വയനാട്ടിലെ പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിലെ ജനവാസ മേഖലയിൽ കടുവയിറങ്ങിയതിനെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. കടുവയെ കണ്ട പ്രദേശത്ത് നിന്ന് കാണാതായ തോട്ടം കാവൽക്കാരനെ പിന്നീട് കണ്ടെത്തി.
വയനാട്: ജനവാസ മേഖലയിൽ കടുവ ഇറങ്ങിയിട്ടുള്ളതിനാൽ പനമരം ഗ്രാമപഞ്ചായത്തിലെ 6, 7, 8, 14, 15 വാർഡുകളിലും, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5, 6, 7, 19, 20 വാർഡുകളിലും അംഗൻവാടികളും, മദ്രസകളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പരീക്ഷകൾക്കും നാളെ ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. സുരക്ഷ മുൻനിർത്തിയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
അതേസമയം, വയനാട് പച്ചിലക്കാട് പടിക്കംവയൽ പ്രദേശത്ത് നിന്ന് കാണാതായ തോട്ടം കാവൽക്കാരനെ ഇന്ന് കണ്ടെത്തിയിരുന്നു. കോടഞ്ചേരി സ്വദേശിയായ ബേബിയെ (70) ആയിരുന്നു കാണാതായത്. ഇവിടെ കടുവ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രാവിലെ പ്രദേശത്ത് കടുവയെ കണ്ടിരുന്നു. നാട്ടുകാരാണ് വാഴത്തോട്ടത്തിനുള്ളിൽ കടുവയെ കണ്ടത്. ഉടൻതന്നെ പൊലീസിനെയും വനം വകുപ്പിനേയും വിവരമറിയിച്ചു. കടുവ സാന്നിധ്യമുള്ള പ്രദേശത്തുനിന്നാണ് ഇയാളെ കാണാതായത് എന്നുള്ളത് വലിയ ആശങ്കയുളവാക്കിയിരുന്നു.
ഇയാളുടെ മൊബൈൽ ഫോൺ ഷെഡ്ഡിൽ നിന്നും കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്. പ്രദേശത്ത് കടുവയുടെതെന്ന് കരുതുന്ന കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. വനം വകുപ്പിന്റെ ഡ്രോൺ പരിശോധനയും നടന്നുവരികയായിരുന്നു. അതിനിടയിലാണ് തോട്ടം കാവൽക്കാരനെ കാണാതായത്. നാട്ടുകാർക്ക് ജാഗ്രതാ നിർദേശം നൽകിയതായി പൊലീസ് അറിയിച്ചു.


