ഹോട്ടലിലെത്തിയ ആദ്യ സംഘം പിന്നാലെയെത്തിയ യുവാക്കളോട് ബീഫ് ഫ്രൈ വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നം തുടങ്ങിയത്. പറ്റില്ലെന്ന് പറഞ്ഞ് രണ്ടാമത്തെ സംഘം എതിര്‍ത്തതോടെ വാക്കുതര്‍ക്കമായി, പിന്നീട് കൂട്ടത്തല്ലായി മാറി

കോഴിക്കോട്: ഹോട്ടലില്‍ എത്തിയ രണ്ട് മദ്യപസംഘങ്ങള്‍ തമ്മില്‍ ബീഫ് ഫ്രൈയെ ചൊല്ലി സംഘര്‍ഷം. കോഴിക്കോട് നടക്കാവിലാണ് സംഭവം. ഹോട്ടലില്‍ എത്തിയ യുവാക്കളുടെ ഒരു സംഘം, മറ്റൊരു സംഘത്തോട് ബീഫ് ഫ്രൈ വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിന് കാരണം. സംഘര്‍ഷത്തില്‍ പരിക്കേറ്റയാളെ പൊലീസ് പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോട്ടലിലെത്തിയ ആദ്യ സംഘം പിന്നാലെയെത്തിയ യുവാക്കളോട് ബീഫ് ഫ്രൈ വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നം തുടങ്ങിയത്. ബീഫ് ഫ്രൈ വാങ്ങിതരില്ലെന്ന് പറഞ്ഞ് രണ്ടാമത്തെ സംഘം എതിര്‍ത്തതോടെ വാക്കുതര്‍ക്കമുണ്ടാവുകയും സംഘര്‍ഷത്തിലേക്ക് നീങ്ങുകയുമായിരുന്നു.

പൊലീസ് എത്തിയിട്ടും തല്ല് നിർത്തിയില്ല

അക്രമമുണ്ടാക്കിയവര്‍ മദ്യപിച്ചാണ് സ്ഥലത്ത് എത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. തര്‍ക്കം കൈയ്യാങ്കളിയിലേക്ക് നീങ്ങിയപ്പോള്‍ ഹോട്ടല്‍ ജീവനക്കാര്‍ ഇവരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. ഇതോടെ റോഡിലിറങ്ങി ഇരു സംഘവും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടും ഇരുകൂട്ടരും പിന്‍മാറാന്‍ തയ്യാറായില്ല. സംഘര്‍ഷത്തിനിടെ ഒരു യുവാവ് ബോധരഹിതനായി വീഴുകയായിരുന്നു. പൊലീസാണ് ഇയാളെ ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്. നടക്കാവില്‍ ഇതുമൂലം അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.