സുല്‍ത്താന്‍ബത്തേരി ഹൈവേക്കൊള്ള കേസില്‍ 2 പേര്‍ കൂടി അറസ്റ്റിൽ. പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പ്രതിക്ക് ഒളിത്താവളം ഒരുക്കി കൈവിലങ്ങ് മുറിച്ചുമാറ്റാന്‍ സഹായിക്കുകയും ചെയ്തവരാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി.

സുല്‍ത്താന്‍ബത്തേരി: ആയുധധാരികളായ സംഘം രാത്രി ദേശീയപാതയില്‍ വാഹനം തടഞ്ഞു നിര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യാത്രക്കാരെ മര്‍ദിച്ചശേഷം വാഹനവും മുതലുകളും കവര്‍ച്ച ചെയ്തുകൊണ്ടുപോയ സംഭവത്തില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. പൊലീസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ പ്രതിയായ സുഹാസിന് ഒളിവില്‍ താമസിക്കാന്‍ സൗകര്യം ഒരുക്കുകയും കൈ വിലങ്ങ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചു മാറ്റാന്‍ സഹായിച്ചവരുമായ കൊല്ലം ചവറ പൊന്മന പിള്ളവീട്ടില്‍ പടീറ്റതില്‍ വീട്ടില്‍ രവീന്ദ്രന്‍ (64), എറണാകുളം തൃപ്പൂണിത്തുറ വെളിയില്‍ വീട്ടില്‍ ഷിജു (51) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവര്‍ വെല്‍ഡിങ് ജോലിക്കാരാണ്. ഈ കേസില്‍ നേരത്തെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട തൃശൂര്‍ ചെന്ത്രാപ്പിന്നി തട്ടാരത്തില്‍ സുഹാസ് എന്ന അപ്പു(40), കുറ്റവാളി സംഘത്തെ സഹായിച്ച പാടിച്ചിറ സീതാമൗണ്ട് പുതുച്ചിറ വീട്ടില്‍ രാജന്‍(61), തൃശൂര്‍ എടക്കുനി അത്താണിപുരയില്‍ വീട്ടില്‍ നിഷാന്ത്(39), പത്തനംതിട്ട അയിരൂര്‍ കാഞ്ഞിരത്ത് മുട്ടില്‍ വീട്ടില്‍ സിബിന്‍ ജേക്കബ്ബ്(36), പത്തനംതിട്ട അത്തിക്കയം വേങ്ങത്തോട്ടത്തില്‍ വീട്ടില്‍ ജോജി(38), പത്തനംതിട്ട എരുമേലി സതീസദനം വീട്ടില്‍ സതീഷ് കുമാര്‍(46), പുല്‍പ്പള്ളി സീതാമൗണ്ട് കുന്നേല്‍ വീട്ടില്‍ കെ.പി. സുബീഷ്(36) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. ഇതോടെ കേസില്‍ ഒന്‍പത് പേര്‍ പിടിയിലായി.

ഹൈവേയില്‍ യാത്ര ചെയ്യുന്ന വാഹനങ്ങള്‍ തടഞ്ഞ് പണവും സ്വര്‍ണവും വിലയേറിയ മുതലുകളും മോഷ്ടിക്കണമെന്ന ഉദ്ദേശ്യത്തോടെ മാരകായുധങ്ങളുമായെത്തിയ സംഘമാണ് അക്രമം നടത്തിയത്. നവംബര്‍ നാലിന് രാത്രിയായിരുന്നു സംഭവം. കോഴിക്കോട് സ്വദേശിയും ഡ്രൈവറും ബിസിനസ് ആവശ്യാര്‍ഥം ബെംഗളൂരുവില്‍ പോയി തിരിച്ചു വരുന്നതിനിടെ കൊള്ളസംഘം രണ്ട് കാറുകളിലും ഗുഡ്‌സ് വാഹനത്തിലുമായി പിന്തുടരുകയായിരുന്നു. മുത്തങ്ങക്കടുത്ത കല്ലൂര്‍-67 പാലത്തിന് സമീപം വെച്ച് ഇന്നോവ വാഹനം തടഞ്ഞുനിര്‍ത്തി ഹാമര്‍ കൊണ്ട് വാഹനത്തിന്റെ വിന്‍ഡോ ഗ്ലാസ് അടിച്ചു പൊളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഇവരെ വാഹനത്തില്‍ നിന്ന് വലിച്ചിറക്കി പുറത്തിട്ട് മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് വാഹനവും ലാപ്‌ടോപ്പ്, ടാബ്, മൊബൈൽ ഫോണ്‍, ബാഗുകള്‍ തുടങ്ങിയ മുതലുകളുമായി കടന്നുകളയുകയായിരുന്നു.

അക്രമത്തിനിരയായ കോഴിക്കോട് സ്വദേശികള്‍ ബത്തേരി സ്റ്റേഷനില്‍ പരാതി നല്‍കുകയും പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്യുകയായിരുന്നു. അന്വേഷണത്തിനിടെ വാഹനം പാടിച്ചിറ വില്ലേജിലെ തറപ്പത്തുകവലയിലെ റോഡരികില്‍ തല്ലിപൊളിച്ച് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പൂര്‍ണമായും തകര്‍ന്ന വാഹനത്തിന്റെ ഡാഷ് ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചതോടെയാണ് കേസിലെ പ്രതികള്‍ ഒന്നൊന്നായി പിടിയിലാകാന്‍ തുടങ്ങിയത്. വയനാട് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരിയുടെ നിര്‍ദേശപ്രകാരം ഇന്‍സ്പെക്ടര്‍മാരായ ശ്രീകാന്ത് എസ്. നായര്‍, എം.എ സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.