സിപിഎം നേതാവ് പി നന്ദകുമാറിൻ്റെ മലപ്പുറം വിരുദ്ധ പരാമർശത്തിൽ പ്രതികരിച്ച് മന്ത്രി കെ എം ഷാജി. സിപിഎം എന്തിനാണ് ഒരു ജില്ലയെ ഇത്തരത്തിൽ ആക്ഷേപിക്കുന്നതെന്നും സിപിഎം നന്നാവുകയല്ല ചെയ്യുന്നതെന്നും കെ എം ഷാജി പറഞ്ഞു.

മലപ്പുറം: സിപിഎം നേതാവ് പി നന്ദകുമാറിൻ്റെ മലപ്പുറം വിരുദ്ധ പരാമർശത്തിൽ പ്രതികരണവുമായി മന്ത്രി കെ എം ഷാജി. സിപിഎം എന്തിനാണ് ഒരു ജില്ലയെ ഇത്തരത്തിൽ ആക്ഷേപിക്കുന്നതെന്ന് കെ എം ഷാജി ചോദിച്ചു. സിപിഎം നന്നാവുകയല്ല ചെയ്യുന്നതെന്നും നന്ദകുമാറിൻ്റേത് വളരെ മോശം പരാമർശമാണെന്നും കെ എം ഷാജി പറഞ്ഞു. മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കൂടാണെന്നായിരുന്നു സിപിഎം മുൻ എംഎൽഎ കൂടിയായ പി നന്ദകുമാറിൻ്റെ വിദ്വേഷ പരാമ‍ർശം.

മലപ്പുറം മതതീവ്രവാദത്തിൻ്റെയും വർഗീയതയുടെയും പേരിലല്ല മാതൃകയാകുന്നതെന്ന് കെ എം ഷാജി പറഞ്ഞു. മുമ്പ് എ വിജയരാഘവൻ അടക്കം പല സിപിഎം നേതാക്കൾ നടത്തിയ പരാമർശങ്ങൾ വലിയ വിവാദമായതാണ്. ഇതൊരു ശരിയായ പ്രയോഗമല്ല. കേവലമൊരു പ്രദേശത്തെയല്ല, സമൂഹത്തെയും സമുദായത്തെയുമാണ് ലക്ഷ്യം വെച്ചാണ് സംസാരിക്കുന്നത്. പരാമർശം അബദ്ധവശാൽ ഉള്ളതല്ല, ഉള്ളിലുണ്ടാകുന്ന ധാരണ അറിയാതെ പുറത്തുവരുന്നതാണെന്നും മന്ത്രി പറഞ്ഞു. ഏറ്റവും കൂടുതൽ മുസ്ലീം ലീഗ് എംഎൽഎമാരെ ജയിപ്പിക്കുന്ന നാട് മാത്രമല്ല മലപ്പുറം, കേരളത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന മഹാമനുഷ്യരുടെ നാടുകൂടിയാണെന്നും കെ എം ഷാജി ചൂണ്ടിക്കാട്ടി.

ലീഗ് ജനപ്രതിനിധികളുടെ യോഗത്തിൽ ഗൗരവമുള്ള ചർച്ച നടന്നുവെന്നും കെ എം ഷാജി പറഞ്ഞു. ഗവേർണൻസിനെ പറ്റിയാണ് യോഗത്തിൽ ചർച്ചയായത്. ജനപ്രതിനിധികൾ ഓഡിറ്റ് ചെയ്യപ്പെടുന്നത് നല്ലതല്ലേ? മുസ്ലീം ലീഗിൽ പെരുമാറ്റച്ചട്ടമൊക്കെ നേരത്തെയുണ്ട്. എങ്കിൽ മാത്രമേ അംഗത്വം ലഭിക്കുകയുള്ളു എന്നും കെ എം ഷാജി കൂട്ടിച്ചേർത്തു.