പഴങ്ങളും പച്ചക്കറികളും ഒരുമിച്ചാണ് നമ്മൾ വാങ്ങി സൂക്ഷിക്കാറുള്ളത്. എന്നാൽ ശരിയായ രീതിയിൽ കഴുകി വൃത്തിയാക്കിയില്ലെങ്കിൽ ഇത് പെട്ടെന്ന് കേടായിപ്പോകുന്നു. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.

അടുക്കളയിൽ ഒഴിച്ചു കൂടാൻ കഴിയാത്ത സാധനങ്ങളാണ് പഴങ്ങളും പച്ചക്കറികളും. കുറച്ച് ദിവസം കഴിക്കാൻ പാകത്തിനാണ് നമ്മളിത് വാങ്ങി സൂക്ഷിക്കുന്നത്. എന്നാൽ വാങ്ങി രണ്ടു ദിവസം കഴിയുമ്പോഴേക്കും ഇവ കേടായിപ്പോകുന്നു. ശരിയായ രീതിയിൽ സൂക്ഷിക്കാതെ വരുമ്പോഴാണ് ഇത്തരത്തിൽ കേടായിപ്പോകുന്നത്. പഴങ്ങൾ, പച്ചക്കറികൾ എന്നിവ കടയിൽ നിന്നും വാങ്ങിയപ്പാടെ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒഴിവാക്കാം. ഇവ വൃത്തിയാക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

സിങ്കും പാത്രങ്ങളും വൃത്തിയാക്കാം

പഴങ്ങളും പച്ചക്കറികളും വൃത്തിയാക്കുന്നത്തിന് മുമ്പ് അടുക്കള സിങ്ക്, പാത്രങ്ങൾ, കത്തി, പ്രതലങ്ങൾ തുടങ്ങിയവ നന്നായി കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഇതിന് ശേഷം മാത്രമേ പഴങ്ങൾ കഴുകി വൃത്തിയാക്കാൻ പാടുള്ളു. ഇല്ലെങ്കിൽ ഇതിലുള്ള അഴുക്കും അണുക്കളും പച്ചക്കറികളിലും പഴങ്ങളിലും പടരും.

പ്രത്യേകം കഴുകാം

കടയിൽ നിന്നും പലതരം പച്ചക്കറികളും പഴങ്ങളുമാണ് നമ്മൾ വാങ്ങുന്നത്. ഇത് ഒരുമിച്ച് വൃത്തിയാക്കുമ്പോൾ അഴുക്കും അണുക്കളും പോകണമെന്നില്ല. ഓരോന്നും പ്രത്യേകം കഴുകുന്നതാണ് നല്ലത്. പഴങ്ങൾ ഒഴുകുന്ന വെള്ളത്തിൽ നന്നായി കഴുകിയെടുക്കണം. ഇലക്കറികൾ വെള്ളത്തിൽ കുറച്ച് നേരം മുക്കിവയ്ക്കാം. ശേഷം നന്നായി കഴുകിയെടുത്താൽ മതി. ഇത് അഴുക്കിനെ എളുപ്പം വൃത്തിയാക്കാൻ സഹായിക്കുന്നു.

ഉണക്കാം

പഴങ്ങളും പച്ചക്കറികളും കഴുകിയതിന് ശേഷം നന്നായി ഉണക്കാൻ ശ്രദ്ധിക്കണം. ഈർപ്പം തങ്ങി നിൽക്കുമ്പോൾ അണുക്കളും ഫങ്കസും ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഉണങ്ങിയതിന് ശേഷം മാത്രം സൂക്ഷിക്കാം.

പച്ചക്കറികൾ

ഉരുളകിഴങ്ങ്, സവാള തുടങ്ങിയ പച്ചക്കറികൾ തൊലി കളഞ്ഞ് വൃത്തിയാക്കാൻ സാധിക്കും. എന്നാൽ ലെറ്റൂസ്, ക്യാബേജ് പോലുള്ള പച്ചക്കറികളിൽ തൊലിയില്ല. അതിനാൽ തന്നെ പുറം തോട് കളഞ്ഞതിന് ശേഷം കഴുകി വൃത്തിയാക്കുന്നതാണ് നല്ലത്.

കൈകൾ കഴുകാം

പച്ചക്കറികളും പഴങ്ങളും കഴുകി വൃത്തിയാക്കുന്നതിന് മുമ്പ് കൈകൾ നന്നായി കഴുകാൻ ശ്രദ്ധിക്കണം. കൈകളിൽ അഴുക്കും അണുക്കളും ഉണ്ടാകുമ്പോൾ അത് പച്ചക്കറികളിലും പടരാനുള്ള സാധ്യത കൂടുതലാണ്. സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകാൻ ശ്രദ്ധിക്കാം.