നാദാപുരത്ത് വസ്ത്ര വിൽപനശാലയിൽ തിരക്കിൽ ഗ്ലാസ് തകർന്ന് 10 പേർക്ക് പരിക്ക്. 99 രൂപയുടെ ഓഫർ പ്രഖ്യാപിച്ചതിനെ തുടർന്നുണ്ടായ തിരക്കിലാണ് അപകടം.

കോഴിക്കോട് : നാദാപുരത്ത് തിക്കിലും തിരക്കിലും വസ്ത്ര വിൽപന ശാലയുടെ ഗ്ലാസ് തകർന്ന് 10 പേർക്ക് പരിക്ക്. ഓഫർ പ്രഖ്യാപനത്തെ തുടർന്നാണ് കടയിൽ തിരക്കേറിയത്. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. സംഭവത്തിൽ നാദാപുരം പൊലീസ് കേസെടുത്തു.

നാദാപുരം കസ്തൂരിക്കുളത്തിന് സമീപത്തുള്ള ബ്ലാക്ക് വസ്ത്ര വ്യാപാര കടയിലാണ് അപകടമുണ്ടായത്. ഇന്ന് കടയിൽ വസ്ത്രങ്ങൾക്ക് വൻ വിലക്കുറവാണ് പ്രഖ്യാപിച്ചിരുന്നത്. ഏത് വസ്ത്രം എടുത്താലും 99 രൂപ എന്നായിരുന്നു ഓഫർ.സമൂഹ മാധ്യമങ്ങളിലൂടെ ഓഫർ പ്രചരിച്ചതോടെ നിരവധി പേരാണ് എത്തിയത്. തുറക്കുന്നത് മുമ്പേ കടക്ക് മുന്നിൽ ആൾക്കൂട്ടം രൂപപ്പെട്ടു. തിരക്കേറിയതോടെ ജീവനക്കാർക്ക് ആളുകളെ നിയന്ത്രിക്കാനായില്ല. ഇതിനിടെയാണ് അപകടമുണ്ടായത്. പൊട്ടിച്ചിതറിയ ചില്ല് ശരീരത്തിൽ തറച്ചാണ് 10 പേർക്ക് പേരിക്കേറ്റത്. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് വസ്ത്ര വ്യാപാര ശാല പൊലീസ് അടപ്പിച്ചു. വടകര സ്വദേശികളുടെ ഉടമസ്ഥതയിലുള്ളതാണ് വ്യാപാര സ്ഥാപനം. സംഭവത്തിൽ നാദാപുരം പൊലീസ് കേസെടുത്തു.