കടയിൽ നിന്നും നല്ല നെയ്യ് നോക്കി വാങ്ങാൻ നമ്മൾ ശ്രദ്ധിക്കാറുണ്ടെങ്കിലും, അത് സൂക്ഷിച്ചു വെക്കുന്ന കാര്യത്തിൽ പലപ്പോഴും അശ്രദ്ധ കാണിക്കാറുണ്ട്.

അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് നെയ്യ്. അതിന്റെ സുഗന്ധവും രുചിയും ഔഷധഗുണങ്ങളും കാരണം പാചകത്തിലും പലഹാരങ്ങളിലും നെയ്യ് നമ്മൾ ധാരാളമായി ഉപയോഗിക്കാറുണ്ട്. കടയിൽ നിന്നും നല്ല നെയ്യ് നോക്കി വാങ്ങാൻ നമ്മൾ ശ്രദ്ധിക്കാറുണ്ടെങ്കിലും, അത് സൂക്ഷിച്ചു വെക്കുന്ന കാര്യത്തിൽ പലപ്പോഴും അശ്രദ്ധ കാണിക്കാറുണ്ട്. ശരിയായ രീതിയിലല്ല സൂക്ഷിക്കുന്നതെങ്കിൽ നെയ്യിന്റെ ഗുണവും മണവും രുചിയും വളരെ പെട്ടെന്ന് തന്നെ നഷ്ടപ്പെടും. നെയ്യ് കേടുവരാതിരിക്കാൻ അടുക്കളയിൽ ഒഴിവാക്കേണ്ട 5 അബദ്ധങ്ങൾ ഇതാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

1. പാത്രത്തിന്റെ അടപ്പ് കൃത്യമായി അടയ്ക്കാതിരിക്കുന്നത്

പലരും നെയ്യ് ഉപയോഗിച്ച ശേഷം പാത്രത്തിന്റെ അടപ്പ് ശരിയായി അടയ്ക്കാതെ വെയ്ക്കാറുണ്ട്. ഇത് നെയ്യിലേക്ക് വായുവും ഈർപ്പവും അടുക്കളയിലെ മറ്റ് മണങ്ങളും കലരാൻ കാരണമാകും. കാലക്രമേണ ഇത് നെയ്യിന്റെ ഫ്രഷ്നസ്സും സുഗന്ധവും ഇല്ലാതാക്കും. അതിനാൽ ഓരോ തവണ ഉപയോഗിച്ച ശേഷവും പാത്രം മുറുക്കെ അടച്ചു വെക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

2. ഈർപ്പം ഉള്ളതും വൃത്തിയില്ലാത്തതുമായ സ്പൂൺ ഉപയോഗിക്കുന്നത്

നെയ്യിലേക്ക് ഒരല്പം ഈർപ്പമോ മറ്റ് ഭക്ഷണാവശിഷ്ടങ്ങളോ എത്തിയാൽ മതി, അത് നെയ്യിന്റെ ഗുണനിലവാരം കുറയ്ക്കുകയും ബാക്ടീരിയകൾ വളരാൻ കാരണമാവുകയും ചെയ്യും. അതിനാൽ നെയ്യ് എടുക്കാൻ എപ്പോഴും പൂർണ്ണമായും ഉണങ്ങിയ, വൃത്തിയുള്ള സ്പൂൺ മാത്രം ഉപയോഗിക്കുക.

3. അടുപ്പിനടുത്ത് സൂക്ഷിക്കുന്നത്

എളുപ്പത്തിൽ എടുക്കാൻ പാകത്തിന് പലരും നെയ്യ് പാത്രം ഗ്യാസ് സ്റ്റൗവിന് തൊട്ടടുത്ത് തന്നെയാണ് വെക്കാറുള്ളത്. എന്നാൽ അടുപ്പിൽ നിന്നുള്ള അമിതമായ ചൂട് നിരന്തരം ഏൽക്കുന്നത് നെയ്യിന്റെ ഘടനയെയും രുചിയെയും ദോഷകരമായി ബാധിക്കും. ചൂടില്ലാത്ത തണുപ്പുള്ളതും ഈർപ്പം ഇല്ലാത്തതുമായ കബോർഡുകളിൽ വേണം നെയ്യ് സൂക്ഷിക്കേണ്ടത്.

4. നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന സ്ഥലങ്ങളിൽ വെക്കുന്നത്

ജനലിനടുത്തോ അല്ലെങ്കിൽ നേരിട്ട് സൂര്യപ്രകാശം അടിക്കുന്ന സ്ഥലങ്ങളിലോ നെയ്യ് പാത്രം വെക്കുന്നത് അതിന്റെ മണവും ഫ്രഷ്നസ്സും നഷ്ടപ്പെടുത്തും. വെളിച്ചം നേരിട്ട് അടിക്കാത്ത സ്ഥലങ്ങളിൽ സൂക്ഷിക്കുന്നതാണ് നല്ലത്.

5. ചേരാത്ത പാത്രങ്ങൾ തിരഞ്ഞെടുക്കുന്നത്

ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് പാത്രങ്ങളിലോ കൃത്യമായി കഴുകി ഉണക്കാത്ത ജാറുകളിലോ നെയ്യ് സൂക്ഷിക്കുന്നത് അതിന്റെ ശുദ്ധിയെയും സ്വാദിനെയും ബാധിക്കും. നെയ്യിന്റെ ഗുണം ദീർഘകാലം നിലനിൽക്കാൻ എപ്പോഴും വൃത്തിയുള്ള ഗ്ലാസ് പാത്രങ്ങളോ സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങളോ ഉപയോഗിക്കുക. അതിന് നല്ല എയർ ടൈറ്റ് മൂടിയുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.