ട്രാൻസ്ജെൻഡർ സ്ത്രീകൾ ഒത്തുകൂടുന്ന, അവരെ കേന്ദ്രീകരിച്ചുള്ള ഒരാഘോഷമാണ് നടക്കുന്നത്.
നമ്മുടെ രാജ്യത്ത് സ്വവർഗ ലൈംഗികത ഒരു കുറ്റകൃത്യമല്ലാതാകുന്നതും ലൈംഗിക ന്യൂനപക്ഷങ്ങളെ പൂർണ്ണമായ തോതിൽ പൗരന്മാരായി കണക്കാക്കാൻ തുടങ്ങിയതും 2018ലാണ്. ആ വർഷം സെപ്റ്റംബറിലാണ് സ്വവർഗലൈംഗികത കുറ്റകൃത്യമായി കണക്കാക്കിയിരുന്ന സെക്ഷൻ 377 റദ്ദാക്കിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് വരുന്നത്. പക്ഷേ അപ്പോഴും ആളുകൾക്ക് അവരോടുള്ള മനോഭാവത്തിൽ എത്രത്തോളം മാറ്റം വന്നിട്ടുണ്ട് എന്നത് ചോദ്യമായി അവശേഷിക്കുന്നു.
ലൈംഗിക ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെടുന്നവരെ മാറ്റിനിർത്തുന്ന പ്രവണത ഏറിയും കുറഞ്ഞും സമൂഹത്തിൽ ഇപ്പോഴും തുടരുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിലാണ് തമിഴ്‌നാട്ടിലെ വില്ലുപുരത്തുള്ള കൂവാഗം എന്ന സ്ഥലവും അവിടത്തെ കൂത്താണ്ടവര്‍ ക്ഷേത്രത്തിൽ ഈ ഏപ്രിൽ 22 മുതൽ മെയ് ആറ് വരെ നടക്കുന്ന ചില ആചാരാനുഷ്ഠാനങ്ങളും ശ്രദ്ധകേന്ദ്രമാകുന്നത്.
വിചിത്രമായ ആചാരങ്ങൾ, വിശ്വാസങ്ങൾ, മിത്തുകൾ... ഇവയെല്ലാം എന്നും തമിഴ്‌നാടിന്‍റെ ചോരയിലും ചരിത്രത്തിലും കലർന്നുപോയവയാണ്. അതിൽപലതും കാണുന്നവരെയും കേൾക്കുന്നവരെയും അമ്പരപ്പിക്കും, ചിലത് ചിന്തിപ്പിക്കും. ഇതും അത്തരത്തിലുള്ള ഒരാഘോഷമാണ്. ട്രാൻസ്ജെൻഡർ സ്ത്രീകൾ ഒത്തുകൂടുന്ന, അവരെ കേന്ദ്രീകരിച്ചുള്ള ഒരാഘോഷമാണ് നടക്കുന്നത്. ട്രാന്‍സ്ജെന്‍ഡറുകളായ ആളുകളുടെ നേതൃത്വത്തില്‍ നടക്കുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നുകൂടിയാണ് കൂവാഗത്തെ ഈ ഉത്സവം. ചിത്രാപൗർണ്ണമി നാളിൽനടക്കുന്ന ട്രാൻസ് സ്ത്രീകളുടെ വിവാഹാഘോഷങ്ങളാണ് ഈ ചടങ്ങിലെ ഏറ്റവും പ്രധാന പ്രത്യേകത.
വ്യത്യസ്തമായ പല ആചാരങ്ങൾക്കും പ്രസിദ്ധമാണ് വില്ലുപുരത്തുള്ള കൂവാഗം കൂത്താണ്ടവര്‍ ക്ഷേത്രം. പ്രധാന ചടങ്ങുകൾ നടക്കുന്നത് ചിത്രാപൗർണ്ണമി ദിനത്തിലായതിൽ ചിത്രാപൗർണ്ണമി ഉത്സവമെന്നും ഇതിനെ വിളിക്കാറുണ്ട്. മേട മാസത്തിലെ വെളുത്തവാവ് ദിനമാണ് ചിത്രാപൗർണ്ണമി എന്ന് അറിയപ്പെടുന്നത്. ഹൈന്ദവിശ്വാസ പ്രകാരം നിരവധി പ്രത്യേകതകൾ കൽപ്പിക്കപ്പെടുന്ന ദിവസം കൂടിയാണിത്. തമിഴ് മാസപ്രകാരം ചിത്തിര മാസത്തിലാണ് ഈ ദിനം വരുന്നത്. കൂത്താണ്ടവർ അഥവാ അറവാൻ ആണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ.
