അധ്യാപകരുടെ സാന്നിധ്യം പോലുമില്ലാത്ത സാഹചര്യത്തിലാണ് പേപ്പറിലെ ഉച്ചഭക്ഷണ വിളമ്പൽ

ഭോപ്പാൽ: സ്കൂൾ കെട്ടിടത്തിന് മുന്നിൽ വെറും നിലത്ത് പേപ്പറിൽ ഉച്ച ഭക്ഷണം വിളമ്പിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ. വെറും കുട്ടികൾക്ക് നിലത്ത് പേപ്പറിലിട്ട് ഭക്ഷണം നൽകുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. അധ്യാപകരുടെ സാന്നിധ്യം പോലുമില്ലാത്ത സാഹചര്യത്തിലാണ് പേപ്പറിലെ ഉച്ചഭക്ഷണ വിളമ്പൽ. വലിയ വിവാദത്തിനാണ് മധ്യപ്രദേശിൽ നിന്നുള്ള വൈറൽ ദൃശ്യങ്ങൾ തിരികൊളുത്തിയത്. ഷിയോപൂർ ജില്ലയിലെ സ്കൂളിലാണ് സംഭവം നടന്നത്. വിഷയത്തിൽ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. ഷിയോപൂർ ജില്ലയിലെ ഹുല്ലാപൂർ സർക്കാർ സ്കൂളിൽ നിന്നുള്ളതാണ് പുറത്ത് വന്ന ദൃശ്യങ്ങൾ. 

പാത്രമില്ലാതെ തറയിലിരുന്ന് ഭക്ഷണം കഴിക്കേണ്ട അവസ്ഥയിൽ വിദ്യാർത്ഥികൾ 

പാത്രങ്ങളോ സ്പൂണോ പോലും കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ നൽകിയിരുന്നില്ല. വെറും നിലത്ത് വരിയായി ഇരുന്ന് പഴയ പത്രത്തിന്റെ കഷ്ണത്തിൽ വിളമ്പിയ ഭക്ഷണം കഴിക്കുന്ന കുട്ടികളുടെ ദൃശ്യങ്ങൾ വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. സ്കൂൾ കാണാനെത്തിയ ആളാണ് എന്ന് വിശേഷിപ്പിച്ച ആളുടെ സാന്നിധ്യത്തിലായിരുന്നു ഭക്ഷണ വിതരണം. ഇയാൾക്ക് സ്കൂളുമായി ബന്ധമില്ലെന്ന് ഇയാൾ തന്നെ വീഡിയോയിൽ വിശദമാക്കിയിരുന്നു. 

Scroll to load tweet…

സംഭവം വിവാദമായതിന് പിന്നാലെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഭക്ഷണം വിളമ്പിയ ജീവനക്കാരുമായുള്ള കരാർ അവസാനിപ്പിച്ചിരുന്നു. സ്കൂളിന്റെ ചുമതലയിലുണ്ടായിരുന്ന വ്യക്തിയെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. വീഡിയോയിൽ കാണിച്ച സംഭവങ്ങൾ നടന്നതാണെന്ന് ഡിഇഒ സ്ഥിരീകരിച്ചിരുന്നു. ഇത് ആദ്യമായല്ല ഇത്തരത്തിൽ ഭക്ഷണം കടലാസിൽ വിളമ്പിയതെന്ന് വ്യക്തമായതെന്നും ഡിഇഒ വിശദമാക്കി.

പ്രധാനമന്ത്രി ലജ്ജിക്കണമെന്ന് രാഹുൽ ഗാന്ധി

സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് പോഷകസമൃദ്ധവും ശുചിത്വവുമുള്ള ഭക്ഷണം നൽകാൻ ഉദ്ദേശിച്ചുള്ള പിഎം പോഷൺ (പ്രധാൻമന്ത്രി പോഷൺ ശക്തി നിർമ്മാൺ) പദ്ധതിയുടെ പോരായ്മകളാണ് ഈ സംഭവത്തോടെ ഉയർന്നതെന്നാണ് വ്യാപകമാവുന്ന ആരോപണം. നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുമെന്ന് ബിജെപി വാഗ്ദാനംചെയ്തിരുന്നു. സംഭവത്തിനെതിരെ രൂക്ഷമായാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചത്. പ്രധാനമന്ത്രിയും മധ്യപ്രദേശ് മുഖ്യമന്ത്രിയും ലജ്ജിക്കണമെന്ന് കുറിപ്പോടെയാണ് വീഡിയോ രാഹുൽ ഗാന്ധി പങ്കുവച്ചത്. ദൃശ്യം തന്റെ ഹൃദയം തകർത്തെന്നും മധ്യപ്രദേശിലേക്ക് പോകുകയാണെന്നും രാഹുൽ പ്രതികരിച്ചു. 20 വർഷത്തിലധികമായി ഭരിക്കുന്ന ബിജെപി സർക്കാർ കുട്ടികളുടെ പ്ലേറ്റുകൾപോലും അപഹരിച്ചു. ഇവരുടെ വികസനമെന്നത് വെറും മിഥ്യയാണെന്നുമാണ് രാഹുലിന്റെ പരിഹാസം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം