തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് മറിഞ്ഞ ബൈക്കിൽ നിന്ന് ലോറിക്കടിയിലേക്ക് വീണ് യുവാവ് മരിച്ചു
ആലപ്പുഴ: ആലപ്പുഴയിൽ തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈകിൽ നിന്നും ലോറിക്കടിയിലേക്ക് വീണ് യുവാവ് മരിച്ചു. പുറക്കാട് പഞ്ചായത്ത് പതിനഞ്ചാം വാർഡ് കണിയാംപറമ്പ് വീട്ടിൽ അനിൽ കുമാർ- ശാലിനി ദമ്പതികളുടെ മകൻ അഭിരാം (21) ആണ് മരിച്ചത്.
ദേശീയപാതയിൽ കുറവൻതോടാണ് അപകടം നടന്നത്. ബൈക്കിൽ പോവുകയായിരുന്ന അഭിരാമിന് മുന്നിലേക്ക് തെരുവുനായ ചാടുകയായിരുന്നു. നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് റോഡിൽ വീണ അഭിരാമിൻ്റെ ദേഹത്ത് പിന്നാലെ വന്ന ലോറി കയറി. ഇന്ന് രാത്രി എട്ടരയോടെയാണ് അപകടം നടന്നത്.
പുന്നപ്രയിലെ ബന്ധുവീട്ടിൽ പോയി തിരികെ സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു അഭിരാം. സംഭവ സ്ഥലത്ത് തന്നെ യുവാവ് മരിച്ചു. വിവരമറിഞ്ഞ് പുന്നപ്ര പൊലീസ് സ്ഥലത്തെത്തി. നാട്ടുകാരുടെ കൂടെ സഹായത്തോടെ പൊലീസ് മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം അടക്കം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.



