സംഭാവന നല്‍കാന്‍ താത്പര്യമില്ലാത്ത സേനാ അംഗങ്ങള്‍ കമ്മീഷണര്‍ ഓഫീസില്‍ വിവരം അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു
കോഴിക്കോട്: കോഴിക്കോട് മുതലക്കുളം ക്ഷേത്ര നടത്തിപ്പിലേക്ക് ഫണ്ട് പിരിക്കാൻ സർക്കുലർ ഇറക്കിയ അസി. കമ്മീഷണർക്ക് സ്ഥലംമാറ്റം. ആന്‍റി നർക്കോട്ടിക് സെൽ അസി. കമ്മീഷണർ പ്രകാശൻ പടന്നയിലിനെയാണ് മലപ്പുറത്തേക്ക് സ്ഥലംമാറ്റിയത്. മുതലക്കുളം ക്ഷേത്ര ഭരണസമിതി ഭാരവാഹിയാണ് ഈ ഉദ്യോഗസ്ഥൻ.
മുതലക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്‍റെ നടത്തിപ്പ് ചെലവിലേക്ക് കോഴിക്കോട് സിറ്റിയിലെ എല്ലാ ഉദ്യോഗസ്ഥരുടെയും ശമ്പളത്തില്‍ നിന്ന് മാസം തോറും 20 രൂപ വീതം സംഭാവന ഇനത്തില്‍ പിടിക്കുമെന്നായിരുന്നു സർക്കുലർ. ജൂലൈ 19നാണ് സിറ്റി പൊലീസ് കമ്മീഷണര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയത്. സംഭാവന നല്‍കാന്‍ താത്പര്യമില്ലാത്ത സേനാ അംഗങ്ങള്‍ ജൂലൈ 24ന് മുമ്പ് കമ്മീഷണര്‍ ഓഫീസില്‍ വിവരം അറിയിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ അതൃപ്തി അറിയിച്ചു. സോഷ്യല്‍ മീഡിയയിലും സര്‍ക്കുലര്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിതുറന്നു. സംഭവം വിവാദമായതോടെ തീരുമാനം വിലക്കിക്കൊണ്ട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് എഡിജിപിയുടെ നിര്‍ദേശം നല്‍കുകയും സര്‍ക്കുലര്‍ പിൻവലിക്കുകയും ചെയ്തിരുന്നു.
സർക്കുലർ വിവാദത്തെ തുടർന്നാണ് അസി. കമ്മീഷണറുമാരുടെ സ്ഥലംമാറ്റത്തിൽ പ്രകാശൻ പടന്നയിലിനെ ഉൾപ്പെടുത്തിയതെന്നാണ് വിവരം. ഇന്നലെ രാത്രിയാണ് സ്ഥലംമാറ്റ ഉത്തരവിറങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..
