ചിറവല്ലൂർ അരിക്കാട് സ്വദേശികളായ കുടുബം സഞ്ചരിച്ച കാറിനാണ് അപ്രതീക്ഷിതമായി തീ പിടിച്ചത്. കാർ നിർത്തി കുടുംബം ഇറങ്ങി ഓടിയത് കൊണ്ട് വലിയ അപകടം ഒഴിവായി. തുടർന്ന് നാട്ടുകാർ ചേർന്നാണ് തീ അണച്ചത്.
മലപ്പുറം: ചങ്ങരംകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. കാറിൽ ഉണ്ടായിരുന്ന കുടുംബം അൽഭുതകരമായി രക്ഷപ്പെട്ടു. ചങ്ങരംകുളം ചിറവല്ലൂർ റോഡിൽ അയിനിച്ചോട് സെന്ററിൽ ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ചോടെയാണ് അപകടം. ചിറവല്ലൂർ അരിക്കാട് സ്വദേശികളായ കുടുബം സഞ്ചരിച്ച കാറിനാണ് അപ്രതീക്ഷിതമായി തീ പിടിച്ചത്. കാർ നിർത്തി കുടുംബം ഇറങ്ങി ഓടിയത് കൊണ്ട് വലിയ അപകടം ഒഴിവായി. തുടർന്ന് നാട്ടുകാർ ചേർന്നാണ് തീ അണച്ചത്.
കാറിന് തീപിടിക്കുന്നത് സംസ്ഥാനത്ത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. തൃശൂർ, ഹരിപ്പാട്, വയനാട്, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ കാറിന് തീപിടിച്ചത് വാർത്തയായിരുന്നു. കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഗർഭിണിയടക്കം രണ്ടുപേർ മരിച്ചതായിരുന്നു ആളപായമുണ്ടായ അപകടം. ഫെബ്രുവരി രണ്ടിനായിരുന്നു ദാരുണമായ സംഭവം ഉണ്ടായത്.
തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, യാത്രക്കാർ ഇറങ്ങിയോടി, വൻ അപകടം ഒഴിവായി
കണ്ണൂർ കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശികളായ പ്രജിത്ത്, ഭാര്യ റീഷ എന്നിവരാണ് മരിച്ചത്. കണ്ണൂർ നഗരത്തിൽ ജില്ലാ ആശുപത്രിക്ക് സമീപം രാവിലെയാണ് സംഭവം. പൂർണ്ണ ഗർഭിണിയായിരുന്ന റീഷയെ ആശുപത്രിയിലേക്ക് കൊണ്ടു വന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ ആകെ ആറ് പേരായിരുന്നു ഉണ്ടായിരുന്നത്. ഗർഭിണിയായ യുവതിയും കാറോടിച്ച ഭർത്താവും മുൻ സീറ്റുകളിലും മറ്റ് നാല് പേർ പുറകിലെ സീറ്റുകളിലുമായിരുന്നു ഉണ്ടായിരുന്നത്. കാറിന്റെ ഡോർ ജാമായതിനാൽ മുൻ സീറ്റുകളിലുണ്ടായിരുന്ന രണ്ട് പേർക്കും രക്ഷപ്പെടാനായില്ല.
മറ്റ് വാഹനത്തിലെത്തിയവരാണ് കാറിന് തീപിടിച്ച വിവരം ഇവരെ അറിയിച്ചത്. എന്നാൽ ഡോർ ജാമായതിനാൽ വാഹനത്തിലുണ്ടായിരുന്നവർക്ക് പുറത്തിറങ്ങാനായില്ല. തീ പടരുന്നതിനിടെ ഡ്രൈവർ, പുറകിലെ ഡോർ തുറന്നു. ഇതുവഴിയാണ് ബാക്ക് സീറ്റിലുണ്ടായിരുന്ന ഒരു കുട്ടിയടക്കം നാല് പേർ രക്ഷപ്പെട്ടത്. എന്നാൽ മുൻ വശത്തെ ഡോർ തുറക്കാനായില്ല. അപ്പോഴേക്കും തീ കൂടുതൽ പടർന്ന് പിടിച്ചിരുന്നു. സംഭവം നടന്നതിന് നൂറ് മീറ്ററോളം മാറി ഫയർ സ്റ്റേഷനുണ്ടായിരുന്നുവെങ്കിലും രണ്ട് പേരെയും രക്ഷിക്കാൻ കഴിഞ്ഞില്ല.
