ബിജെപിയിൽ ചേരാൻ ഓഫർ ലഭിച്ചുവെന്ന പ്രതികരണവുമായി തൃണമൂൽ കോൺഗ്രസ് നേതാവ് സൗ​ഗത റോയ് എംപി. ഓഫർ നിരസിച്ചുവെന്ന് പറഞ്ഞ സൗ​ഗത റോയ്, പാർട്ടിക്കൊപ്പം നിൽക്കുമെന്നും വാർത്താ ഏജൻസിയോട് പറഞ്ഞു. 

ദില്ലി: തൃണമൂൽ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ, ബിജെപിയിൽ ചേരാൻ ഓഫർ ലഭിച്ചുവെന്ന അവകാശവാദവുമായി മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവും എംപിയുമായ സൗ​ഗത റോയ്. ബിജെപിയിൽ ചേരാൻ ഓഫർ ലഭിച്ചുവെന്ന് അവകാശപ്പെട്ട സൗ​ഗത റോയ്, താൻ അത് നിരസിച്ചുവെന്നും മമത ബാനർജിക്കൊപ്പം നിൽക്കുമെന്നും പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോടാണ് സൗ​ഗത റോയ്‍യുടെ പ്രതികരണം.

"അതെ, എനിക്ക് ചേരാൻ (ബിജെപിയിൽ) ഓഫർ ലഭിച്ചു. പക്ഷേ ഞാൻ അത് നിരസിച്ചു. ഞാൻ ജയിച്ച പാർട്ടിക്കൊപ്പം നിൽക്കും"- സൗ​ഗത റോയ് പറഞ്ഞു. മുതി‍ർന്ന തൃണമൂൽ കോൺ​ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സുഖേന്ദു ശേഖ‍ർ റോയ് പാ‍ർട്ടി വിട്ടതിന് പിന്നാലെയാണ് സൗ​ഗത റോയ്‍യുടെ പ്രതികരണം. ​പാർട്ടിക്കെതിരെ ​ഗുരുതര അഴിമതി ആരോപണങ്ങൾ ഉന്നയിച്ച അദ്ദേഹം ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങളും സജീവമായിട്ടുണ്ട്.

അതേസമയം സുഖേന്ദു ശേഖ‍ർ റോയ്‍യുടെ രാജി പ്രാധാന്യമർഹിക്കുന്നതല്ലെന്ന് സൗ​ഗത റോയ്‍ പറഞ്ഞു. ഒരിക്കലും തെരഞ്ഞെടുപ്പിൽ ജയിക്കാത്ത രാജ്യസഭാ എംപിയുടെ അഭിപ്രായത്തിന് എന്ത് വിലയാണുള്ളതെന്നും സൗ​ഗത റോയ്‍ ചോദിച്ചു. പാ‍ർട്ടിയിൽ ഉയ‍ർ‌ന്ന വിമത ശബ്ദത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. സാഹചര്യം മോശമാകുമ്പോൾ അത്തരക്കാർ നിലപാട് മാറ്റും, അതാണ് സംഭവിച്ചത്. എംഎൽഎമാരുടെ എണ്ണം കാട്ടി വിമത‍ർക്ക് പാർട്ടി ചിഹ്നം അവകാശപ്പെടാൻ കഴിയില്ല. വിമതർക്ക് പിന്നിൽ ബിജെപിയാണെന്നും സ്വന്തമായി അവർക്ക് ഒരു സീറ്റിൽ പോലും വിജയിക്കാൻ കഴിയില്ലെന്നും സൗ​ഗത റോയ് കൂട്ടിച്ചേർത്തു.

അതിനിടെ, സുഖേന്ദു ശേഖ‍ർ റോയി പാ‍ർട്ടി വിട്ടതിന് പിന്നാലെ കൂടുതൽ എംപിമാർ ബിജെപി പാളയത്തിലേക്ക് എത്തിയേക്കുമെന്ന അഭ്യൂഹം ശക്തമാണ്. ദില്ലിയിൽ 10 തൃണമൂൽ കോ​ൺ​ഗ്രസ് എംപിമാർ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ബിജെപി നേതാവ് ഭൂപേന്ദർ യാദവിൻ്റെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. ബം​ഗാളിലെ 80 തൃണമൂൽ കോൺ​ഗ്രസ് എംഎൽഎമാരിൽ 60 പേരും പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജി നേതൃത്വം നൽകുന്ന വിമത ക്യാമ്പിനൊപ്പമാണ്.