ശക്തീശ്വരൻ മൂന്ന് മാസമായി പഴച്ചാറുകൾ മാത്രമാണ് കഴിച്ചിരുന്നത്. ശ്വാസതടസ്സം അനുഭവപ്പെടുന്നുവെന്നു പറഞ്ഞയുടൻ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായും വീട്ടുക്കാർ പറയുന്നു.
മൂന്ന് മാസം ജ്യൂസ് മാത്രം കുടിച്ച് വണ്ണം കുറയ്ക്കാൻ ശ്രമിച്ച ശക്തീശ്വരൻ എന്ന പതിനേഴുകാരൻ മരിച്ച വാർത്ത ഞെട്ടലോടെയാണ് നാം കേട്ടത്. യാതൊരു അടിസ്ഥാനവുമില്ലാത്ത, അശാസ്ത്രീയമായ മാർഗങ്ങളിലൂടെ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നത് മരണത്തിന് വരെ എത്തിച്ചേക്കാം.തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ കൊളച്ചലിലാണ് സംഭവം.
മൂന്ന് മാസത്തോളം ജ്യൂസ് മാത്രമാണ് ശക്തീശ്വരൻ കുടിച്ചിരുന്നതെന്ന് കുടുംബം ആരോപിച്ചു. യൂട്യൂബിൽ കണ്ട വീഡിയോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ഡയറ്റ് ആരംഭിച്ചത്. ഡോക്ടർമാരുടെയോ ഡയറ്റീഷ്യന്റെയോ നിർദേശമില്ലാതെയാണ് ശക്തീശ്വരൻ ഡയറ്റ് നോക്കിയിരുന്നതെന്ന് കുടുംബം വ്യക്തമാക്കി. മകൻ ചില മരുന്നുകൾ കഴിച്ചിരുന്നതായും അടുത്തിടെ വ്യായാമം തുടങ്ങിയതായും കുടുംബം പറഞ്ഞു.
ശക്തീശ്വരൻ മൂന്ന് മാസമായി പഴച്ചാറുകൾ മാത്രമാണ് കഴിച്ചിരുന്നത്. ശ്വാസതടസ്സം അനുഭവപ്പെടുന്നുവെന്നു പറഞ്ഞയുടൻ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായും വീട്ടുക്കാർ പറയുന്നു.
ഫ്രൂട്ട് ഡയറ്റിന്റെ ദോഷവശങ്ങൾ
പഴങ്ങൾ അടിസ്ഥാനമാക്കിയുള്ള ഭക്ഷണക്രമം, അല്ലെങ്കിൽ പഴവർഗ്ഗങ്ങൾ അടങ്ങിയ ഭക്ഷണക്രമം അവശ്യ പോഷകങ്ങളുടെ അഭാവവും കാരണം നിരവധി പാർശ്വഫലങ്ങൾക്ക് കാരണമാകും. പോഷകാഹാരക്കുറവ്, ദഹന പ്രശ്നങ്ങൾ, ദന്ത പ്രശ്നങ്ങൾ, ശരീരഭാരം വർദ്ധിപ്പിക്കാനുള്ള സാധ്യത എന്നിവ ഇതിൽ ഉൾപ്പെടുന്നു.
പഴങ്ങളിൽ സാധാരണയായി പ്രോട്ടീൻ കുറവാണ്. ഇത് പേശികളുടെ വളർച്ച, മൊത്തത്തിലുള്ള ശാരീരിക പ്രവർത്തനങ്ങൾ എന്നിവയ്ക്ക് നിർണായകമാണ്. പഴങ്ങൾ അടിസ്ഥാനമാക്കിയുള്ള ഭക്ഷണക്രമം ബി 12, ഡി പോലുള്ള വിറ്റാമിനുകളുടെയും കാൽസ്യം, ഇരുമ്പ്, അയഡിൻ തുടങ്ങിയ ധാതുക്കളുടെയും കുറവിന് കാരണമാകും. ഇത് വിളർച്ച, അസ്ഥികൾ ദുർബലമാകൽ, രോഗപ്രതിരോധ ശേഷി കുറയൽ എന്നിവയ്ക്ക് കാരണമാകും.
ചില ആളുകൾക്ക് തുടക്കത്തിൽ ശരീരഭാരം കുറയുമെങ്കിലും അമിതമായ പഴങ്ങളുടെ ഉപയോഗം പ്രത്യേകിച്ച് പഞ്ചസാര കൂടുതലുള്ള ചില പഴങ്ങളുടെ ഉപയോഗം, ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകും. പഴങ്ങളിൽ നിന്നുള്ള പഞ്ചസാരയുടെ അളവ് കൂടുന്നതും കുറയുന്നതും മാനസികാവസ്ഥയിലെ മാറ്റത്തിന് കാരണമാകും.പോഷകങ്ങളുടെ കുറവ് രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുകയും ഇത് അണുബാധയ്ക്ക് കാരണമാവുകയും ചെയ്യും.


