വളരെ വൈകി ഭക്ഷണം കഴിക്കുന്നത് ഉറക്കത്തിന്റെ ​ഗുണനിലവാരത്തെ തടസ്സപ്പെടുത്തുമെന്ന് ഫോർട്ടിസ് ആശുപത്രിയിലെ കൺസൾട്ടന്റ് കാർഡിയോളജി ഡോ. പൂർണേശ്വർ പാണ്ഡെ പറയുന്നു.

അത്താഴം വെെകി കഴിക്കുന്നത് പൊതുവേ ആരോ​ഗ്യത്തിന് നല്ലതല്ല. ദീർഘനേരം ജോലി ചെയ്തതിനുശേഷം വൈകിയുള്ള അത്താഴം കഴിക്കൽ വിവിധ രോ​ഗങ്ങൾക്കാണ് കാരണമാകുന്നത്. രാത്രി 9 മണിക്ക് ശേഷം അത്താഴം കഴിക്കുന്നത് ഹൃദയാരോഗ്യത്തെയും മെറ്റബോളിസത്തെയും, ഉറക്കത്തിന്റെ ഗുണനിലവാരത്തെയും ബാധിക്കുമെന്ന് കാർഡിയോളജിസ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വളരെ വൈകി ഭക്ഷണം കഴിക്കുന്നത് ഉറക്കത്തിന്റെ ​ഗുണനിലവാരത്തെ തടസ്സപ്പെടുത്തുമെന്ന് ഫോർട്ടിസ് ആശുപത്രിയിലെ കൺസൾട്ടന്റ് കാർഡിയോളജി ഡോ. പൂർണേശ്വർ പാണ്ഡെ പറയുന്നു. വൈകിയുള്ള ഭക്ഷണം ദീർഘകാല ഹൃദയ സംബന്ധമായ അപകടസാധ്യതകൾ വർദ്ധിപ്പിക്കുകയും ചെയ്തേക്കാം. രാത്രി വൈകി പ്രത്യേകിച്ച് രാത്രി 9 മണിക്ക് ശേഷം അത്താഴം കഴിക്കുമ്പോൾ ദഹനവ്യവസ്ഥയെ ബാധിക്കാം. ഇത് രക്തസമ്മർദ്ദം ഉയർന്ന നിലയിൽ നിലനിർത്തുകയും ഉപാപചയ പ്രവർത്തനങ്ങളിൽ അധിക സമ്മർദ്ദം ചെലുത്തുകയും ചെയ്യും.

രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ധമനികളിലെ രക്താതിമർദ്ദത്തിന് കാരണമാവുകയും ടൈപ്പ് 2 പ്രമേഹം പോലുള്ള ഉപാപചയ പ്രശ്നങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. രാത്രിയിൽ ഗ്ലൂക്കോസ് പ്രോസസ്സ് ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ് കുറയുകയും ഗ്ലൂക്കോസ് ടോളറൻസും ഇൻസുലിൻ പ്രതികരണവും കുറയുകയും ചെയ്യുന്നു.

വൈകുന്നേരം നേരത്തെ ഭക്ഷണം കഴിക്കുന്നവരെ അപേക്ഷിച്ച് വൈകി അത്താഴം കഴിക്കുന്നവർക്ക് പക്ഷാഘാത സാധ്യത വളരെ കൂടുതലാണെന്ന് നേച്ചർ കമ്മ്യൂണിക്കേഷൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. വൈകിയുള്ള അത്താഴം കഴിക്കൽ ആസിഡ് റിഫ്ലക്സിനും ദഹനക്കേടിനും കാരണമാകും. പ്രത്യേകിച്ച് ഭക്ഷണം കഴിച്ച ഉടനെ ഒരാൾ കിടന്നാൽ. ആസിഡ് റിഫ്ലക്സ് ഉറക്കത്തിന്റെ ഗുണനിലവാരം തടസ്സപ്പെടുത്തുക മാത്രമല്ല, രാത്രിയിൽ ഹൃദയമിടിപ്പിലും രക്തസമ്മർദ്ദത്തിലും വർദ്ധനവിന് കാരണമാകും.

മോശം ഉറക്കം തന്നെ വീക്കം, ഹോർമോൺ അസന്തുലിതാവസ്ഥ, ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. കാലക്രമേണ, വിട്ടുമാറാത്ത ഉറക്കക്കുറവ് ഹൃദ്രോഗം, പൊണ്ണത്തടി, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും. വൈകുന്നേരം 7 മണിക്കും 8 മണിക്കും ഇടയിൽ അത്താഴം കഴിക്കുന്നതാണ് ഏറെ നല്ലത്.

അത്താഴത്തിനും ഉറക്കസമയത്തിനും ഇടയിൽ കുറഞ്ഞത് രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ ഇടവേള നിലനിർത്തുന്നത് ദഹനം കൂടുതൽ കാര്യക്ഷമമായി നടക്കാൻ സഹായിക്കുകയും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും. അമിതമായ കൊഴുപ്പ്, വറുത്ത ഭക്ഷണങ്ങൾ, ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ എന്നിവ കുറഞ്ഞ അളവിൽ കഴിക്കുന്നത് രാത്രിയിൽ ആസിഡ് റിഫ്ലക്സും ഉപാപചയ സമ്മർദ്ദവും കുറയ്ക്കും.