പശ്ചിമ ബംഗാളിലെ ഫൽതയിൽ ഇന്ന് റീപോളിംഗ് നടക്കുമ്പോൾ, തൃണമൂൽ സ്ഥാനാർത്ഥി അപ്രതീക്ഷിതമായി പിന്മാറി. വ്യാപക ക്രമക്കേടുകളെ തുടർന്ന് 285 ബൂത്തുകളിൽ പുനർവോട്ടെടുപ്പ് നടക്കുമ്പോൾ, സംസ്ഥാനത്തെ പുതിയ ബിജെപി സർക്കാരിനെതിരെ മമത ബാനർജി രൂക്ഷ വിമർശനം ഉന്നയിക്കുന്നു.
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഫൽത നിയമസഭാ മണ്ഡലത്തിലെ റീപോളിംഗ് ഇന്ന് നടക്കും. പുനർ വോട്ടെടുപ്പ് കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കർശന നടപടി സ്വീകരിച്ചെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. മണ്ഡലത്തിൽ മത്സരിക്കുന്ന തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി ജഹാംഗിർ ഖാൻ പിന്മാറുന്നതായി പ്രഖ്യാപിച്ചിരുന്നു. പ്രദേശത്ത് സമാധാനവും വികസനവും ഉറപ്പാക്കണമെന്ന ലക്ഷ്യത്തോടെയാണ് തന്‍റെ തീരുമാനം എന്നും, ഫൽതയ്ക്കായി ബിജെപി നേതൃത്വത്തിലുള്ള പുതിയ സർക്കാർ പ്രഖ്യാപിച്ച പ്രത്യേക പാക്കേജിനെ പ്രശംസിക്കുകയും ചെയ്തു.

എന്നാൽ സ്ഥാനാർത്ഥിയുടെ തീരുമാനം വ്യക്തിപരമാണെന്നും പാർട്ടിയുടെ നിലപാട് അല്ലെന്നും തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. ഇതോടെ നിലവിൽ മത്സരം ബിജെപിയുടെ ദേബാങ്ഷു പാണ്ഡ, കോൺഗ്രസിന്‍റെ അബ്‍ദുൾ റസാഖ് മൊല്ല, സിപിഎമ്മിന്റെ ശംഭു നാഥ് കുർമി എന്നിവർ തമ്മിലാണ്. ഏപ്രിൽ 29ന് നടന്ന തെരഞ്ഞെടുപ്പ് വ്യാപക ക്രമക്കേടുകൾ ഉണ്ടായതായി ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ അസാധുവാക്കിയിരുന്നു. ഇതിനെ തുടർന്ന് 285 ബൂത്തുകളിലുമുള്ള സമ്പൂർണ പുനർവോട്ടെടുപ്പ് നടത്താൻ കമ്മീഷൻ ഉത്തരവിട്ടത്. വോട്ടെണ്ണൽ ഈ മാസം 24ന് നടക്കും.
അതേസമയം, പശ്ചിമ ബംഗാളിലെ പുതുതായി അധികാരമേറ്റ ബിജെപി സർക്കാരിനെതിരെ രൂക്ഷമായ വിമർശനമാണ് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി ഉയർത്തുന്നത്. സംസ്ഥാനത്ത് ന്യൂനപക്ഷങ്ങളെയും വഴിയോര കച്ചവടക്കാരെയും ലക്ഷ്യമിട്ട് ബിജെപി സർക്കാർ ആക്രമണങ്ങൾ അഴിച്ചുവിടുകയാണെന്ന് മമത ആരോപിച്ചു. കേന്ദ്രത്തിലെ മോദി സർക്കാരിന്റെ ഭരണകാലം എണ്ണപ്പെട്ടു കഴിഞ്ഞുവെന്നും വരും ദിവസങ്ങളിൽ ബിജെപിക്ക് അധികാരം നഷ്ടപ്പെടുമെന്നും മമത ബാനർജി പറഞ്ഞു.
തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ങളെക്കുറിച്ചും അനധികൃത കൈയേറ്റം ഒഴിപ്പിക്കൽ എന്ന പേരിൽ നടക്കുന്ന ബുൾഡോസർ നടപടികളെക്കുറിച്ചും മമത ആശങ്ക രേഖപ്പെടുത്തി. ഭരണഘടനാപരമായ മൂല്യങ്ങളെ ഈ സർക്കാർ തകർക്കുകയാണെന്നും ബിജെപി മുഖ്യമന്ത്രി സുവേന്ദു അധികാരിയെ ലക്ഷ്യം വെച്ച് മമത പറഞ്ഞു. വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെതിരെ മെയ് 21-ന് കൊൽക്കത്തയുടെ വിവിധ ഭാഗങ്ങളിൽ വൻ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ തൃണമൂൽ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

