''നമ്മുടെ മക്കളുടെയും സഹോദരിമാരുടെയും അമ്മമാരുടെയും അഭിമാനം ചോദ്യം ചെയ്യുന്ന ക്രിമിനലുകൾക്ക് ഇന്നത്തെ യുപിയിൽ ഇടമില്ല..''

നോയിഡ : ബിജെപി കിസാൻ മോര്‍ച്ച നേതാവ് ശ്രീകാന്ത് ത്യാഗിയുടെ അറസ്റ്റിന് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവും എംപിയുമായ മഹേഷ് ശര്‍മ്മ. സ്ത്രീകളെ അപമാനിക്കുന്ന ക്രിമിനലുകൾക്ക് ഉത്തര്‍പ്രദേശിൽ ഇടമില്ലെന്ന് ശര്‍മ്മ പറഞ്ഞു. നോയിഡയിൽ ത്യാഗിയുടെ അയൽവാസിയായ സ്ത്രീയെ അപമാനിക്കുകയും ഗുണ്ടകളെ വച്ച് ആക്രമിക്കുകയും ചെയ്ത കേസിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ പോയ ഇയാളെ മീററ്റിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

ഒരു സ്ത്രീയുടെം ആത്മാഭിമാനത്തെ ചോദ്യം ചെയ്ത ക്രിമിനലിനെ ഒടുവിൽ അറസ്റ്റ് ചെയ്തു. യോഗി ആദിത്യനാഥിന്റെ കാര്യക്ഷമമായ നേതൃത്വത്തിന് നന്ദി. നമ്മുടെ മക്കളുടെയും സഹോദരിമാരുടെയും അമ്മമാരുടെയും അഭിമാനം ചോദ്യം ചെയ്യുന്ന ക്രിമിനലുകൾക്ക് ഇന്നത്തെ യുപിയിൽ ഇടമില്ല - ശര്‍മ്മ ട്വീറ്റ് ചെയ്തു. 

യുപിയിൽ മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിലുള്ള കേന്ദ്രസസര്‍ക്കാരും സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വൃക്ഷത്തൈ നടുന്നതുമായി ബന്ധപ്പെട്ടാണ് ഇവര്‍ തമ്മിഷ തര്‍ക്കം ആരംഭിച്ചത്. ഇതിനിടെ ത്യാഗി സ്ത്രീയോട് അപമര്യാദയായി പെരുമാറുകയും കയ്യേറ്റം ചെയ്യുകയുമുണ്ടായി. പിന്നാലെ ഇയാളുടെ കൂട്ടാളികൾ നോയിഡ ഹൗസിങ് സൊസൈറ്റിയില്‍ പ്രവേശിക്കുകയും സ്ത്രീക്ക് നേരെ മുദ്രാവാക്യം വിളിക്കുകയും അപമാനിക്കുകയും ചെയ്തു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ത്യാഗിയുടെ, നോയിഡ ഹൗസിംഗ് സൊസൈറ്റിയിലെ അനധികൃതമായി നിര്‍മ്മിച്ച ഫ്ലാറ്റുകൾ യുപി സര്‍ക്കാര്‍ ഒഴിപ്പിച്ചിരുന്നു. ബുൾഡോസറുകൾ ഉപയോഗിച്ച് ഫ്ലാറ്റുകൾ ഇടിച്ച് നിരത്തുകയായിരുന്നു. 

ശ്രീകാന്ത് ത്യാഗി താന്‍ ബിജെപിയുമായി ബന്ധപ്പെട്ട കിസാന്‍മോര്‍ച്ചാ നേതാവാണെന്ന് അവകാശപ്പെടുകയും നേതാക്കള്‍ക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.എന്നാൽ പാർട്ടിയുമായി നേരിട്ട് ബന്ധമില്ലെന്നാണ് ബിജെപിയുടെ വിശദീകരണം. 

Read More : ബിജെപി കിസാന്‍മോര്‍ച്ച നേതാവ് അറസ്റ്റിൽ, നടപടി അയൽക്കാരിയെ കയ്യേറ്റം ചെയ്ത കേസിൽ 

ത്യാഗിയുടെ അനധികൃത നിര്‍മ്മാണങ്ങൾ ബുൾഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നത് ആളുകൾ കരഘോഷത്തോടെയാണ് ഏറ്റെടുത്തത്. ആദിത്യനാഥ് സര്‍ക്കാരിന്റെ നടപടിയിൽ അതീവ സന്തുഷ്ടരെന്നും അയാളുടെ പെരുമാറ്റത്തിലും അനധികൃത നിര്‍മ്മാണത്തിലും പൊറുതിമുട്ടിയിരുന്നുവെന്നും ഇവിടുത്തെ താസമക്കാര്‍ പറഞ്ഞു. 

Rea Also : കൈയ്യേറ്റം: ബിജെപി നേതാവിന്റെ അപ്പാർട്ട്മെന്റുകൾ തകർത്ത് യുപി സർക്കാർ ബുൾഡോസർ