പഞ്ചാബ് പോലീസ് രജിസ്റ്റർ ചെയ്ത കേസുകളെക്കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് സന്ദീപ് പഥക് എംപി. കേസെടുത്തെങ്കിൽ അത്ഭുതമില്ലെന്നും എഫ്ഐആറിന്റെ പകർപ്പിനായി കാത്തിരിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

ന്യൂഡൽഹി: പഞ്ചാബ് പോലീസ് തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സന്ദീപ് പഥക്. എഫ്ഐആറിൻ്റെ പകർപ്പിനായി കാത്തിരിക്കുകയാണെന്നും അധികാരം ദുരുപയോഗം ചെയ്ത് തനിക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിൽ അത്ഭുതമില്ലെന്നും അദ്ദേഹം ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എഎപി വിട്ട് ബിജെപിയിൽ എത്തിയ സന്ദീപ് പഥക്കിനെതിരെ എഎപി ഭരിക്കുന്ന പഞ്ചാബിൽ പോലീസ് രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തുവെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ട്. ഇതേ തുടർന്നാണ് സന്ദീപ് പഥക്കിൻ്റെ പ്രതികരണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തനിക്കെതിരെ രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തുവെന്ന് ടിവി ചാനലുകൾ റിപ്പോർട്ട് ചെയ്തതായി കണ്ടു. എന്നാൽ ഇതുസംബന്ധിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. എഫ്ഐആറിൻ്റെ പകർപ്പിനായി താൻ കാത്തിരിക്കുകയായിരുന്നു. അധികാരം ദുരുപയോഗം ചെയ്ത് തനിക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിൽ അതിൽ അത്ഭുതമില്ല. എഎപിക്ക് വേണ്ടി സത്യസന്ധമായ പ്രവർത്തനമാണ് നടത്തിയത്. ഇപ്പോൾ താൻ ബിജെപിയിൽ ചേർന്നിരിക്കുന്നു, തൻ്റെ പ്രവർത്തനം അതേപോലെ തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

എഎപി വിട്ട് ബിജെപിയിൽ എത്തിയ സന്ദീപ് പഥക്കിനെതിരെ പഞ്ചാബ് പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി രണ്ട് എഫ്ഐആറാണ് രജിസ്റ്റർ ചെയ്തത്. ഇതിനെതിരെ രൂക്ഷവിമർശനവുമായി ബിജെപിയും ശിരോമണി അകാലി ദളും രംഗത്തെത്തിയിരുന്നു. സന്ദീപിനെതിരായ കേസ് രാഷ്ട്രീയ വേട്ടയാടലാണെന്ന് വിമർശിച്ച ബിജെപിയും ശിരോമണി അകാലി ദളും എഎപി സർക്കാർ പോലീസിനെ ദുരുപയോഗം ചെയ്യുകയാണെന്നും കുറ്റപ്പെടുത്തി. അതേസമയം കേസെടുത്ത സാഹചര്യത്തിൽ സന്ദീപ് പഥക്കിൻ്റെ ദില്ലിയിലെ വസതിക്ക് പുറത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചും ബാരിക്കേഡുകൾ സ്ഥാപിച്ചുമാണ് സുരക്ഷ കടുപ്പിച്ചത്.