ഇക്കണോമിക് ടൈംസും, സ്നാപ്ചാറ്റും ചേർന്ന് പുറത്തിറക്കിയ ജെൻ സി ഇൻഡക്സ് റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലെ ജെൻ സികൾ ഫിറ്റ്നസിനെ സമീപിക്കുന്ന രീതിയിൽ വലിയ മാറ്റം വന്നിരിക്കുന്നു. കണ്ണാടിക്ക് പകരം സ്മാർട്ട് വാച്ചിലെ ഡാറ്റയാണ് അവരുടെ ഫിറ്റ്നസ് മാനദണ്ഡം…

ഇന്നത്തെ യുവതലമുറ ജിമ്മിലെ കഠിനവ്യായാമം കഴിഞ്ഞാൽ ആദ്യം നോക്കുന്നത് കണ്ണാടിയല്ല, കയ്യിലെ സ്മാർട്ട് വാച്ചാണ്. ഉറക്കത്തിന്റെ നിലവാരം, ഒരു ദിവസത്തെ കലോറി ഉപഭോഗം, നടന്നു തീർത്ത ചുവടുകൾ... ഓരോ ഡാറ്റയും കൃത്യമായി രേഖപ്പെടുത്തി ജീവിക്കുന്ന ഈ തലമുറയാണ് ഇന്ത്യയുടെ പുതിയ ഫിറ്റ്നസ് തരംഗം. ഇക്കണോമിക് ടൈംസും, സ്നാപ്ചാറ്റും ചേർന്ന് പുറത്തിറക്കിയ ജെൻ സി ഇൻഡക്സ് റിപ്പോർട്ട് പ്രകാരം, 18-നും 28-നും ഇടയിൽ പ്രായമുള്ള ഈ ജെൻ സികളെ സംബന്ധിച്ചിടത്തോളം, ഫിറ്റ്നസ് അവരുടെ ഐഡന്റിറ്റിയുടെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു.

ദൈനംദിന ശീലം, ഡാറ്റാധിഷ്ഠിത സമീപനം

വർഷാവസാനമുള്ള ഒരു വെറും വാക്ക് എന്നതിലുപരി, ചിട്ടയായ ഒരു ജീവിതരീതിയാണ് ജെൻ സി പിന്തുടരുന്നത്. റിപ്പോർട്ട് അനുസരിച്ച്, 80% ജെൻ സികളും ഫിറ്റ്നസ് ശീലങ്ങളെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കിയവരാണ്. ഇവരിൽ 75%-ത്തിലധികം പേർ തങ്ങളുടെ ശാരീരിക പ്രവർത്തനങ്ങൾ ട്രാക്ക് ചെയ്യാൻ മൊബൈൽ ആപ്പുകളോ മറ്റ് ഉപകരണങ്ങളോ ഉപയോഗിക്കുന്നവരാണ്. സ്റ്റെപ്പ് കൗണ്ടറുകളും കലോറി കാൽക്കുലേറ്ററുകളും ഇന്ന് അവരുടെ ദിനചര്യയുടെ ഭാഗമാണ്. ഫിറ്റ്നസിനെക്കുറിച്ചുള്ളല ജെൻ സികളുടെ നിർവചനം കേവലം പേശീബലത്തിൽ ഒതുങ്ങുന്നില്ല. മാനസികാരോഗ്യത്തിനും അവർ ഉയർന്ന പ്രാധാന്യം നൽകുന്നു.

സർവേയിൽ പങ്കെടുത്ത മൂന്നിൽ രണ്ട് പേരും ശാരീരിക ക്ഷമതയെപ്പോലെ തന്നെ മാനസികാരോഗ്യവും പ്രധാനമാണ് എന്ന് അഭിപ്രായപ്പെട്ടുന്നു. മെഡിറ്റേഷൻ, ഡിജിറ്റൽ ഡിറ്റോക്സ്, ഉറക്കം ട്രാക്ക് ചെയ്യുന്ന ആപ്പുകൾ ഇവരുടെ ദിനചര്യയുടെ ഭാഗമാണ്. സമ്മർദ്ദവും ഉത്കണ്ഠയും തുറന്നു സംസാരിച്ച് അതിനുള്ള പരിഹാരങ്ങൾ തേടാൻ ഈ തലമുറ മടിക്കുന്നില്ല.

സോഷ്യൽ മീഡിയയാണ് പുതിയ ജിം

ഇൻഫ്ലുവൻസർമാരും ക്രിയേറ്റർമാരുമാണ് ജെൻ സികളുടെ ഫിറ്റ്നസ് ആശയങ്ങളുടെ പ്രധാന സ്രോതസ്സ്. 70%-ത്തിലധികം പേർ ആരോഗ്യകരമായ കണ്ടൻ്റുകൾ കണ്ടെത്തുന്നത് സോഷ്യൽ മീഡിയ വഴിയാണ്. തങ്ങളുടെ വ്യായാമ ലക്ഷ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്, സ്വന്തം അക്കൗണ്ടബിലിറ്റി ഉറപ്പാക്കാനും മറ്റുള്ളവർക്ക് പ്രചോദനമാകാനും സഹായിക്കുന്നു.