Asianet News MalayalamAsianet News Malayalam

തലയ്ക്കു മുകളില്‍ ഇപ്പോഴും തൂങ്ങി നില്‍ക്കുന്നുണ്ട് നട്ടുച്ചയുടെ ആ പച്ചറൊട്ടി , പി ടി ബിനുവിന്റെ കവിതകള്‍

വാക്കുല്‍സവത്തില്‍ ഇന്ന് കവിയും ചലച്ചിത്ര ഗാനരചയിതാവുമായ പി ടി ബിനു എഴുതിയ രണ്ട് കവിതകള്‍ 

Literature Two poems by PT BInu
Author
Thiruvananthapuram, First Published Aug 28, 2019, 6:32 PM IST

കവിതയില്‍ പാര്‍ക്കുന്നൊരാള്‍ ജീവിതത്തോട് നടത്തുന്ന പല മാതിരി ഇടപെടലുകളാണ് പി ടി ബിനുവിന്റെ കവിതകള്‍. അതാവണം ആദ്യ സമാഹാരത്തിന്  'കവിതയില്‍ താമസിക്കുന്നവര്‍' എന്ന് ബിനു പേരിട്ടതും. ആള്‍പ്പാര്‍പ്പുള്ള കവിതകളാണത്. അതില്‍, മനുഷ്യര്‍ മാത്രമല്ല, മറ്റ് ജീവജാലങ്ങളും മരങ്ങളും പ്രകൃതിയിലെ സൂക്ഷ്മാംശങ്ങളുമുണ്ട്. എന്നാല്‍, പ്രകൃതിയല്ല ബിനുവിന്റെ കവിതകളുടെ ഇടം. അത് ജീവിതമാണ്. ജീവിതത്തോട് പല വഴികളില്‍ പൊരുതുന്ന ഒരാളുടെ അന്നന്നേരങ്ങളുടെ പകര്‍പ്പെഴുത്തുകളാണത്. കവിതയുടെ കവചകുണ്ഡലങ്ങളാണ് ബിനുവിനെ അതിനു സജ്ജമാക്കുന്നത്. ക്ലാസില്‍നിന്നു പുറത്തായ കുട്ടികളെയും ജീവിതത്തില്‍നിന്ന് പുറത്തായ മനുഷ്യരെയും യാഥാര്‍ത്ഥ്യങ്ങളിലേക്ക് പറിച്ചെറിയപ്പെട്ട സ്വപ്‌നങ്ങളെയും ആ കവിത കാണുന്നു, ചേര്‍ത്തുനിര്‍ത്തുന്നു. 

ചേര്‍ത്തുകെട്ടിയിരിക്കുന്ന വാക്കുകളുടെ ഇടയിലെ നിശ്ശബ്ദതയാണ് ആ കവിതകളുടെ ആത്മാവ്. ഒറ്റനൊടികൊണ്ടുതന്നെ കവി വേനലില്‍ നിന്ന് മഴയിലേക്കും മഴയില്‍ നിന്ന് വേനലിലേക്കും വായനക്കാരനെ ചുവടുമാറ്റുന്നു. കവിതയാണ് ബിനുവിന്റെ ഓര്‍മ്മയും അനുഭവവും. അവിടെ വേര്‍പിരിയലുകളുണ്ട്, വേര്‍പിരിഞ്ഞിട്ടും പിരിഞ്ഞുപോകാത്ത ഒട്ടിനില്‍ക്കലുകളുണ്ട്. വേദനകലര്‍ന്ന അത്തരം സ്പര്‍ശങ്ങള്‍ കൂടിയാണ് ബിനുവിന്റെ കവിതകള്‍.

Literature Two poems by PT BInu
 

വെയില്‍ പതിച്ച റൊട്ടി

മറക്കില്ല, ആ നട്ടുച്ച
പേരച്ചില്ലകള്‍ക്കിടയിലൂടെ
നെറ്റിയില്‍
കുത്തിവരച്ച വെയിലും.

