ഗുജറാത്തിൽ റെയിൽവേ പാതയിൽ ഇരുമ്പ് കമ്പി കണ്ടെത്തി. പാസഞ്ചർ ട്രെയിൻ കമ്പിയിലൂടെ കയറിയിറങ്ങിയെങ്കിലും വൻ അപകടം ഒഴിവായി. ജാംനഗർ ജില്ലയിലെ ലാൽപുർ, ഗോപ്ജം സ്റ്റേഷനുകൾക്കിടയിലുള്ള പാതയിലാണ് മൂന്നടിയോളം നീളമുള്ള ഇരുമ്പ് കമ്പി കണ്ടെത്തിയത്.
ജാംനഗർ: ഗുജറാത്തിൽ റെയിൽവേ പാതയിൽ അജ്ഞാതർ കൊണ്ടിട്ട ഇരുമ്പ് കമ്പിയിലൂടെ ട്രെയിൻ കയറിയിറങ്ങി വൻ ദുരന്തം ഒഴിവായി. ജാംനഗർ ജില്ലയിലെ ലാൽപുർ, ഗോപ്ജം സ്റ്റേഷനുകൾക്കിടയിലാണ് സംഭവം. മൂന്നടിയോളം നീളമുള്ള ഇരുമ്പ് കമ്പിയിലൂടെ ആണ് ട്രെയിൻ കയറിയിറങ്ങിയത്. ട്രെയിനിന് സാരമായ കേടുപാട് സംഭവിച്ചു. സംഭവത്തിൽ അജ്ഞാതർക്കെതിരെ കേസെടുത്ത പൊലീസ്, അന്വേഷണം ആരംഭിച്ചു.
59205 കനാലാസ് പോർബന്തർ എക്സ്പ്രസ് ആണ് കമ്പിയിലൂടെ കയറിയിറങ്ങിയത്. ട്രെയിനിൻ്റെ എഞ്ചിൻ മെക്കാനിസത്തിന് തകരാർ സംഭവിച്ചെങ്കിലും ലോക്കോപൈലറ്റിന് അപകടം ഒഴിവാക്കാൻ കഴിഞ്ഞു. വിവരം അറിയിച്ചതിന് പിന്നാലെ, പൊലീസ്, റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പരിശോധനയിൽ ട്രാക്കിലും കോൺക്രീറ്റ് സ്ലീപ്പറിലും ഉരഞ്ഞതിന്റെ പാടുകൾ കണ്ടെത്തി. ട്രെയിനിന്റെ എഞ്ചിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
റെയിൽവേ ജീവനക്കാരൻ്റെ പരാതിയിലാണ് ലാൽപുർ പൊലീസ് ആണ് കേസെടുത്തത്. ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം തുടങ്ങിയത്. ട്രെയിൻ അട്ടിമറി ശ്രമം അടക്കം എല്ലാ സാധ്യതകളും പൊലീസ് പരിശോധിച്ചുവരികയാണ്.


