മൂന്നര മാസം കൊണ്ടാണ് ഉദൈഫ് മടത്തിപ്പാറ 24 കിലോ ഭാരം കുറച്ചത്. ആദ്യം 98 കിലോയായിരുന്നു ഭാരം. ഇപ്പോൾ 74 കിലോ. 

വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ ? എങ്കിൽ മലപ്പുറം കിഴിശ്ശരി സ്വദേശി ഉദൈഫ് മടത്തിപ്പാറയുടെ വെയ്റ്റ് ലോസ് പ്ലാൻ നിങ്ങൾക്ക് ഏറെ ഉപയോഗപ്രദമാകും. മൂന്നര മാസം കൊണ്ടാണ് ഉദൈഫ് മടത്തിപ്പാറ 24 കിലോ ഭാരം കുറച്ചത്. ആദ്യം 98 കിലോയായിരുന്നു ഭാരം. ഇപ്പോൾ 74 കിലോ. എങ്ങനെയാണ് ശരീരഭാരം കുറച്ചതെന്ന് ഉദൈഫ് പറയുന്നു.

അന്ന് 98, ഇന്ന് 74 കിലോ

20 വർഷം പ്രവാസിയായിരുന്ന കാലഘട്ടത്തിൽ തെറ്റായ ജീവിതശൈലിയും ജോലി സ്ഥലത്തെ മാനസികസമ്മർദ്ദവും കാരണം അമിതഭാരവും കുടവയറും, കൂടാതെ ജീവിതശൈലി രോഗങ്ങളും ബാധിച്ചു. നാല് വർഷങ്ങൾക്ക് മുൻപ് നാട്ടിലെത്തിയപ്പോൾ, ശരീരത്തിലെ അമിത കൊഴുപ്പ് കുറച്ച് ആരോഗ്യകരമായ ജീവിതശൈലി എന്നായിരുന്നു എന്റെ ഉറച്ച തീരുമാനം. കൃത്യമായ ഡയറ്റ് പ്ലാനും വ്യായാമക്രമവും പിന്തുടർന്നു.

മൂന്ന് മാസം കൊണ്ടാണ് 24 കിലോ ഭാരം കുറച്ചത്. ആദ്യമൊക്കെ ഉയർന്ന യൂറിക് ആസിഡ്, കിതപ്പ്, അസിഡിറ്റി, ബോഡി പെയിൻ, കൊളസ്ട്രോൾ പോലുള്ള പ്രശ്നങ്ങൾ അലട്ടിയിരുന്നു. ഈ പ്രശ്നങ്ങൾ‌ ഉണ്ടായതോടെയാണ് വണ്ണം കുറയ്ക്കാനുള്ള തീരുമാനത്തിലെത്തുന്നത്. TEAM FFF എന്ന വെയ്റ്റ് ലോസ് ഓൺലെെൻ പ്രോഗ്രാമിലൂടെയാണ് ഡയറ്റ് പിന്തുടർന്നത്. ട്രെയിനർ മുഹമ്മദ് ജംഷീറാണ് വണ്ണം കുറയ്ക്കാനുള്ള ഡയറ്റും വർക്കൗട്ടുമെല്ലാം പറഞ്ഞ് തരുന്നത്. ട്രെയിനർ ക്യത്യമായി തന്നെ ഫോളോ ചെയ്തിരുന്നു. അത് കൊണ്ട് തന്നെ എളുപ്പം ഭാരം കുറയ്ക്കാനായി- ഉദൈഫ് പറയുന്നു.

