെ യഥാർത്ഥ കൗതുകം തുടങ്ങുന്നത്. ഒരു ചെറിയ കൈയടി പോലും വെള്ളത്തിൽ ചലനങ്ങളുണ്ടാക്കും, കുമിളകൾ വേഗത്തിൽ മുകളിലേക്ക് വരും. ശബ്ദം കൂടുന്നതിന് അനുസരിച്ച് കുമിളകളുടെ എണ്ണവും കൂടും.

ഇവിടെത്തുന്ന സഞ്ചാരികളും നാട്ടുകാരും ഈ കാഴ്ചയിൽ അദ്ഭുതപ്പെട്ട് വീണ്ടും വീണ്ടും കൈയടിക്കുന്നത് കാണാം. കുട്ടികൾക്ക് ഇതൊരു കളിസ്ഥലമാണെങ്കിൽ, ആദ്യമായി ഇവിടെയെത്തുന്നവർക്ക് ഇതൊരു വിസ്മയമാണ്.

നാട്ടുകാരുടെ അനുഭവങ്ങൾ

ബുഡ്ബുദ്യഞ്ചി താലി സന്ദർശിച്ച പലരും ഇതൊരു മറക്കാനാവാത്ത അനുഭവമാണെന്ന് പറയുന്നു. രസകരമായ കാര്യം, ഈ പ്രദേശത്തുള്ള പലർക്കും ഈ തടാകത്തെക്കുറിച്ച് വലിയ അറിവില്ലായിരുന്നു എന്നതാണ്. പതിറ്റാണ്ടുകളായി അടുത്ത് താമസിച്ചിട്ടും ഈയടുത്താണ് ഇങ്ങനെയൊരു സ്ഥലത്തെക്കുറിച്ച് അറിഞ്ഞതെന്ന് ചിലർ സമ്മതിക്കുന്നു. ഗോവയിലെ അധികം അറിയപ്പെടാത്ത ഒരിടം എന്ന ഖ്യാതിക്ക് ഇതും ഒരു കാരണമാണ്.

ശാസ്ത്രമോ വിശ്വാസമോ?

ഈ പ്രതിഭാസത്തിന് പിന്നിൽ ശാസ്ത്രീയമായ കൗതുകങ്ങളും പ്രാദേശിക വിശ്വാസങ്ങളുമുണ്ട്. തടാകത്തിന്റെ അടിത്തട്ടിൽ കാർബൺ ഡയോക്സൈഡ്, സൾഫർ ഡയോക്സൈഡ് പോലുള്ള വാതകങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ടാവാം എന്നാണ് വിദഗ്ധർ പറയുന്നത്. ശബ്ദതരംഗങ്ങൾ ഉണ്ടാക്കുന്ന പ്രകമ്പനത്തിൽ ഈ വാതകങ്ങൾ കുമിളകളായി പുറത്തുവരുന്നതാകാം. സാധാരണ ഇത്തരം സാഹചര്യങ്ങളിൽ കാണുന്ന മീഥേൻ വാതകം ആകാൻ സാധ്യതയില്ല, കാരണം തടാകത്തിൽ ധാരാളം മത്സ്യങ്ങളുണ്ട്.

എന്നാൽ നാട്ടുകാരുടെ വിശ്വാസം മറ്റൊരു തരത്തിലാണ്. തടാകത്തിനടിയിൽ ഒരു ദൈവമുണ്ടെന്നും കൈയടിക്കുമ്പോൾ ആ ദൈവം പ്രതികരിക്കുന്നതാണെന്നും ചിലർ വിശ്വസിക്കുന്നു. ഗോപിനാഥ് ക്ഷേത്രത്തിന്റെ സാമീപ്യം കാരണം ഇതിനെ ശ്രീകൃഷ്ണനുമായി ബന്ധപ്പെടുത്തുന്നവരുമുണ്ട്. കൃത്യമായ ഒരു വിശദീകരണം ഇല്ലാത്തതുകൊണ്ട് തന്നെ ഈ നിഗൂഢത ആസ്വദിക്കാനാണ് പലർക്കും ഇഷ്ടം.

ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യം

ബുഡ്ബുദ്യാഞ്ചി താലി ഒരു പ്രകൃതി വിസ്മയം മാത്രമല്ല, ഗോവയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിൻ്റെ ഭാഗം കൂടിയാണ്. അടുത്തുള്ള ഗോപിനാഥ് ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. ശിലാഹാര, കദംബ രാജവംശങ്ങളുമായി ബന്ധപ്പെട്ട വാസ്തുവിദ്യാ ഘടകങ്ങൾ ഇവിടെ കാണാം. പിന്നീട് രാജാ ജയകേശി ഒന്നാമന്റെ സംഭാവനകളും ഇതിലുണ്ടെന്ന് പറയപ്പെടുന്നു.

ക്ഷേത്രത്തിന് പിന്നിലുള്ള പാറയിൽ കൊത്തിയ ശിവലിംഗങ്ങൾ ഈ സ്ഥലം പണ്ടുമുതലേ പുണ്യമായി കണക്കാക്കപ്പെട്ടിരുന്നു എന്നതിന് തെളിവാണ്. ക്ഷേത്രത്തിന്റെ ലളിതമായ രൂപകൽപനയെ പ്രശസ്തമായ താംബ്ഡി സുർള ക്ഷേത്രവുമായി താരതമ്യം ചെയ്യാറുണ്ട്. ഇവിടുത്തെ യഥാർത്ഥ വിഗ്രഹം ഇപ്പോൾ ഗോവ സ്റ്റേറ്റ് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.

