കൊളംബോയിൽ നിന്ന് മുംബൈയിലെത്തിയ യാത്രക്കാരിയിൽ നിന്ന് 47 കോടി രൂപ വിലമതിക്കുന്ന 4.7 കിലോ കൊക്കെയ്ൻ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് പിടിച്ചെടുത്തു. കാപ്പിപ്പൊടി പാക്കറ്റുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. 

മുംബൈ: കൊളംബോയിൽ നിന്ന് മുംബൈയിലെത്തിയ യാത്രക്കാരിയിൽ നിന്ന് 4.7 കിലോ കൊക്കെയ്ൻ പിടിച്ചെടുത്തു. 47 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ൻ ആണ് പിടിച്ചെടുത്തത്. സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു.

ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥരാണ് യാത്രക്കാരിയിൽ നിന്ന് കൊക്കെയ്ൻ പിടിച്ചെടുത്തത്. യാത്രക്കാരി വിമാനം ഇറങ്ങിയതിന് പിന്നാലെ സംശയം തോന്നി ഡിആർഐ ഉദ്യോഗസ്ഥർ അവരെ തടഞ്ഞു. ലഗേജ് വിശദമായി പരിശോധിച്ചു. ഈ പരിശോധനയിൽ, കാപ്പിപ്പൊടി പാക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ ഒമ്പത് പൗച്ചുകളിലായി വെളുത്ത പൊടി കണ്ടെത്തുകയായിരുന്നു. എൻഡിപിഎസ് ഫീൽഡ് കിറ്റ് ഉപയോഗിച്ച് നടത്തിയ പ്രാഥമിക പരിശോധനയിൽ ഇത് കൊക്കെയ്ൻ ആണെന്ന് സ്ഥിരീകരിച്ചു.

അറസ്റ്റിലായത് അഞ്ച് പേർ

കൊക്കെയ്ൻ കൈപ്പറ്റാൻ വിമാനത്താവളത്തിൽ എത്തിയ ആളെയും അറസ്റ്റ് ചെയ്തു. കൂടാതെ കള്ളക്കടത്ത് സംഘത്തിലെ മറ്റ് മൂന്ന് പേർ കൂടി പിടിയിലായി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. നർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് നിയമം, 1985 പ്രകാരമാണ് അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്തതെന്ന് പ്രസ്താവനയിൽ പറയുന്നു.

ഡിആർഐ അടുത്തിടെ നടത്തിയ മയക്കുമരുന്ന് വേട്ടയിൽ പൊതുവായി കണ്ടെത്തിയ കാര്യം മന്ത്രാലയം ചൂണ്ടിക്കാട്ടി. ഭക്ഷ്യവസ്തുക്കളിൽ ഒളിപ്പിച്ചാണ് പ്രതികളിൽ പലരും മയക്കുമരുന്ന് കടത്തിയത്. സ്ത്രീകളുടെ കൈവശം മയക്കുമരുന്ന് കൊടുത്തുവിടുന്ന പ്രവണതയും കൂടി വരുന്നു. ഇന്ത്യൻ സ്ത്രീകളെ ഇത്തരത്തിൽ ചൂഷണം ചെയ്യുന്നത് ആശങ്കയുളവാക്കുന്ന പ്രവണതയാണെന്ന് മന്ത്രാലയം വിശദീകരിച്ചു.

കൊളംബോയിൽ നിന്ന് കൊക്കെയ്ൻ എത്തിച്ചത് ആർക്കുവേണ്ടിയാണെന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പിടിയിലായവരുടെ പേര് വിവരം ഡിആർഐ പുറത്തുവിട്ടിട്ടില്ല. വിശദമായ അന്വേഷണം നടത്തുമെന്ന് അറിയിച്ചു.