തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ കെ അനിൽകുമാറിന്‍റെ ആത്മഹത്യയെ ചൊല്ലി വിവാദം തുടരുന്നു. പൊലീസിന്‍റെ ഭീഷണിയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് ബിജെപി ആവര്‍ത്തിച്ചു. പൊലീസിനെ ഉപയോഗിച്ച് സിപിഎം അനിലിനെ കുരുക്കാൻ ശ്രമിച്ചെന്ന് കരമന ജയൻ.

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ കെ അനിൽകുമാറിന്‍റെ ആത്മഹത്യയെ ചൊല്ലി വിവാദം തുടരുന്നു. പൊലീസിന്‍റെ ഭീഷണിയാണ് ആത്മഹത്യക്ക് പിന്നില്ലെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു ബിജെപി. എന്നാൽ അനിൽകുമാറിനെതിരെ കേസെടുത്തിട്ടില്ലെന്നും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നുമാണ് തമ്പാനൂർ പൊലീസിന്‍റെ വിശദീകരണം.അനിൽകുമാർ പ്രസിഡൻറായിരുന്ന ഫാം ടൂർ സൊസൈറ്റിയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ആത്മഹത്യ.തന്‍റെ മരണാനന്തര ചടങ്ങിനായി പതിനായിരം രൂപ അനിൽകുമാർ മാറ്റിവെച്ചിരുന്നു. ആത്മഹത്യ ചെയ്ത മുറിയിലെ മേശപ്പുറത്ത് കവറിലായിരുന്നു പണം. ആറുകോടിയുടെ ബാധ്യതയാണ് സൊസൈറ്റിക്കുള്ളത്. ആരും സഹായിക്കില്ലെന്നും താൻ തനിച്ചായെന്നുമായിരുന്നു ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നത്. 

അനിൽകുമാറിന്‍റെ മരണത്തിൽ സിപിഎം ബിജെപി നേതൃത്വത്തെ പഴിക്കുമ്പോൾ പൊലീസിനെതിരെയാണ് ബിജെപിയുടെ ആരോപണം. പൊലീസിനെ ഉപയോഗിച്ച് സിപിഎം അനിൽകുമാറിനെ ഭീഷണിപ്പെടുത്തിയെന്നാണ് ആക്ഷേപം. നിക്ഷേപകരോട പാർട്ടി നേതാക്കള്‍ തന്നെ നേരിട്ട് കണ്ടു സാവകാശം തേടിയിരുന്നതാണെന്നും നേതൃത്വം പറയുന്നു.സിപിഎം മുട്ടത്തറ വാർഡ് കൗൺസിലർ അഴിമതിയിൽ കുരുങ്ങിയപ്പോൾ പൊലീസിനെ ഉപയോഗിച്ച് അനിലിനെ കുരുക്കാൻ നോക്കിയെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് കരമന ജയൻ ആരോപിച്ചു. പണം ഇന്നലെ എത്തിച്ചില്ലെങ്കിൽ വീട്ടിൽ കയറി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ജില്ലാ പ്രസിഡന്‍റ് കരമന ജയൻ ആരോപിച്ചു.

അനിൽകുമാറിന്‍റെ ഫോണിലേക്ക് വിളിച്ചിട്ടില്ലെന്ന് പൊലീസ്

എന്നാൽ, അനിൽകുമാറിനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം പൊലീസ് നിക്ഷേധിച്ചു. ഒരു നിക്ഷേപകൻ ഓഫീസിൽ കയറി ഭീഷണിപ്പെടുത്തിയെന്ന് സംഘത്തിലെ സെക്രട്ടറിയാണ് ആദ്യം പരാതി നൽകിയതെന്നാണ് വിശദീകരണം. . ഇതിന് പിന്നാലെയാണ് നിക്ഷേപകൻ പരാതി നൽകിയത്. രണ്ടു പരാതിയിലും കേസെടുത്തില്ലെന്നാണ് വിശദീകരണം . ഒരു മാസത്തിനുള്ളിൽ പണം നൽകാമെന്ന് അനിൽകുമാർ ഉറപ്പു നൽകിയിരുന്നുവെന്നും പൊലീസ് പറയുന്നു. അനിൽകുമാറിന്‍റെ ഫോണിലേക്ക് വിളിച്ചിട്ടില്ലെന്നും തമ്പാനൂർ പൊലീസ് ആവർത്തിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരികെ അനിൽകുമാറിന്‍റെ ആത്മഹത്യ തലസ്ഥാനത്ത് ചർച്ചയാണ്. നാളെ തമ്പാനൂർ സ്റ്റേഷനിലേക്ക് ബിജെപി ജില്ലാ കമ്മിറ്റി മാർച്ച് നടത്തും. സിറ്റി ജല്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനെച്ച മൃതദേഹത്തിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അന്ത്യജ്ഞലി അർപ്പിച്ചു. ഉച്ചയ്ക്ക് ശേഷമായിരിക്കും ശാന്തികവാടത്തിൽ സംസ്കാരം നടക്കുക.

YouTube video player