ചില ഭക്ഷണങ്ങൾ കഴിക്കുന്നത്  ഗ്യാസ്, വയറുവീർക്കൽ തുടങ്ങിയ അസ്വസ്ഥതകൾക്ക് കാരണമാകുന്നു. ഇവ ഏതൊക്കെയാണെന്നും ഇവയ്ക്ക് പകരമായി കഴിക്കാവുന്ന സുരക്ഷിതമായ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നും നോക്കാം.  ഈ ഏഴ് ഭക്ഷണങ്ങൾ കഴിച്ചാൽ ഗ്യാസ്ട്രബിളിന് കാരണമാകുമെന്ന് വിദഗ്ധർ. 

ഭക്ഷണം കഴിച്ചതിന് ശേഷം ചിലർക്ക് വയറ്റിൽ ഗ്യാസ് കയറുകയോ വയർ വീർത്തു വരികയോ അസ്വസ്ഥത തോന്നുകയോ ചെയ്യാറുണ്ട്. അമിതമായി ആഹാരം കഴിക്കുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്നാണ് നമ്മളിൽ ഭൂരിഭാഗം പേരും വിചാരിക്കാറുള്ളത്. എന്നാൽ നമ്മൾ കഴിക്കുന്ന ചില ആരോഗ്യപ്രദമായ ഭക്ഷണങ്ങൾ തന്നെയാണ് ഇതിന് പിന്നിലെ യഥാർത്ഥ വില്ലന്മാർ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വയർ വീർക്കുന്നതിനും ഗ്യാസ്ട്രബിളിനും കാരണമാകുന്ന ഏഴ് സാധാരണ ഭക്ഷണങ്ങളെക്കുറിച്ചും അവയ്ക്ക് പകരമായി കഴിക്കാവുന്ന ഭക്ഷണങ്ങളെക്കുറിച്ചും പ്രശസ്ത പോഷകാഹാര വിദഗ്ദ്ധ ലവ്‌നീത് ബത്ര തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്ന കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

ഗ്യാസ് ഉണ്ടാക്കാൻ സാധ്യതയുള്ള ആ 7 ഭക്ഷണങ്ങൾ ഇവയാണ്

1. കോളിഫ്ലവർ

കോളിഫ്ലവറിൽ ഉയർന്ന അളവിൽ ഫൈബറും 'റാഫിനോസ്' എന്ന സങ്കീർണ്ണ കാർബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. നമ്മുടെ ദഹനവ്യവസ്ഥയ്ക്ക് ഇത് പെട്ടെന്ന് ദഹിപ്പിക്കാൻ കഴിയില്ല. ഇത് വൻകുടലിൽ എത്തുമ്പോൾ അവിടുത്തെ ബാക്ടീരിയകൾ ഇതിനെ പുളിപ്പിക്കുകയും ഗ്യാസ് ഉണ്ടാക്കുകയും ചെയ്യുന്നു.

2. പച്ചവെളുത്തുള്ളി

വെളുത്തുള്ളി പച്ചയ്ക്ക് അമിതമായി കഴിക്കുന്നത് വയർ വീർക്കാൻ കാരണമാകും. ഇതിലടങ്ങിയിരിക്കുന്ന 'ഫ്രക്ടാൻസ്' കുടലിൽ കിടന്ന് പുളിക്കുന്നതാണ് കാരണം. ഐ.ബി.എസ് (ഇറിറ്റബിൾ ബവൽ സിൻഡ്രോം) പോലുള്ള ദഹനപ്രശ്നമുള്ളവരിൽ പച്ചവെളുത്തുള്ളി പെട്ടെന്ന് ദഹിക്കില്ല.

3. നന്നായി പഴുത്ത നേന്ത്രപ്പഴം

നന്നായി പഴുത്ത പഴത്തിൽ ലയിക്കുന്ന നാരുകളും ഫ്രക്ടോസും കൂടുതലായിരിക്കും. ഇവ കുടലിലെ ബാക്ടീരിയകളുമായി പ്രതിപ്രവർത്തിക്കുമ്പോൾ വയറ്റിൽ ഗ്യാസ് നിറയുന്നു.

4. മാമ്പഴം

മാമ്പഴം അമിതമായി കഴിക്കുന്നത് വയറിന് അസ്വസ്ഥത ഉണ്ടാക്കാം. ഇതിലെ ഉയർന്ന ഫ്രക്ടോസ് അളവാണ് വില്ലൻ.

5. ഗോതമ്പ് ചപ്പാത്തി

ചില ആളുകളിൽ ഗോതമ്പിലെ 'ഗ്ലൂറ്റൻ' എന്ന പ്രോട്ടീൻ ദഹിപ്പിക്കാൻ പ്രയാസമായിരിക്കും. ഇത് കുടലിൽ വീക്കമുണ്ടാക്കാനും വായു കെട്ടിക്കിടക്കാനും കാരണമാകും. കൂടാതെ പെട്ടെന്ന് ഫൈബറിന്റെ അളവ് ശരീരത്തിൽ കൂടുന്നതും ദഹനത്തെ ബാധിക്കാം.

6. പച്ചസവാള / ഉള്ളി

പച്ച ഉള്ളിയും, സവാളയും അമിതമായി കഴിച്ചാൽ ദഹനക്കേടുണ്ടാകും. ഇവ ചെറുകുടലിൽ ശരിയായി ആഗിരണം ചെയ്യപ്പെടാത്തതാണ് ഗ്യാസിന് കാരണമാകുന്നത്.

7. ഷുഗർ ആൽക്കഹോൾ

കൃത്രിമ മധുരങ്ങളിൽ അടങ്ങിയിരിക്കുന്ന ഷുഗർ ആൽക്കഹോളുകൾ പൂർണ്ണമായി ദഹിപ്പിക്കാൻ നമ്മുടെ ശരീരത്തിന് കഴിയില്ല. ഇത് വയർ വീർക്കുന്നതിനും ചിലപ്പോൾ വയറിളക്കത്തിനും കാരണമാകും.

ഏതാണ് നിങ്ങൾക്ക് പറ്റിയ ഭക്ഷണമെന്ന് എങ്ങനെ തിരിച്ചറിയാം?

"നമ്മുടെ കുടൽ എപ്പോഴും ശരീരത്തിന് കൃത്യമായ സൂചനകൾ തരുന്നുണ്ട്. ഏത് ഭക്ഷണം കഴിക്കുമ്പോഴാണ് വയറിന് അസ്വസ്ഥത ഉണ്ടാകുന്നത് എന്ന് സ്വയം നിരീക്ഷിക്കുകയാണ് ഇതിനുള്ള എളുപ്പവഴി," - -ലവ്‌നീത് ബത്ര പറയുന്നു.

ഗ്യാസ് ഉണ്ടാക്കാത്ത സുരക്ഷിത ഭക്ഷണങ്ങൾ

ചുരയ്ക്ക, വേവിച്ച വെളുത്തുള്ളി, പച്ചക്കായ, പപ്പായ, ജോവർ-ബജ്റ ചപ്പാത്തികൾ, ചോറ്, വെള്ളരിക്ക, ലാക്ടോസ് ഫ്രീ പാൽ എന്നിവ സാധാരണയായി ദഹനപ്രശ്നങ്ങൾ ഉണ്ടാക്കാത്ത ഭക്ഷണങ്ങളാണ്. വയറിന് അസ്വസ്ഥതയുള്ളപ്പോൾ ഇവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്നതാണ്.