ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങളിൽ ദില്ലിയിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. പാർലമെന്റ് സ്ട്രീറ്റ് സ്റ്റേഷനിൽ രണ്ടും കൊണാട്ട് പ്ലേസ് സ്റ്റേഷനിൽ ഒരു കേസുമാണ് എടുത്തത്. കണ്ടാലറിയാവുന്ന ആളുകൾക്കെതിരെയാണ് നടപടി.

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങളിൽ ദില്ലിയിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്ത് പൊലീസ്. കണ്ടാലറിയാവുന്ന ആളുകൾക്കെതിരെയാണ് കേസെടുത്തത്. പാർലമെന്റ് സ്ട്രീറ്റ് സ്റ്റേഷനിൽ രണ്ടും കൊണാട്ട് പ്ലേസ് സ്റ്റേഷനിൽ ഒരു കേസുമാണ് എടുത്തത്. ​ഔദ്യോഗിക ഉത്തരവ് ലംഘിക്കൽ, പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നിവയുൾപ്പെടെ ബിഎൻഎസ് വകുപ്പുകൾ ചുമത്തി. എഫ്ഐആറിൽ വ്യക്തികളെയോ സംഘടനകളെയോ പ്രതി ചേർത്തിട്ടില്ല. എന്നാൽ എഫ്ഐആറിൽ പ്രതിഷേധം സംഘടിപ്പിച്ചവരുടെയും സംഘടനകളുടെയും വിവരങ്ങൾ പരാമർശിച്ചിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

അതേസമയം പ്രതിഷേധത്തിൽ പങ്കെടുത്ത വനിതാ പ്രവർത്തകരോട് പുരുഷ പൊലീസ് മോശമായി പെരുമാറിയെന്ന ആരോപണവുമായി സിജെപിയും ഐസയും രംഗത്തെത്തി. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർലമെൻ്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധം സംഘടിപ്പിക്കും. മുൻകരുതൽ നടപടികളുടെ ഭാഗമായി സ്റ്റേഷന് മുന്നിൽ വലിയ രീതിയിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി മുതൽ അസാധാരണ സംഭവങ്ങൾക്കാണ് ദില്ലി വേദിയായത്. ഐസയുടെ പ്രതിഷേധ മാർച്ചിനിടെ ആണ് പുരുഷ പൊലീസ് വനിതാ പ്രവർത്തകരെ വലിച്ചിഴച്ചത്. ഇതിനെതിരെ ഐസയുടെ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ഇതോടൊപ്പം പൊലീസ് ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ആരോപിച്ച് സ്വതന്ത്ര മാധ്യമപ്രവർത്തകയും രംഗത്തെത്തി. എസിപി വിവേക് ഭഗത്തിനെതിരെയാണ് ആരോപണം.

ഉദ്യോഗസ്ഥനെതിരെ കേസെടുക്കണമെന്ന് ആവശ്യവുമായി പരാതിക്കാരിയടക്കം പാർലമെൻ്റ് സ്ട്രീറ്റ് സ്റ്റേഷനിൽ എത്തിയെങ്കിലും പൊലീസ് കേസെടുക്കാൻ തയ്യാറായില്ല. ഇതിന് പിന്നാലെ സിജെപി നേതാക്കൾ എത്തി സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. ഇന്ന് രാവിലെ 11 മണിക്കകം കേസെടുത്തില്ലെങ്കിൽ സ്റ്റേഷനിലെത്തി പ്രതിഷേധിക്കുമെന്ന് സിജെപി നേതാക്കളും മറ്റു വനിതാ പ്രവർത്തകരും ഉൾപ്പെടെ ദില്ലി പൊലീസിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം പരാതി കമല നഗറിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ പരിശോധിക്കുകയാണെന്ന് ദില്ലി പൊലീസ് അറിയിച്ചു.