കൈ പിന്നില്‍ കെട്ടി
തലയുയര്‍ത്തിപ്പിടിച്ച്
കടിച്ചെടുക്കണം
വാഴവള്ളിയില്‍ തൂങ്ങി
മാറിമറയുന്ന റൊട്ടി.

തേന്‍ നിലാവ്, ചക്കരത്തേങ്ങ
അരിയുണ്ട, എള്ളുണ്ട, മുറുക്ക്...
മിഠായിക്കാരന്റെ
പാട്ടു പോലുള്ള വിളി
പള്ളിക്കൂടത്തിന്റെ
വരാന്തകളില്‍ നടക്കുന്നു.

കൂലി നാണയങ്ങള്‍
കൈയില്‍ മുറുക്കിപ്പിടിച്ച്
ചൂട്ടു കൊണ്ട്
മൊട്ടക്കുന്നുകള്‍ തല്ലിക്കെടുത്തി
അച്ഛനുമമ്മയും വരുന്നു.

കഞ്ഞിക്കലത്തില്‍
തിളയ്ക്കുന്ന വെള്ളം പോല്‍
ഞങ്ങള്‍, സാമൂഹ്യപാഠം
ഉറക്കെ വായിക്കുന്നു.

കൂഴപ്ലാവിന്റെ ചുവട്ടില്‍ നിന്ന്
വാരിയെടുത്ത ചുളകള്‍
തോള്‍മുണ്ടാല്‍ തുടച്ച്
ചൂരച്ചട്ടി നിറച്ചുതരുന്നു.

ഒരു ചിരിയിലൊരു-
മൂളിപ്പാടലിന്‍
തുമ്പിച്ചിറകില്‍
രാത്രിയുമുറക്കവും
പുതപ്പു പോല്‍
ഞങ്ങളെ മൂടുന്നു.

വിസിലിനു മുമ്പ്
തലചുറ്റി വീണു.
കുറ്റിപ്പെനിസില്‍ കുത്തി
സ്ലേറ്റിലെഴുതിയ
അക്ഷരം പോലെ കിടന്നു.

തലയ്ക്കു മുകളില്‍
ഇപ്പോഴും
തൂങ്ങി നില്‍ക്കുന്നുണ്ട്
നട്ടുച്ചയുടെ, ആ പച്ചറൊട്ടി.
 


കുഡ് ഐ ഹാവ് ദിസ് കിസ് ഫോര്‍എവര്‍... *

കൊച്ചിയില്‍ നിന്ന്
തിരുവനന്തപുരത്തേക്കുള്ള
ശീതീകരിച്ച ബസ്.
കരിക്കില്‍ കലര്‍ത്തിയ
വൈറ്റ് റമ്മിന്‍ ചൂടില്‍ ഞങ്ങളിരുന്നു.

''കുഡ് ഐ ഹാവ് ദിസ് കിസ് ഫോര്‍എവര്‍... ''
എന്റിക്കി ഇഗ്‌ളേഷ്യസും വിറ്റ്‌നി ഹൂസ്റ്റനും * ചേര്‍ന്ന്
മഴയിലേക്കും
പൂമരച്ചുവട്ടിലേക്കും കൊണ്ടുപോകുന്നു.
കുന്നിന്‍ മുകളിലെ
കോടമഞ്ഞില്‍
കുളിപ്പിച്ച്, ശുദ്ധരാക്കുന്നു.

''റോഡിനിരുവശവും
വലിയവലിയ കെട്ടിടങ്ങള്‍.
നിങ്ങളുടെ നാട്ടിലൂടെയുള്ള
യാത്ര, രസകരമല്ല.
ബസിനകത്തെ
ആളുകള്‍,
അവരും
വൃത്തത്തിലും
ത്രികോണങ്ങളിലുമുള്ള
കെട്ടിടങ്ങള്‍.
അതിനുള്ളില്‍
ഒച്ചപ്പാടുകള്‍
അലര്‍ച്ചകള്‍
വിശ്വാസങ്ങള്‍
അവിശ്വാസങ്ങള്‍
വിചാരണകള്‍
കുമ്പസാരങ്ങള്‍...''