എട്ട് മണിക്ക് മുമ്പ് തന്നെ ബ്രേക്ക്ഫാസ്റ്റ് കഴിക്കും

ആദ്യമൊക്കെ ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കിയിരുന്നു. ഡയറ്റ് തുടങ്ങിയപ്പോൾ ഹെൽത്തിയായിട്ടുള്ള ഡയറ്റാണ് നോക്കിയിരുന്നത്. ബ്രേക്ക്ഫാസ്റ്റിന് ദോശ ആയാലും ചപ്പാത്തി ആയാലും ഇഡലി ആണെങ്കിലും മൂന്നെണ്ണം വച്ചാണ് കഴിച്ചിരുന്നത്. പ്രോട്ടീൻ , കാർബോഹെെഡ്രേറ്റ്, ഹെൽത്തി ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങൾ എല്ലാം തന്നെ ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തിരുന്നു. പണ്ടൊക്കെ ഒരുപാട് ചായ കുടിച്ചിരുന്നു. ഇപ്പോൾ മധുരമില്ലാത്ത ചായ ഒരെണ്ണമാണ് കുടിക്കാറുള്ളത്. പഴങ്ങൾ, പച്ചക്കറികൾ ധാരാളം ഇപ്പോൾ കഴിക്കും. രാവിലെ എട്ട് മണിക്ക് മുമ്പ് തന്നെ ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നതാണ് ഇപ്പോഴത്തെ രീതി. ഉച്ചയ്ക്ക് ഒരു ബൗൾ ചോറ് മാത്രമാണ് ഇപ്പോൾ കഴിക്കാറുള്ളത്. ചോറിൽ പച്ചക്കറികളും ചിക്കൻ അല്ലെങ്കിൽ ഫിഷ് ഉൾപ്പെടുത്താറുണ്ട്. അച്ചാറും പപ്പടവും എല്ലാം തന്നെ പൂർണമായും ഒഴിവാക്കി.

പണ്ടൊക്കെ സ്നാക്സിന് എണ്ണപലഹാരങ്ങൾ കഴിച്ചിരുന്നു. ഇപ്പോൾ അതൊക്കെ പൂർണമായി ഒഴിവാക്കി. ആവിയിൽ വേവിച്ച ഭക്ഷണളാണ് ഇപ്പോൾ സ്നാക്ക്സിന് കഴിക്കാറുള്ളത്. രാത്രി ഏഴരയ്ക്ക് മുമ്പ് തന്നെ അത്താഴം കഴിക്കാറാണ് പതിവ്. രാത്രി സാലഡ് കഴിക്കാറുണ്ട്. അത് പോലെ തന്നെ ചപ്പാത്തി ആണെങ്കിലും ദോശ ആണെങ്കിലും രണ്ടെണ്ണം മാത്രമാണ് എടുക്കാറ് പതിവ്. ദിവസവും ഒന്നര മണിക്കൂർ വർക്കൗട്ട് ചെയ്യാൻ സമയം മാറ്റിവയ്ക്കും. ഇപ്പോൾ മൂന്ന് വർഷമായി ഐഡിയൽ വെയിറ്റ് നിലനിർത്തുന്നു- ഉദൈഫ് പറയുന്നു.

ഇപ്പോൾ ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ പറ്റുന്നുണ്ട്

വണ്ണം ഉണ്ടായിരുന്ന സമയത്ത് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ പറ്റില്ലായിരുന്നു. എന്നാൽ ഇപ്പോൾ ആത്മവിശ്വാസം കൂടി എന്ന് വേണം പറയാൻ. വണ്ണം കുറഞ്ഞപ്പോൾ ആരോഗ്യപ്രശ്നങ്ങളോ ഒന്നും തന്നെ ഇപ്പോൾ ഇല്ല.

നമ്മുടെ ശരീരമാണ് നമ്മുക്ക് പ്രധാനം. ശരീരം സംരക്ഷിച്ചില്ലെങ്കിൽ അത് കൂടുതൽ പ്രശ്നങ്ങളുണ്ടാക്കാം. ധാരാളം വെള്ളം കുടിക്കുക, ഹെൽ‍ത്തി ഭക്ഷണം മാത്രം കഴിക്കുക, അത് പോലെ ദിവസവും വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കുക ഇക്കാര്യങ്ങൾ എപ്പോഴും മനസിൽ ഓർത്ത് വയ്ക്കുന്നത് നല്ല ആരോഗ്യം ലഭിക്കാൻ സഹായകരമാകും.