മഹാഭാരതവുമായും കുരുക്ഷേത്രയുദ്ധവുമായും ബന്ധപ്പെട്ട ഒരു ഐതിഹ്യമാണ് ഈ ഉത്സവത്തിന്റെ കാതൽ. അതെന്താണെന്ന് നോക്കാം. കൂത്താണ്ടവർ എന്നറിയപ്പെടുന്ന ബഭ്രുവാഹനൻ, പാണ്ഡവരിൽ മൂന്നാമനായ അർജുനന് നാഗസ്ത്രീയായ ഉലൂപിയില്‍ പിറന്ന മകനാണ് എന്ന് മഹാഭാരതത്തിൽ പറയുന്നു. ഇരവാന്‍ എന്നും അറവാന്‍ എന്നുമെല്ലാം അദ്ദേഹത്തിന് പേരുകളുണ്ട്. മഹാഭാരത യുദ്ധ സമയത്ത് പാണ്ഡവര്‍ യുദ്ധത്തില്‍ തോല്‍ക്കുമെന്ന് ഒരു പ്രവചനം ഉണ്ടായി. ഈ പ്രവചനം ഫലിക്കാതിരിക്കാനായി ഭദ്രകാളിക്ക് മനുഷ്യക്കുരുതി നടത്തണമെന്നും ജ്യോതിഷികൾ പറഞ്ഞു.
അതും ആരെയെങ്കിലും കുരുതി നൽകിയാൽ പോരാ, മറിച്ച് എല്ലാം തികഞ്ഞ ഒരു പുരുഷനെയായിരിക്കണം മനുഷ്യക്കുരുതിയായി നൽകേണ്ടത്. കൃഷ്ണനും അർജുനനും ഇരാവാനും മാത്രമായിരുന്നു അത്തരത്തിൽ എല്ലാം തികഞ്ഞ പുരുഷന്മാരായി ഉള്ളത് എന്നുകൂടി വന്നതോടെ അർജുനനും കൃഷ്ണനും ഒരിക്കലും കൊല്ലപ്പെടാൻ പാടില്ലെന്ന തീരുമാനത്തോടെ ഇരവാൻ ആ ദൗത്യം സന്തോഷത്തോടെ ഏറ്റെടുത്തു. മനുഷ്യക്കുരുതിയവാൻ താൻ തയാറാണെന്നും പക്ഷേ മരിക്കുന്നതിനുമുമ്പ് തനിക്ക് വിവാഹിതനാകണമെന്ന ആഗ്രഹം ഇരവാൻ എല്ലാവരോടുമായി പങ്കുവച്ചു. എന്നാൽ ഉടൻതന്നെ മരണം വരിക്കാൻ പോകുന്ന ഇരവാന്‍റെ ഭാര്യയാകാൻ സ്ത്രീകളാരും മുന്നോട്ടുവന്നില്ല. അതോടെ നിരാശനായ ഇരവാന്‍റെ ആഗ്രഹം സഫലമാക്കാൻ സാക്ഷാൽ ശ്രീകൃഷ്ണൻതന്നെ മോഹിനീരൂപം പൂണ്ട ഇരവാനെ ഭർത്താവായി സ്വീകരിച്ചു. അങ്ങനെ തന്‍റെ ആഗ്രഹം പൂർത്തിയാക്കി മടങ്ങിയ ഇരവാൻ തൊട്ടടുത്ത ദിവസംതന്നെ കൊല്ലപ്പെടുകയും ചെയ്തു.
