Asianet News MalayalamAsianet News Malayalam

കോഴിക്കോട് മൂന്ന് പേർ സഞ്ചരിച്ച സ്കൂട്ടർ 50 അടി താഴ്ചയിലേക്ക് മറിഞ്ഞു; രണ്ട് വിദ്യാർത്ഥികൾ മരിച്ചു

അസ്‌ലം, അർഷദ് എന്നിവരെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയക്കും

Accident at Aanakkallumpara two of three in scooter died kgn
Author
First Published Nov 9, 2023, 4:54 PM IST

കോഴിക്കോട്: ആനകല്ലുംപാറ വളവിൽ ഇരുചക്ര വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർ അപകടത്തിൽ പെട്ടു. ഇവരിൽ രണ്ട് പേർ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. മലപ്പുറം കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ ബിരുദ വിദ്യാർത്ഥികളായ അസ്‌ലം, അർഷദ് എന്നിവരാണ് മരിച്ചത്. മലപ്പുറം വേങ്ങര സ്വദേശികളാണ് ഇവർ. ഇവർക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് ഡാനിയേൽ ഇപ്പോൾ കോഴിക്കോട് കെഎംസിടി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഇറക്കത്തിൽ ഇരുചക്ര വാഹനത്തിന്റെ നിയന്ത്രണം വിട്ട് അമ്പത് അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകട സമയത്ത് മൂന്ന് പേരാണ് സ്കൂട്ടറിൽ ഉണ്ടായിരുന്നത്. നാട്ടുകാരാണ് താഴ്ചയിലേക്ക് ഇറങ്ങി അപകടത്തിപെട്ടവരെ ആശുപത്രിയിലാക്കിയത്. റോഡിൽ നിന്നും കുത്തനെയുള്ള താഴ്ചയാണിത്. അപകടത്തിന് ശേഷം നാട്ടുകാർ നടത്തിയ തിരച്ചിലിൽ താഴെയുള്ള തോടിലാണ് മൂന്ന് പേരെയും പരിക്കേറ്റ് കിടന്ന നിലയിൽ കണ്ടെത്തിയത്. കുത്തനെയുള്ള കാട് വെട്ടിത്തെളിച്ച് നാട്ടുകാരാണ് മൂന്ന് പേരെയും മുകളിലേക്ക് എത്തിച്ചത്.

മൂന്ന് പേരും ആനക്കല്ലുംപാറ വെള്ളച്ചാട്ടം കാണാൻ പോയതാണെന്നാണ് വിവരം. മടങ്ങിവരും വഴിയാണ് റോഡിൽ നിന്ന് തെന്നിയ സ്കൂട്ടർ താഴ്ചയിലേക്ക് പതിച്ചത്. അസ്‌ലം, അർഷദ് എന്നിവരെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയക്കും. 

അതിനിടെ വർക്കലയിലും വാഹനാപകടത്തിൽ 22 കാരൻ മരിച്ചു. പാലച്ചിറ സ്വദേശി പുഷ്പകവിലാസത്തിൽ  സരുൺ ആണ് മരിച്ചത്. എതിർ ദിശയിൽ നിന്നും വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ സരുൺ ഓടിച്ചിരുന്ന ബുള്ളറ്റ് നിയന്ത്രണം തെറ്റി വൈദ്യുതി പോസ്റ്റിലിടിച്ച് ഓടയിലേക്ക് വീഴുകയായിരുന്നു. വർക്കല നരിക്കല്ലുമുക്കിൽ ഇന്ന് വൈകിട്ട് 3.30 നായിരുന്നു അപകടം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios