കുട്ടികളിൽ കണ്ടുവരുന്ന ബുദ്ധി വൈകല്യം, തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങൾ, വളർച്ചാ വൈകല്യങ്ങൾ, സ്പീച്ച് ഡിലേ എന്നീ പ്രശ്നങ്ങളും കുട്ടികൾ പഠിച്ച കാര്യങ്ങൾ മറന്നു പോകുന്നതിന് നയിക്കുന്നുണ്ട്.

ചില കുട്ടികൾ പഠിച്ച കാര്യങ്ങൾ ഉടനെ ചോദിച്ചാൽ പറയും എന്നാൽ കുറച്ചു കഴിഞ്ഞ് ചോദിച്ചാൽ മറന്നു പോകും. ഒരുപാടു കുട്ടികളിൽ കണ്ടുവരുന്ന പ്രശ്നമാണിത്. പ്രധാനമായും 3 തരം മെമ്മറി സ്റ്റേറേജാണ് നമുക്ക് ഉള്ളത്. 

ലോങ്ങ് ടൈം മെമ്മറി, ഷോർട്ട് ടൈം മെമ്മറി, വർക്കിംഗ് മെമ്മറി. ഇതിൽ ലോങ്ങ് ടൈം മെമ്മറിയിൽ നിങ്ങൾക്കു ആവശ്യമായ സ്റ്റോർ ചെയ്തു വെച്ചാൽ മാത്രമേ കാലം എത്ര കഴിഞ്ഞാലും പഠിച്ചവ തിരിച്ചെടുക്കുവാൻ സാധിക്കുകയുള്ളൂ. 

കുട്ടികൾ പലപ്പോഴും പഠിക്കുന്ന കാര്യങ്ങൾ ഷോർട്ട് മെമ്മറിയിലോ വർക്കിംഗ് മെമ്മറിയിലോ ആണ് ശേഖരിക്കുന്നത്. അതുകൊണ്ടാണ് നമ്മൾ പഠിപ്പിക്കുന്ന കാര്യങ്ങൾ അവർ ഉടനെ തന്നെ മറന്നു പോകുന്നത്. പ്രധാനമായും മൂന്ന് കാരണങ്ങളാണ് കുട്ടികൾ പഠിച്ച കാര്യങ്ങൾ മറന്നു പോകുന്നതിലേക്ക് നയിക്കുന്നത്.

1) ശ്രദ്ധക്കുറവ്: -

കുട്ടികൾക്ക് ശ്രദ്ധകുറവുണ്ടെങ്കിൽ അവർ പഠിക്കുന്ന കാര്യങ്ങൾ കുറച്ചു നേരത്തേക്കു മാത്രമേ സ്റ്റോർ ചെയ്യപ്പെടുന്നുള്ളൂ. അതിനാൽ ശ്രദ്ധ കുറവ് ആദ്യം പരിഹസിച്ചാലെ അവരുടെ ഓർമ്മകൾ ദീർഘകാലത്തേക്ക് നിലനിർത്താൻ സാധിക്കുകയുള്ളു.

മനപ്പാഠം പഠിക്കുന്ന രീതിയും ഓർമ്മയെ ബാധിക്കാൻ സാധ്യത കൂടുതലാണ്. ചെറിയ ക്ലാസുകളിൽ കുട്ടികൾ മനപ്പാഠമാക്കിയാണ് പാഠങ്ങൾ പഠിക്കുന്നത്. എന്നാൽ വലിയ ക്ലാസുകളിൽ എത്തിക്കഴിഞ്ഞു ഇതേ രീതിയിൽ പഠിച്ചാൽ എല്ലാ കാര്യങ്ങളും ദീർഘകാലത്തേക്ക് സ്റ്റോർ ചെയ്തു വയ്ക്കാൻ സാധിക്കുകയില്ല. 

മനപ്പാഠം പഠിക്കുന്ന രീതി ഒരു ചങ്ങല കണക്കെ ആയതിനാൽ ഇടയ്ക്കുള്ള ഒരു കണ്ണി വിട്ടുപോയാൽ പിന്നിടുള്ള കാര്യങ്ങൾ ഓർത്തെടുക്കാൻ ബുദ്ധിമുട്ടായിരിക്കും. എന്നാൽ അർത്ഥം മനസ്സിലാക്കി ഓരോ കാര്യങ്ങൾ പഠിക്കുകയാണെങ്കിൽ അത് എക്കാലത്തും ഓർമ്മയിൽ സൂക്ഷിക്കാൻ സാധിക്കും.

2) ഡിസ്‌ലക്സിയ അഥവാ വായന വൈകല്യം: -

വായന വൈകല്യം അഥവാ ഡിസ്‌ലക്സിയ ഉള്ള കുട്ടികൾ വായിക്കുമ്പോൾ ഒരുപാട് തെറ്റുകൾ സംഭവിക്കാറുണ്ട്. പ്രത്യേകിച്ച് തെറ്റായി വാക്കുകൾ ഉച്ചരിക്കുക, അക്ഷരങ്ങളോ വാക്കുകളോ വാചകങ്ങളോ മാറിപ്പോകുന്നു, ഉള്ളത് വായിക്കാതിരിക്കുക, ഇല്ലാത്ത വാക്കുകൾ കൂട്ടിച്ചേർക്കുക തുടങ്ങിയവ. ഇത്തരം സന്ദർഭങ്ങളിൽ രക്ഷിതാക്കൾ കുട്ടികൾക്ക് പാഠ്യഭാഗങ്ങൾ വായിച്ചു കൊടുക്കുകയാണ് പതിവ്. എന്നാൽ അത്തരത്തിൽ വായിച്ചു കൊടുത്തു കുട്ടികൾ മനപ്പാഠമാക്കിയ കാര്യങ്ങൾ അവരെക്കൊണ്ട് എഴുതിക്കുവാൻ ശ്രമിക്കുമ്പോഴാണ് ഈ പ്രശ്നങ്ങൾ നമുക്ക് മനസ്സിലാവുകയുള്ളൂ .

3) ശാരീരിക വളർച്ച വൈകല്യങ്ങൾ: -

കുട്ടികളിൽ കണ്ടുവരുന്ന ബുദ്ധി വൈകല്യം, തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങൾ, വളർച്ചാ വൈകല്യങ്ങൾ, സ്പീച്ച് ഡിലേ എന്നീ പ്രശ്നങ്ങളും കുട്ടികൾ പഠിച്ച കാര്യങ്ങൾ മറന്നു പോകുന്നതിന് നയിക്കുന്നുണ്ട്.

അതുകൊണ്ട് ഇത്തരം പ്രശ്നങ്ങൾ നിങ്ങളുടെ മക്കളിൽ കാണുന്നുണ്ടെങ്കിൽ ചൈൽസ് സൈക്കോളജിസ്റ്റിൻ്റെ സേവനം തേടി പ്രശ്നങ്ങൾ തുടക്കത്തിൽ തന്നെ പരിഹരിച്ചു അവരുടെ ഭാവി സുരക്ഷിതമാക്കുക....

(സൈക്കോളജിസ്റ്റ് ജയേഷ് കെ ജി തയ്യാറാക്കിയ ലേഖനം)