യാത്രക്കാരി തിരികെ കപ്പലിൽ കയറിയില്ലെന്ന കാര്യം പോലും ശ്രദ്ധിക്കാതെ ലിസാഡ് ദ്വീപിൽ നിന്ന് കപ്പൽ പുറപ്പെട്ടത് വലിയ രീതിയിൽ വിമർശനത്തിന് കാരണമായിരുന്നു.
മെൽബൺ: മൂന്ന് മാസത്തെ ആഡംബര യാത്രയ്ക്കായി പുറപ്പെട്ട കപ്പൽ യാത്ര തുടങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽ യാത്ര റദ്ദാക്കി. കപ്പൽ ജീവനക്കാരുടെ അനാസ്ഥയിൽ യാത്രക്കാരിലൊരാൾ മരിക്കാനിടയായതോടെയാണ് സംഭവം. ഓസ്ട്രേലിയയിലാണ് സംഭവം. ദീർഘനാളത്തെ ക്രൂയിസ് കപ്പൽ അനുഭവങ്ങൾക്ക് പേരെടുത്ത കോറൽ അഡ്വൻജർ കപ്പലിലെ യാത്രക്കാരിയാണ് ട്രെക്കിംഗിനിടെ മരണപ്പെട്ടത്. യാത്രക്കാരി തിരികെ കപ്പലിൽ കയറിയില്ലെന്ന കാര്യം പോലും ശ്രദ്ധിക്കാതെ ലിസാഡ് ദ്വീപിൽ നിന്ന് കപ്പൽ പുറപ്പെട്ടത് വലിയ രീതിയിൽ വിമർശനത്തിന് കാരണമായിരുന്നു. യാത്ര പുറപ്പെട്ട് മണിക്കൂറുകൾക്ക് ശേഷമാണ് 80കാരിയായ സൂസൻ റീസ് കപ്പലിൽ എത്തിയില്ലെന്നത് ക്രൂയിസ് കപ്പൽ ജീവനക്കാർ മനസിലാക്കുന്നത്. പിന്നാലെ ലിസാഡ് ദ്വീപിൽ നടത്തിയ തെരച്ചിലിലാണ് 80കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
80കാരിയുടെ ദാരുണ മരണം ആദ്യ ഡെസ്റ്റിനേഷനിൽ
സാങ്കേതിക തകരാറുകൾ മൂലവും യാത്രക്കാരിയുടെ ദാരുണ മരണം മൂലവും യാത്ര ഉപേക്ഷിക്കുകയാണെന്നാണ് കോറൽ എക്സ്പെഡിഷൻ സിഇഒ മാർക്ക് ഫിഫീൽഡ് വിശദമാക്കിയത്. യാത്രക്കാർക്ക് മുഴുവൻ പണവും തിരികെ നൽകും. യാത്രക്കാർക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങാനായി ചാർട്ടേഡ് വിമാനങ്ങളുടെ സേവനവും ഉറപ്പാക്കുമെന്നാണ് മാർക്ക് ഫിഫീൽഡ് വിശദമാക്കിയത്. ഉടൻ തന്നെ അടുത്ത യാത്രകൾ ഉണ്ടാവില്ലെന്നും കോറൽ എക്സ്പെഡീഷൻ ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വിശദമാക്കി. ഒക്ടോബർ 24നായിരുന്നു കപ്പൽ യാത്ര ആരംഭിച്ചത്. യാത്ര ആരംഭിച്ച് രണ്ടാം ദിവസമാണ് 80 കാരി മരണപ്പെടുന്നത്. യാത്രയിലെ ആദ്യത്തെ സന്ദർശന സ്ഥലത്താണ് 80 കാരി മരിച്ചത്. പതിനായിരിക്കണക്കിന് ഡോളറുകൾ ചെലവിട്ടാണ് ആഡംബര ക്രൂയിസിൽ വിനോദ സഞ്ചാരികൾ ടിക്കറ്റ് നേടുന്നത്.
ലിസാഡ് ദ്വീപിൽ സ്നോർക്കെലിംഗിനും ട്രെക്കിംഗിനുമായിരുന്നു ലിസാഡ് ദ്വീപിൽ അവസരമുണ്ടായിരുന്നത്. ദ്വീപിലെ ട്രെക്കിംഗിന് പോയ സംഘത്തിനൊപ്പമുണ്ടായിരുന്ന 80കാരി ഇടയ്ക്ക് വിശ്രമിക്കാനിരുന്നത് ശ്രദ്ധിക്കാതെ കപ്പൽ ജീവനക്കാർ മുന്നോട്ട് നീങ്ങി. ഇതിന് പിന്നാലെ നിർദ്ദേശിച്ച സമയത്തിന് പിന്നാലെ കപ്പൽ ലിസാഡ് തീരം വീടുകയായിരുന്നു. കൊടും വെയിലിൽ കടുത്ത നിർജ്ജലീകരണത്തിനിരയായാണ് 80 കാരി മരണപ്പെട്ടത്. 120 യാത്രക്കാരുമായി പുറപ്പെടുന്ന കോറൽ ക്രൂയിസിൽ 46 ജീവനക്കാരാണ് ഉള്ളത്. ഓസ്ട്രേലിയയുടെ വിദൂരവും അധികമാരും സന്ദർശിക്കാത്ത മേഖലകൾ സന്ദർശിക്കാനുമാണ് കോറൽ എക്സ്പെഡീഷൻ വൻ തുക ചെലവിൽ ക്രൂയിസ് യാത്ര ഒരുക്കുന്നത്.