മാട്ടിറച്ചിക്കടയ്ക്കരികില്‍
കെട്ടിയിരുന്ന പശുവിനെ
ഇടിച്ചുവീഴ്ത്തി, ബസ്
മുന്നോട്ടുപോകുന്നു.

മരങ്ങള്‍ക്കിടയില്‍
മഞ്ഞുകെട്ടിക്കിടക്കുന്ന, 
പുലരി വെയിലില്‍
മുല്ലപ്പാടങ്ങളുള്ള,
കരിമ്പും മഴയും
ഇടകലര്‍ന്നു പെയ്യുന്ന
യാത്ര കഴിഞ്ഞ്,

വസ്ത്രങ്ങള്‍ക്കുള്ളില്‍
രണ്ടു നഗരങ്ങളിലേക്ക്
പിരിയും മുമ്പ്
വിലാസങ്ങളില്ലാതെ
നിന്നു
ഞങ്ങള്‍.

* വിഖ്യാത ഗായകരായ എന്റിക്കി ഇഗ്‌ളേഷ്യസും വിറ്റ്‌നി ഹൂസ്റ്റനും ചേര്‍ന്നു പാടിയ പ്രസിദ്ധ ഗാനം.

 

 

വാക്കുത്സവത്തില്‍: 

ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ

ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത

ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ

അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത

പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ

പ്രപഞ്ചം റീലോഡഡ്,  ടി പി വിനോദ് എഴുതിയ കവിത

ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍

മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ

ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത

നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ

എന്നിട്ടും പതിനൊന്നു കൊല്ലങ്ങള്‍ക്കു ശേഷം യാദ്യച്ഛികത അവര്‍ക്കിട്ടു പണിഞ്ഞു,  ഷാജു വിവിയുടെ അഞ്ച് കവിതകള്‍

കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍   വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍

ആട്ടക്കഥ, എസ് കലേഷിന്റെ കവിത

മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം

എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു,  കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍

സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ

നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍

അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍

ഒരു സ്വീഡിഷ് കവിത മലയാളത്തിലേക്ക് പറന്നെത്തിയ മൂന്നു വഴികള്‍

 

പുസ്തകപ്പുഴയില്‍

പ്രണയ് ലാല്‍ എഴുതിയ ഇന്‍ഡിക്ക: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതിക ചരിത്രം എന്ന പുസ്തകത്തിലെ ഒരു ഭാഗം

അവസാനത്തെ സോവിയറ്റുകള്‍

മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!

കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും

പുതിയ മതങ്ങള്‍  എവിടെനിന്നാവും പിറവിയെടുക്കുക, യുവാല്‍ നോവാ ഹരാരി എഴുതിയ 'ഹോമോ ദിയൂസ്: മനുഷ്യഭാവിയുടെ ഒരു ഹ്രസ്വചരിത്രം' എന്ന പുസ്തകത്തില്‍നിന്നൊരു ഭാഗം

ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും 

ബോംബെ അധോലോകത്തില്‍ ഒരു ആറാം ക്ലാസ്സുകാരന്റെ തുടക്കം; ആബിദ് സൂർതിയുടെ 'സൂഫി - അധോലോകത്തിലെ അദൃശ്യമനുഷ്യന്‍' എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം

ഫെര്‍ണാണ്ടോ പെസൊവയുടെ 'അശാന്തിയുടെ പുസ്തകത്തിന്റെ'  (The Book of Disquiet)  വായനാനുഭവം.

കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും

 

നിശ്ചല യാത്രകള്‍: മാങ്ങാട്  രത്‌നാകരന്റെ കോളം

വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല
 

Follow Us:
Download App:
  • android
  • ios