തിരക്കുകളിൽ നിന്നൊഴിഞ്ഞ് ശാന്തമായ ഒരിടം

ഗോവയിലെ തിരക്കേറിയ ബീച്ചുകളിൽ നിന്നും നൈറ്റ് ലൈഫ് കേന്ദ്രങ്ങളിൽ നിന്നും വ്യത്യസ്തമായി തികച്ചും സമാധാനപരമായ ഒരന്തരീക്ഷമാണ് ഇവിടെയുള്ളത്. അടുത്ത കാലത്തായി റോഡുകളും ഇരിപ്പിടങ്ങളും പോലുള്ള സൗകര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും, ഈ പ്രദേശം അതിന്റെ തനിമ നിലനിർത്തുന്നു. വലിയ ആൾക്കൂട്ടമില്ലാതെ ഈ സ്ഥലത്തിന്റെ ഭംഗി ആസ്വദിക്കാൻ കഴിയുമെന്നതാണ് പ്രധാന ആകർഷണം.

നാച്ചുറൽ സ്പാ അനുഭവം

ഈ തടാകത്തിന്റെ മറ്റൊരു പ്രത്യേകത ഇവിടുത്തെ ചെറിയ മത്സ്യങ്ങളാണ്. വെള്ളത്തിൽ കാലിട്ട് ഇരുന്നാൽ ഈ മത്സ്യങ്ങൾ വന്ന് കാലിലെ മൃതചർമ്മങ്ങൾ കൊത്തി വൃത്തിയാക്കും. ഒരു നാച്ചുറൽ പെഡിക്യൂർ അനുഭവം ആണിത്. ആദ്യം ഇക്കിളിയായി തോന്നുമെങ്കിലും, പലർക്കും ഇത് വളരെ റിലാക്സിങ് ആയ അനുഭവമാണ്.

ബുഡ്ബുദ്യാഞ്ചി താലിയിൽ എങ്ങനെ എത്താം?

വിമാനമാർഗം: ഏറ്റവും അടുത്തുള്ള വിമാനത്താവളം ദബോലിം ആണ്, ഏകദേശം 70 കിലോമീറ്റർ ദൂരം. അവിടെ നിന്ന് ടാക്സിയിലോ വാടക വാഹനങ്ങളിലോ നേത്രാവലിയിലേക്ക് എത്താം.

ട്രെയിൻ മാർഗം: മഡ്ഗാവ് (മർഗോ), കാനക്കോണ എന്നിവയാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ. പ്രധാന നഗരങ്ങളുമായി ഇവയ്ക്ക് നല്ല ബന്ധമുണ്ട്.

റോഡ് മാർഗം: മർഗോയിൽനിന്ന് ഏകദേശം 45 കിലോമീറ്റർ ദൂരമുണ്ട് നേത്രാവലിയിലേക്ക്. സ്വകാര്യ ടാക്സികൾ, സെൽഫ് ഡ്രൈവ് കാറുകൾ, പ്രാദേശിക ബസുകൾ എന്നിവ ലഭ്യമാണ്. അവസാനത്തെ കുറച്ചു ദൂരം ഗ്രാമീണ റോഡുകളിലൂടെയായിരിക്കും യാത്ര.

തൊട്ടടുത്തുള്ള സ്ഥലം: നേത്രാവലി ഗ്രാമത്തിലെ ഗോപിനാഥ് ക്ഷേത്രത്തിന് അടുത്താണ് ഈ തടാകം.

സന്ദർശിക്കാൻ പറ്റിയ സമയം

ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. മൺസൂണിന് ശേഷം പ്രകൃതി കൂടുതൽ മനോഹരമാകുന്ന ഈ സമയത്ത് കാലാവസ്ഥയും മികച്ചതായിരിക്കും. രാവിലെ നേരത്തെയോ വൈകുന്നേരങ്ങളിലോ പോയാൽ തിരക്കില്ലാതെ ഈ സ്ഥലം ആസ്വദിക്കാം.

യാത്രാ ടിപ്പുകൾ

  • പ്രദേശത്തിന്റെ സ്വാഭാവികത നിലനിർത്താൻ മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുകയും നിശബ്ദത പാലിക്കുകയും ചെയ്യുക.
  • വഴികൾ അത്ര സുഗമമല്ലാത്തതിനാൽ നടക്കാൻ സൗകര്യപ്രദമായ പാദരക്ഷകൾ ധരിക്കുക.
  • അടുത്ത് കടകൾ കുറവായതിനാൽ വെള്ളവും മറ്റ് അവശ്യസാധനങ്ങളും കയ്യിൽ കരുതുക.
  • പ്രാദേശിക വിശ്വാസങ്ങളെയും ക്ഷേത്രപരിസരത്തെയും ബഹുമാനിക്കുക.

ശാസ്ത്രമായാലും വിശ്വാസമായാലും, ശബ്ദത്തോട് പ്രതികരിക്കാനുള്ള കഴിവ് ബുഡ്ബുദ്യാഞ്ചി താലിയെ ഗോവയിലെ ഏറ്റവും കൗതുകകരമായ ഒരിടമാക്കി മാറ്റുന്നു. നിഗൂഢതയും ചരിത്രവും പ്രകൃതിഭംഗിയും ഒത്തുചേരുന്ന ഒരപൂർവ അനുഭവമാണ് ഈ തടാകം സഞ്ചാരികൾക്ക് നൽകുന്നത്.