അലുമിനിയം, സ്റ്റീൽ, തുണിത്തരങ്ങൾ തുടങ്ങിയവയ്ക്ക്, പകരം തീരുവ ഈടാക്കാനാണ് ഇന്ത്യയുടെ ആലോചന
ദില്ലി: ഇന്ത്യക്ക് 50 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നീക്കത്തിന് അതേനാണയത്തിൽ തിരിച്ചടി നൽകാനുള്ള ആലോചനകൾ സജീവമാക്കി ഇന്ത്യ. അലുമിനിയം, സ്റ്റീൽ, തുണിത്തരങ്ങൾ തുടങ്ങിയവയ്ക്ക്, പകരം തീരുവ ഈടാക്കാനാണ് ഇന്ത്യയുടെ ആലോചന. റഷ്യ - യു എസ് ചർച്ചകളിൽ ഇന്ത്യക്കെതിരെ പിഴ ചുമത്തിയ വിഷയവും ഉയർന്നു വരാനാണ് സാധ്യതയെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. അമേരിക്കയുടെ തീരുവ യുദ്ധ പ്രഖ്യാപനത്തിനെതിരെ ശക്തമായ തിരിച്ചടി നൽകണമെന്ന അഭിപ്രായം ബി ജെ പിയിലും ആർ എസ് എസിലും ശക്തമാകുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
വിശദ വിവരങ്ങൾ
ഇന്ത്യക്ക് മേൽ അമ്പത് ശതമാനം പിഴ കൂടി ഏർപ്പെടുത്താനുള്ള അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഉത്തരവ് വന്നത് ബുധനാഴ്ചയാണ്. നാല് ദിവസത്തിനിപ്പുറവും ഇത് പിൻവലിക്കണമെന്ന ആവശ്യവുമായി ഇന്ത്യ, അമേരിക്കൻ ഭരണകൂടത്തെ സമീപിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, യു എസ് പ്രസിഡന്‍റ് ട്രംപിനെ വിളിക്കാനും തയ്യാറായിട്ടില്ല. അമേരിക്കൻ നീക്കത്തെ നേരിടും എന്ന സന്ദേശമാണ് ഇതിലൂടെ ഇന്ത്യ നൽകിയത്. എന്നാൽ ഇത് മാത്രം മതിയാകില്ല എന്ന വികാരം ബി ജെ പിയിലും ആർ എസ് എസിലും ശക്തമാകുകയാണ്. അമേരിക്കൻ ഉൽപന്നങ്ങൾക്കും ഇന്ത്യ പകരം തീരുവ പ്രഖ്യാപിക്കണം എന്ന നിർദ്ദേശം ശക്തമാകുകയാണ്. അമേരിക്കയിൽ നിന്നുള്ള അലുമിനിയം, സ്റ്റീൽ എന്നിവയ്ക്ക് 50 ശതമാനത്തിന് മുകളിൽ തീരുവ ഏർപ്പെടുത്താനുള്ള ശുപാർശ കേന്ദ്ര മന്ത്രിസഭ ചർച്ച ചെയ്തേക്കും. ലോകവ്യാപാര കരാറിന്‍റെ ലംഘനാണ് അമേരിക്ക നടത്തിയതെന്ന് ചൂണ്ടിക്കാട്ടി ഇതിനകം ഇന്ത്യ പരാതി നൽകിയിട്ടുണ്ട് എന്നാണ് സൂചന. അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന തുണിത്തരങ്ങൾക്കും തീരുവ കുത്തനെ ഉയർത്താനുള്ള നിർദ്ദേശമുണ്ട്. പതിനഞ്ചാം തീയതി റഷ്യ - യു എസ് ചർച്ച നടക്കുമ്പോൾ ഇന്ത്യക്ക് പിഴ ചുമത്തിയ വിഷയം വ്ലാദിമിർ പുടിൻ ഉന്നയിച്ചേക്കുമെന്നാണ് വ്യക്തമാകുന്നത്. റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിന്‍റെ പേരിൽ പിഴ ചുമത്തുന്നതിൽ പുടിൻ പ്രതിഷേധം ഉയർത്തും എന്ന സൂചന റഷ്യ ഇന്ത്യക്ക് നൽകിയിട്ടുണ്ട്. അമേരിക്കയുടെ തീരുവ ഏതൊക്കെ മേഖലകളെ ബാധിക്കും എന്ന വിലയിരുത്തൽ കേന്ദ്ര സർക്കാർ നടത്തുന്നുണ്ട്. ചില മേഖലകളെ സഹായിക്കാനുള്ള പാക്കേജ് കേന്ദ്രം ആലോചിക്കും. ഈ മാസം 2 5ന് വ്യാപാര ചർച്ചകൾക്കായി എത്തേണ്ടിയിരുന്ന യു എസ് സംഘം യാത്ര റദ്ദാക്കിയതായി ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.