ഈ ഇരവാന്‍റെ പത്നിമാരാകാനും അദ്ദേഹത്തിന്റെ ആഗ്രഹപൂർത്തീകരണത്തിനുംവേണ്ടിയാണ് എല്ലാ വർഷവും ട്രാൻസ് സ്ത്രീകൾ കൂത്താണ്ടവർ ക്ഷേത്രത്തിലേക്കെത്തുന്നത്. ഇവിടേക്കെത്തുന്ന ഓരോ ട്രാൻസ് സ്ത്രീകളും ഇരവാന്റെ വധുവാണ്. ചിത്ര പൗര്‍ണ്ണമി നാളിനോട് അടുപ്പിച്ച് 18 ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളാണ് ഇവിടെയുള്ളത്. ഏപ്രിൽ അവസാനം മുതൽ തുടങ്ങി മെയ് ആദ്യ ദിവസങ്ങൾ വരെ നീണ്ടുനിൽക്കുന്ന ഈ ആഘോഷം അവസാനിക്കുക ചിത്രാപൗർണ്ണമി ദിനത്തിലായിരിക്കും. ഏപ്രിൽ 22 മുതൽ മെയ് 6 വരെയാണ് ഈ വർഷത്തെ ചിത്രാപൗർണ്ണമി ആഘോഷങ്ങൾ നടക്കുന്നത്.
ആദ്യത്തെ 16 ദിവസങ്ങളും പാട്ടും നൃത്തവും മത്സരങ്ങളും സെമിനാറുകളും മറ്റാഘോഷങ്ങളുമെല്ലാമായി കടന്നുപോകും. അടുത്ത രണ്ട് ദിവസങ്ങളാണ് ഈ ചടങ്ങിലെ ഏറ്റവും നിർണ്ണായകമായ ദിനങ്ങൾ. 17 ആം ദിനം ഇവിടെയെത്തിയിട്ടുള്ള എല്ലാ ട്രാൻസ് സ്ത്രീകളും വിവാഹവേഷത്തിൽ അണിഞ്ഞൊരുങ്ങും. ക്ഷേത്രത്തിലെ പുരോഹിതന്മാർ ഇവർക്ക് പൂജിച്ച മംഗല്യസൂത്രങ്ങൾ ചാർത്തി നൽകും. ഇതോടെ അവർ ഒരേയൊരു രാത്രിക്കുവേണ്ടി ഇരവാന്‍റെ ഭാര്യമാരായി മാറുന്നു എന്നാണ് സങ്കൽപ്പം.
ചടങ്ങുകളുടെ അവസാന ദിവസമായ 18-ാം ദിനം ഇരാവാൻ കൊല്ലപ്പെട്ടതിന്‍റെ ഓർമ്മയിൽ വൈധവ്യം സ്വീകരിക്കുന്ന ഈ ട്രാൻസ് സ്ത്രീകളുടെ കഴുത്തിലെ താലി പുരോഹിതർതന്നെ കത്തികൊണ്ട് അറുത്തുമാറ്റും. തുടർന്ന് അവർതന്നെ സ്വന്തം കൈകളിലെ കുപ്പിവളകൾ അടിച്ച് പൊട്ടിക്കുന്നു. വിധവകളെപ്പോലെ താലിയും ആഭരണങ്ങളുമെല്ലാം വലിച്ചെറിഞ്ഞ്, കരഞ്ഞും നിലവിളിച്ചും അവർ വെള്ള വസ്ത്രങ്ങൾ ധരിക്കുന്നു. ഇതോടെയാണ് ഈ ചടങ്ങുകൾക്ക് അവസാനമാകുന്നത്.

സമൂഹത്തിന്‍റെ പല കോണുകളിൽനിന്നും അടിച്ചമർത്തലുകൾ നേരിടുന്ന ട്രാൻസ്ജെന്‍ഡര്‍ വിഭാഗത്തിൽ പെടുന്ന ആളുകൾക്ക് ഒത്തുകൂടാനും ആഘോഷിക്കാനും തങ്ങളും ഈ സമൂഹത്തിന്റെയും ഇവിടെയുള്ള ആചാരാനുഷ്ടാനങ്ങളുടെയും ഭാഗമാണ് എന്ന് ബോധ്യപ്പെടാനുമൊക്കെയുള്ള അവസരംകൂടിയാണ് ഈ ചടങ്ങുകൾ. ഇന്ത്യയിലെ ഏറ്റവും വലിയ ട്രാന്‍സ്ജെന്‍ഡര്‍ ആഘോഷം കൂടിയാണിത്. പിന്നിലുള്ള കഥ മിഥ്യയായാലും അല്ലെങ്കിലും ഈ ചടങ്ങ് ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെടുന്ന മനുഷ്യർ നമ്മുടെ സംസ്കാരത്തിന്റെയും ഐതിഹ്യങ്ങളുടെയും ഭാഗമാണെന്ന് ഓർമ്മിപ്പിക്കുന്ന ഒന്നാണെന്നതിൽ സംശയമില്ല.


