ഫണ്ട് തിരിമറി ആരോപണത്തിൽ പരാതിക്കാരനായ ലോക്കല്‍ കമ്മറ്റിയംഗത്തോട് വിശദീകരണം തേടി സിപിഎം. ഇരിട്ടിയിലെ നോർത്ത് മലബാർ എജ്യുക്കേഷണല്‍ സൊസൈറ്റിയിലെ ഫണ്ട് തിരിമറി ആരോപണത്തിലാണ് വിശദീകരണം തേടിയത്.

കണ്ണൂർ: കണ്ണൂരിൽ സിപിഎം നേതൃത്വത്തിലുള്ള എജ്യുക്കേഷണല്‍ സൊസൈറ്റിയിലെ ഫണ്ട് തിരിമറി ആരോപണത്തിൽ പരാതിക്കാരനായ ലോക്കല്‍ കമ്മറ്റിയംഗത്തോട് വിശദീകരണം തേടി സിപിഎം. ഉളിക്കല്‍ ലോക്കല്‍ കമ്മറ്റിയംഗം തോമസ് ജോസഫിനോടാണ് വിശദീകരണം തേടിയത്. മാധ്യമങ്ങളോട് സംസാരിച്ചത് അച്ചടക്ക ലംഘനമാണെന്നും നടപടിയെടുക്കാതിരിക്കാന്‍ വിശദീകരണം നല്‍കണമെന്നും നേതൃത്വം തോമസ് ജോസഫിനോട് ആവശ്യപ്പെട്ടു.

പയ്യന്നൂർ ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദം, ഹലാല്‍ ഫായിദ സഹകരണ സംഘത്തിലെ ഫണ്ട് ക്രമക്കേട് ആരോപണം എന്നിവയ്ക്ക് പിന്നാലെ ആണ് ഇരിട്ടിയിലെ നോർത്ത് മലബാർ എജ്യുക്കേഷണല്‍ സൊസൈറ്റിയിൽ ഫണ്ട് തിരിമറി ആരോപണം ഉയർന്നത്. സൊസൈറ്റിയുടെ പേരിൽ ക്രമക്കേട് നടന്നുവെന്നും നേതാക്കൾ നടപടിയെടുത്തില്ലെന്നുമായിരുന്നു ഉളിക്കല്‍ ലോക്കല്‍ കമ്മറ്റിയംഗം തോമസ് ജോസഫിൻ്റെ പരസ്യപ്രതികരണം.

ലോക്കൽ കമ്മിറ്റിയംഗത്തിൻ്റെ സിപിഎമ്മിനെ വെട്ടിലാക്കിയതോടെ പരാതിക്കാരെ പിന്തിരിപ്പിച്ച് പ്രശ്നം ഒതുക്കിത്തീർക്കാൻ നേതൃത്വം ഇടപെട്ടിരുന്നു. പരാതിയിൽ സംഘടനാപരമായ നടപടിയെടുക്കുമെന്ന് ജില്ലാ നേതൃത്വം ഉറപ്പുനൽകിയെന്നും ഇനി പരസ്യപ്രതികരണത്തിനില്ലെന്നും തോമസ് ജോസഫ് അറിയിച്ചിരുന്നു. അതേസമയം തോമസ് ജോസഫിനോട് വിശദീകരണം തേടിയതിന് പിന്നാലെ സൊസൈറ്റി ഭാരവാഹികള്‍ ഓഹരിയുടമകളുടെ ജനറല്‍ ബോഡി വിളിച്ചു. പത്ത് വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഓഹരിയുടമകളുടെ യോഗം വിളിച്ചത്. ഈ മാസം 10ന് ഇരിട്ടിയിലാണ് നോര്‍ത്ത് മലബാർ എജ്യുക്കേഷണല്‍ സൊസൈറ്റി യോഗം വിളിച്ചിരിക്കുന്നത്.